മഴയിൽ കൃഷിനാശം ഉണ്ടായ കുട്ടനാട് മന്ത്രിമാർ സന്ദർശിച്ചു

ശക്തമായ മഴയിൽ കൃഷിനാശം ഉണ്ടായ കുട്ടനാട്  ഉൾപ്പെടെയുള്ള ആലപ്പുഴയുടെ വിവിധ പ്രദേശങ്ങൾ മന്ത്രിമാർ സന്ദർശിച്ചു. കൃഷി മന്ത്രി ടി.സിദ്ധിഖ്, ജില്ലയുടെ ചുമതലയുള്ള എക്സൈസ് സഹകരണ മന്ത്രി എം.ലിജു, കെ.സി. വേണുഗോപാൽ എം.പി , റെജി ചെറിയാൻ എം.എൽ.എ, ജില്ലാ കളക്ടർ ഷാജി വി.നായർ എന്നിവരാണ് സന്ദര്‍ശനം നടത്തിയത്.

സെന്റ് മേരീസ് ഹയർ സെക്കൻഡറി സ്കൂൾ, ചമ്പക്കുളം പോരൂക്കര  സ്കൂൾ, സെന്റ് ജോസഫ് സ്കൂള്‍ എന്നിവിടങ്ങളിലെ ദുരിതാശ്വാസക്യാമ്പുകളും   മടവീഴ്ചയുണ്ടായ പൊങ്ങമ്പ്ര പാടശേഖരവും സന്ദർശിച്ചു.  കര്‍ഷകരുമായി സംഘം കൂടിക്കാഴ്ചയും നടത്തി.

മഴക്കെടുതിയില്‍ വലിയ തോതില്‍ കൃഷിനാശം സംഭവിച്ചിട്ടുണ്ട്. കനത്ത സാമ്പത്തിക നഷ്ടം  ഉണ്ടായതായും കര്‍ഷകര്‍ പരാതിപ്പെട്ടു. ഓരോ മഴക്കെടുതിയിലും അടിക്കടി മടവീഴ്ച സംഭവിക്കുന്നത് പതിവാണെന്നും അത് തടയാന്‍ ശാശ്വത പരിഹാരം  ഉണ്ടാകണമെന്നതാണ് കർഷകരുടെ ആവശ്യം.സാമ്പത്തിക കാര്യങ്ങൾ ഉൾപ്പെടെ ആശ്വാസകരമായ നടപടികൾ സർക്കാരിന്റെ ഭാഗത്തുനിന്ന് ഉണ്ടാകുമെന്ന് മന്ത്രി ടി.സിദ്ധിഖ് ഉറപ്പ് നൽകി.

മടവീഴ്ചയുണ്ടായ പ്രദേശങ്ങള്‍ ബോട്ടിലെത്തിലെ സന്ദര്‍ശിച്ച് സ്ഥിതിഗതികള്‍ വിലയിരുത്തി. കനത്ത നാശനഷ്ടമുണ്ടായ പുളിങ്കുന്ന് പഞ്ചായത്തിലെ വടക്കേകരി മാടതാനികരി പാടശേഖരവും,  തെക്കേമതി കായൽ പാടവും തെക്കെ മണപ്പിള്ളി പാടശേഖരവും സന്ദർശിച്ചു. 400 ഏക്കർ കൃഷിയാണ് ഇവിടെ മാത്രം നശിച്ചുപോയത്. കര്‍ഷകന്‍റെ അധ്വാനമാണ് പാഴായത്. 45 ദിവസം പ്രായമായ നെല്‍ച്ചെടികൾ നശിച്ചു. കര്‍ഷകന്‍റെ കണ്ണീര്‍ കാണാതിരിക്കാനാവില്ല.

വിവിധ വകുപ്പുകളെ ഏകോപിപ്പിച്ച് കൃഷി പുനരാരംഭിക്കാനുള്ള നടപടികൾ സ്വീകരിക്കും. ബണ്ട്, ‍ട്രാക്ടര്‍ റോഡ് എന്നിവയുടെ പുനഃക്രമീകരണം,  വെള്ളം ഒഴുക്കിക്കളഞ്ഞ് പാടശേഖരം വൃത്തിയാക്കാനുള്ള പമ്പ് സെറ്റ്, വൈദ്യുതി തുടങ്ങി കർഷകർക്ക് ഉണ്ടാകുന്ന വിവിധ പ്രശ്നങ്ങളിൽ വിവിധ വകുപ്പുതലത്തില്‍ ആവശ്യമായ ചര്‍ച്ച നടത്തി കൃത്യമായ നടപടി സ്വീകരിക്കുമെന്നും മന്ത്രി പറഞ്ഞു.

കൃഷിനാശം നേരിട്ട കർഷകർക്ക് പുനഃകൃഷി നടത്തുന്നതിനായി പലിശരഹിത വായ്പ അനുവദിക്കുന്നതുമായി ബന്ധപ്പെട്ട വിഷയങ്ങൾ ചർച്ച ചെയ്യുന്നതിന് വിവിധ ബാങ്കുകളുടെ പ്രതിനിധികളുടെ യോഗം കൃഷി വകുപ്പിന്റെ നേതൃത്വത്തിൽ  സഹകരണ ധനകാര്യ വകുപ്പുകളുടെ സഹകരണത്തോടെ ചൊവ്വാഴ്ച തിരുവനന്തപുരത്ത് ചേരും.