പ്രകൃതി ദുരന്തങ്ങളെ നേരിടാനുള്ള പദ്ധതിക്ക് രൂപരേഖയായി
കേരളത്തെ പ്രളയരഹിതമാക്കാനും പ്രകൃതിദുരന്തങ്ങളെ ശാസ്ത്രീയമായി പ്രതിരോധിക്കാനും ലക്ഷ്യമിട്ടുള്ള ‘കേരള ഫ്ലഡ് റെസിലിയൻസ് ഇനിഷ്യേറ്റീവ്’ പദ്ധതിയുടെ സമഗ്ര രൂപരേഖയായി. ഐ.ഐ.ടി റൂർക്കി, ഐ.ഐ.ടി പാലക്കാട്, ഐ.ഐ.ഐ.ടി കോട്ടയം എന്നീ സ്ഥാപനങ്ങളിലെ വിദഗ്ധ സംഘം ഇത് അവതരിപ്പിച്ചു. മുഖ്യമന്ത്രി വി.ഡി. സതീശനും മറ്റ് മന്ത്രിമാരും യോഗത്തിൽ പങ്കെടുത്തു
തീവ്രമഴ, നഗരങ്ങളിലെ വെള്ളക്കെട്ട്, നദീതീര പ്രളയം, ഉരുൾപൊട്ടൽ, മണ്ണടിയൽ തുടങ്ങിയ വിവിധ വെല്ലുവിളികളെ ശാസ്ത്രീയമായി നേരിടാനുള്ള പദ്ധതിയാണ്വി വിദഗ്ധ സംഘം മുന്നോട്ടുവെച്ചിട്ടുള്ളത്.
കൃത്യമായ പ്രളയ മുന്നറിയിപ്പുകൾ നൽകുന്നതിനും ദുരന്തസാധ്യത മുൻകൂട്ടി തിരിച്ചറിയുന്നതിനുമായി ആർട്ടിഫിഷ്യൽ ഇന്റലിജൻസ്, മെഷീൻ ലേണിംഗ്, റിമോട്ട് സെൻസിംഗ്, ഹൈഡ്രോഡൈനാമിക് മോഡലിംഗ് തുടങ്ങിയ സാങ്കേതികവിദ്യകൾ ഇതിനായി പ്രയോജനപ്പെടുത്തും.
പുഴകളിലും തടാകങ്ങളിലും അടിഞ്ഞുകൂടുന്ന എക്കലും മണ്ണും മാറ്റുന്ന പ്രക്രിയ പ്രകൃതിയെയും വെള്ളത്തിന്റെ ഒഴുക്കിനെയും എങ്ങനെ ബാധിക്കുമെന്ന് ശാസ്ത്രീയമായി പഠിച്ചശേഷം നടപ്പാക്കണമെന്നും സംഘം നിർദേശിച്ചിട്ടുണ്ട്.
പദ്ധതിയുടെ സാങ്കേതിക പ്രായോഗികതയും സാമ്പത്തിക വശങ്ങളും നടപ്പാക്കൽ രീതികളും പരിശോധിച്ച് ഒരു മാസത്തിനകം വിശദമായ റിപ്പോർട്ട് സമർപ്പിക്കാൻ ജലവിഭവ വകുപ്പിനും ദുരന്തനിവാരണ വകുപ്പിനും മുഖ്യമന്ത്രി നിർദേശം നൽകി. ഈ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലായിരിക്കും തുടർനടപടികൾ സ്വീകരിക്കുക.
യോഗത്തിൽ റവന്യു മന്ത്രി എ.പി. അനിൽ കുമാർ, പരിസ്ഥിതി വകുപ്പ് മന്ത്രി സണ്ണി ജോസഫ്, കൃഷി മന്ത്രി ടി. സിദ്ദിഖ്, ജലവിഭവ മന്ത്രി മോൻസ് ജോസഫ്, ചീഫ് സെക്രട്ടറി ബിശ്വനാഥ് സിന്ഹ തുടങ്ങിയവർ പങ്കെടുത്തു.




















