സിയാലിന് റെക്കോർഡ് ലാഭം; ഇനി വിമാനത്താവള കൺസൾട്ടൻസിയിലേക്കും

കൊച്ചി അന്തരാഷ്ട്ര എയർപോർട്ട് ലിമിറ്റഡിന് റെക്കോർഡ് ലാഭം. കമ്പനിയുടെ ചരിത്രത്തിലാദ്യമായി സിയാലിന്റെ ലാഭം 500 കോടി കടന്നു. മുഖ്യമന്ത്രി വി.ഡി.സതീശൻ ചെയർമാനായ ആദ്യ ഡയറക്ടർ ബോർഡ് യോഗം സിയാലിന്റെ ഭാവി പദ്ധതികൾക്ക് രുപം നൽകി. മറ്റു വിമാനത്താവളങ്ങൾക്കുള്ള കൺസൾട്ടൻസി സർവീസാണ് ഇതിൽ പ്രധാനം. നിക്ഷേപകർക്ക് 55 ശതമാനം ലാഭവിഹിതം ബോർഡ് ശുപാർശ ചെയ്തു.

2025-26 സാമ്പത്തിക വർഷത്തിൽ 1220 കോടി രൂപ സിയാൽ മൊത്തവരുമാനം നേടി. മുൻവർഷത്തേക്കാൾ 6.6 ശതമാനമാണ് വർധനവ്. അറ്റാദായം 499 കോടി രൂപയിൽ നിന്ന് 502 കോടിയായി ഉയർന്നു. സിയാലിന്റെ ചരിത്രത്തിലാദ്യമായാണ് ലാഭം 500 കോടി കടക്കുന്നത്. നിക്ഷേപകർക്ക് 55 ശതമാനം ലാഭവിഹിതമാണ് ഡയറക്ടർ ബോഡ് ശുപാർശ ചെയ്തത്. സെപ്റ്റംബറിൽ നടക്കുന്ന നിക്ഷേപകരുടെ വാർഷിക പൊതുയോഗത്തിന്റെ അംഗീകാരത്തിന് വിധേയമാണിത്.

സിയാലിന്റെ വളർച്ചയിൽ നിർണായകമായേക്കാവുന്ന നിരവധി തീരുമാനങ്ങൾ ബോർഡ് കൈക്കൊണ്ടിട്ടുണ്ട്. മറ്റു വിമാനത്താവളങ്ങൾക്ക് നൽകുന്ന കൺസൾട്ടൻസി സർവീസ് ആണ് ഇതിൽ പ്രധാനം. രാജ്യത്തെ വ്യോമയാന രംഗത്ത് അടുത്ത 10 വർഷത്തിനുള്ളിൽ 50,000 കോടി രൂപയിലധികം അടിസ്ഥാന സൗകര്യ നിക്ഷേപമാണ് പ്രതീക്ഷിക്കപ്പെടുന്നത്. ഈ സാധ്യത മുന്നിൽ കണ്ടാണ് വിമാനത്താവള കൺസൾട്ടൻസി മേഖലയിലേക്ക് സിയാൽ മുന്നിട്ടിറങ്ങുന്നത്.

വിമാനത്താവളത്തിന്റെ മാസ്റ്റർ പ്ലാൻ, റൺവേ വികസനം, കാർഗോ, ഗ്രൗണ്ട് ഹാൻഡ്ലിങ് സർവീസസ്, ഡ്യൂട്ടി ഫ്രീ, കൊമേഷ്യൽ വികസനം, റിയൽ എസ്റ്റേറ്റ് മാനേജ്‍മെന്റ് എന്നിവയിൽ മറ്റ് വിമാനത്താവളങ്ങൾക്ക് ആവശ്യമായ കൺസൾട്ടൻസി നൽകുകയാണ് ലക്ഷ്യം. 2025-26 സാമ്പത്തിക വർഷത്തിൽ ആകെ 1,14,42,583 യാത്രക്കാരാണ് സിയാൽ വഴി യാത്ര ചെയ്തത്. ഇതേ കാലയളവിൽ 73,134 വിമാന സർവീസുകളും വിമാനത്താവളം കൈകാര്യം ചെയ്തു.

തുടർച്ചയായ നാലാം സാമ്പത്തിക വർഷവും ഒരു കോടിയിലധികം യാത്രക്കാർക്ക് സൗകര്യമൊരുക്കിയ വിമാനത്താവളമെന്ന നേട്ടവും സിയാൽ നിലനിർത്തിയിരുന്നു. ഡയറക്ടർ ബോഡ് യോഗത്തിൽ, ചെയർമാന് പുറമെ ബോർഡ് അംഗങ്ങളായി മന്ത്രിമാരായ പി.കെ. കുഞ്ഞാലിക്കുട്ടി, റോജിഎം.ജോൺ എന്നിവരും ചുമതലയേറ്റു. ഡയറക്ടർമാരായ ബിശ്വനാഥ് സിൻഹ, ഭരത് ഭൂഷൻ,  അരുണാ സുന്ദരരാജൻ, എം.എ. യുസഫ് അലി, എൻ.വി ജോർജ്,  വർഗീസ് ജേക്കബ്, മാനേജിങ് ഡയറക്ടർ എസ്. സുഹാസ് എന്നിവരും  യോഗത്തിൽ പങ്കെടുത്തു.