നോർക്ക കെയർ പ്ലസ് ഇൻഷുറൻസ്: പ്രവാസികൾക്ക് അവസരം

പ്രവാസി മലയാളികൾക്കായി സംസ്ഥാന സർക്കാർ നോർക്ക റൂട്ട്സ് മുഖേന നടപ്പാക്കുന്ന ‘നോർക്ക കെയർ പ്ലസ് ’ സമഗ്ര ആരോഗ്യ അപകട ഇൻഷുറൻസ് പദ്ധതിയിൽ അംഗമാകാം. പ്രവാസികൾക്ക് ആഗസ്റ്റ് 18 മുതൽ സെപ്തംബർ 18 വരെയാണ് അവസരം. പുതിയ എൻറോൾമെന്റ്  ഘട്ടത്തിന്റെ ഉദ്ഘാടനം ആഗസ്റ്റ് 18ന്  മുഖ്യമന്ത്രി വി. ഡി.സതീശൻ ചേംബറിൽ  നിർവഹിക്കും.

കേരളത്തിനു പുറത്ത് ഇന്ത്യയിലെ മറ്റു സംസ്ഥാനങ്ങളിലും വിദേശരാജ്യങ്ങളിലുമുളള പ്രവാസി കേരളീയർക്കും കുടുംബാംഗങ്ങൾക്കുമായി നോർക്ക റൂട്ട്സ് നടപ്പാക്കുന്ന ഇൻഷുറൻസ് പദ്ധതികളാണ് നോർക്ക കെയറും നോർക്ക കെയർ പ്ലസും. രാജ്യത്താദ്യമായാണ് പ്രവാസികളുടെ സുരക്ഷയ്ക്കും ക്ഷേമത്തിനുമായി ഒരു  സംസ്ഥാന സർക്കാർ സമഗ്ര ആരോഗ്യ ഇൻഷുറൻസ് പദ്ധതികൾ നടപ്പിലാക്കുന്നതെന്ന് തിരുവനന്തപുരം പ്രസ്‌ ക്ലബ്ബിൽ നടന്ന വാർത്താ സമ്മേളനത്തിൽ നോർക്ക റൂട്ട്സ് ചീഫ് എക്സിക്യുട്ടീവ് ഓഫീസർ രാജേഷ് മാധവൻ അറിയിച്ചു.

2026 മാർച്ച് മാസത്തിലാണ് നോർക്ക കെയർ പ്ലസ് ആരംഭിച്ചത്. ഏപ്രിൽ 12 വരെ നടന്ന എൻറോൾമെന്റിലൂടെ 32,000 പ്രവാസി കുടുംബങ്ങൾ അംഗങ്ങളായി.5 ലക്ഷം,10 ലക്ഷം,15 ലക്ഷം,20 ലക്ഷം, 25 ലക്ഷം, 50 ലക്ഷം, ഒരു കോടി രൂപ എന്നിങ്ങനെയുള്ള ഏഴ് വിവിധ സ്ലാബുകളിൽ പദ്ധതി ലഭ്യമാണ്. പോളിസികളിൽ ഉടമയുടെയോ പങ്കാളിയുടെയോ 80 വയസ്സുവരെയുള്ള മാതാപിതാക്കളെയും ഉൾപ്പെടുത്താം.

നിലവിൽ നോർക്ക കെയറിൽ ഉള്ളവർക്കും നോർക്ക കെയർ പ്ലസിൽ (10 ലക്ഷമോ അതിന് മുകളിലോ) ചേരാനാകും.10 ലക്ഷം മുതൽ 1 കോടി രൂപ വരെയുള്ള പോളിസികളിൽ സമാന തുക ഗ്രൂപ്പ് പേഴ്സണൽ ആക്സിഡന്റ് പരിരക്ഷയായി ഐ.ഡി കാർഡ് ഉടമയ്ക്ക് ലഭിക്കും. നോർക്ക പ്രവാസി ഐ.ഡി, വിദേശത്തുള്ള വിദ്യാർഥികൾക്കായുള്ള സ്റ്റുഡന്റ് ഐ.ഡി, എൻ.ആർ.കെ ഐ.ഡി കാർഡുള്ള പ്രവാസി കേരളീയർക്കാണ് പദ്ധതിയിൽ എൻറോൾ ചെയ്യാനാകുക.

അഞ്ച് ലക്ഷം രൂപയുടെ ആരോഗ്യ ഇൻഷുറൻസും 10 ലക്ഷം രൂപയുടെ ഗ്രൂപ്പ് പേഴ്സണൽ ആക്സിഡന്റ്  പരിരക്ഷയുമാണ് നോർക്ക കെയർ നൽകുന്നത്. 2025 സെപ്റ്റംബർ 22 മുതൽ നവംബർ 30 വരെ സംഘടിപ്പിച്ച ആദ്യഘട്ട എൻറോൾമെന്റിൽ 136 രാജ്യങ്ങളിൽ നിന്നായി 1,32,034 പ്രവാസി കുടുംബങ്ങൾ എൻറോൾ ചെയ്തു. ഇതുവഴി ഏകദേശം അഞ്ച് ലക്ഷത്തോളം കുടുംബാംഗങ്ങൾക്ക് പ്രയോജനം ലഭിക്കുന്നു.

പ്രൈമറി മെമ്പറായ നോർക്ക ഐ.ഡി കാർഡ് ഉടമയ്ക്ക് മാത്രമാണ് ഗ്രൂപ്പ് പേഴ്സണൽ ആക്സിഡന്റ് പരിരക്ഷ ലഭിക്കുക. പൊതുമേഖലാ സ്ഥാപനമായ ന്യൂ ഇന്ത്യ അഷുറൻസ് കമ്പനിയുമായി സഹകരിച്ച് കേരളത്തിലെ 618 ആശുപത്രികൾ ഉൾപ്പെടെ രാജ്യത്തെ 24,000-ത്തോളം ആശുപത്രികൾ വഴി പദ്ധതി പ്രകാരം ക്യാഷ്‌ലെസ് ചികിത്സ ഉറപ്പാക്കുന്നു.

2026 ജൂലൈ 31 വരെയുള്ള കണക്കുകൾ പ്രകാരം നോർക്ക കെയർ, നോർക്ക കെയർ പ്ലസ് പദ്ധതികളിലൂടെ 31,660 ക്ലെയിമുകളിലായി 227 കോടി രൂപയിലധികം ധനസഹായം നൽകിയിട്ടുണ്ട്. നോർക്കാ റൂട്ട്സ് ജനറൽ മാനേജർ പ്രകാശ് പി.ജോസഫ്, സെക് ഷൻ ഓഫീസർ രമണി.കെ തുടങ്ങിയവർ വാർത്താസമ്മേളനത്തിൽ പങ്കെടുത്തു.