കൺസൾട്ടൻസി സേവനവുമായി സിയാൽ എയ്‌സസ് 

വിമാനത്താവള വികസന പ്രവർത്തന രംഗത്തെ രണ്ടര പതിറ്റാണ്ടിന്റെ അനുഭവ സമ്പത്തുമായി കൊച്ചി രാജ്യാന്തര വിമാനത്താവള ലിമിറ്റഡ് (സിയാൽ) ആഗോള വ്യോമയാന കൺസൾട്ടൻസി രംഗത്തേക്ക് ചുവടുവെക്കുന്നു. ഇതിന്റെ ഭാഗമായി രൂപവൽക്കരിച്ച  സിയാൽ ഏവിയേഷൻ കൺസൾട്ടൻസി ആൻഡ് എക്സ്പെർട്ട് സർവീസസ് (എയ്‌സസ് ) എന്ന സംരംഭത്തിന്റെ ഉദ്ഘാടനം സെപ്റ്റംബർ 24ന് കേരള മുഖ്യമന്ത്രിയും സിയാൽ ചെയർമാനുമായ വി.ഡി.സതീശൻ നിർവഹിക്കും.

വിമാനത്താവള നടത്തിപ്പിൽ നിന്ന് ആഗോളതലത്തിലുള്ള കൺസൾട്ടൻസി  സേവനമാണ് എയ്‌സെസിലൂടെ സിയാൽ ലക്ഷ്യം വയ്ക്കുന്നത്. വിമാനത്താവള നിർമ്മാണം, എൻജിനീയറിങ്, സുരക്ഷ, വാണിജ്യ മാനേജ്മെന്റ്, ഡിജിറ്റൽ വൽക്കരണം, സുസ്ഥിര വികസനം തുടങ്ങിയ വിവിധ മേഖലകളിൽ സിയാൽ ആർജ്ജിച്ച അറിവുകളും പ്രായോഗിക അനുഭവ സമ്പത്തും മറ്റ് വിമാനത്താവളങ്ങൾക്കും വ്യോമയാന സ്ഥാപനങ്ങൾക്കും ലഭ്യമാക്കുകയാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്.

ഇന്ത്യയിലും വിദേശത്തുമുള്ള സർക്കാർ ഏജൻസികൾ, റെഗുലേറ്ററി അതോറിറ്റികൾ, എയർപോർട്ട് ഓപ്പറേറ്റർമാർ, വിമാന കമ്പനികൾ, നിക്ഷേപകർ എന്നിവർക്ക് ഈ സേവനം പ്രയോജനപ്പെടും. രണ്ട് പ്രധാന വിഭാഗങ്ങളായാണ് സിയാൽ എയ്‌സസ് പ്രവർത്തിക്കുന്നത്. വ്യോമയാന കൺസൾട്ടൻസി ആൻഡ് അഡ്വൈസറി, എയർപോർട്ട് മാസ്റ്റർ പ്ലാനിംഗ്, നിർമ്മാണം, വാണിജ്യ മാനേജ്‌മെന്റ്, റെഗുലേറ്ററി കാര്യങ്ങൾ എന്നിവയിൽ തന്ത്രപരമായ ഉപദേശങ്ങളും പിന്തുണയും നൽകുന്നു.

എയർപോർട്ട് സർവീസസ്, ഓഡിറ്റ് ആൻഡ് ടെക്നിക്കൽ സപ്പോർട്ട്, സിയാലിന്റെ വിദഗ്ധരെ നേരിട്ട് വിമാനത്താവളങ്ങളിൽ നിയോഗിച്ച് സാങ്കേതിക പിന്തുണ, ഓഡിറ്റുകൾ, പ്രകടനശേഷി വർദ്ധിപ്പിക്കാനുള്ള ഇടപെടലുകൾ എന്നിവ നടപ്പിലാക്കുന്നു. പരമ്പരാഗത കൺസൾട്ടൻസി രീതികളിൽ നിന്ന് വ്യത്യസ്തമായി പ്രായോഗിക തലത്തിൽ നേരിട്ട് സേവനങ്ങൾ നടപ്പിലാക്കാൻ സഹായിക്കുന്ന മാതൃകയാണ് സിയാൽ എയ്‌സസ് വിഭാവനം ചെയ്യുന്നത്.

എയർപോർട്ട് പ്ലാനിംഗ്, എയർസൈഡ് ഇൻഫ്രാസ്ട്രക്ചർ, കാർഗോ, ഗ്രൗണ്ട് ഹാൻഡ്‌ലിംഗ്, റിയൽ എസ്റ്റേറ്റ് വികസനം, സേഫ്റ്റി ഓർഡറുകൾ തുടങ്ങിയ സമഗ്ര സേവനങ്ങൾ ഇതിലൂടെ ലഭ്യമാകും. കൊച്ചിക്ക് പുറത്തേക്ക് സിയാലിന്റെ പ്രവർത്തന വ്യാപ്തി വർദ്ധിപ്പിക്കുന്നതിനൊപ്പം സുസ്ഥിരമായ പുതിയ വരുമാന സ്രോതസ്സ് സൃഷ്ടിക്കാനും ഈ സംരംഭം വഴിയൊരുക്കുമെന്ന് സിയാൽ മാനേജ്‌മെന്റ് അറിയിച്ചു.