സംസ്ഥാനത്ത് ഒരാൾക്ക് നിപ്പ രോഗബാധ സ്ഥിരീകരിച്ചു

സംസ്ഥാനത്ത് കോഴിക്കോട് ജില്ലയിൽ ഒരാൾക്ക് നിപ്പ രോഗബാധ സ്ഥിരീകരിച്ചതായി ആരോഗ്യ മന്ത്രി കെ. മുരളീധരൻ അറിയിച്ചു.

പൂനെ വൈറോളജി ഇന്‍സ്റ്റിട്യൂട്ടിലെ പരിശോധന ഫലം കാത്തിരിക്കാതെ തോന്നയ്ക്കൽ വൈറോളജി ലാബിലെയും കോഴിക്കോട് മൈക്രോ ബയോളജി ലാബിലെയും ഫലം ലഭിച്ചപ്പോൾത്തന്നെ  പ്രതിരോധ നടപടികൾ ആരംഭിച്ചിരുന്നുവെന്നും ആരോഗ്യ മന്ത്രി പറഞ്ഞു. വ്യാഴാഴ്ച വൈകുന്നേരം ആറുമണിയോടെ പൂനെ നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് വൈറോളജി ലാബില്‍ നിന്നുള്ള ഫലവും ലഭ്യമായി.

രോഗിയെ കോഴിക്കോട് മെഡിക്കൽ കോളേജിൽ ഐ.സി.യുവിൽ പ്രവേശിപ്പിച്ച് ചികിത്സ നൽകുന്നുണ്ട്. രോഗിയുടെ റൂട്ട് മാപ്പ് തയാറാക്കിയിട്ടുണ്ട്. നിലവിൽ രണ്ടുപേരെ വളരെ ഉയർന്ന റിസ്കിലും 13 പേർ ഉയർന്ന റിസ്ക് വിഭാഗത്തിലും ഉൾപ്പെടുത്തിയിട്ടുണ്ട്.  ഇവരോട് ക്വാറന്റൈനിൽ പോകാൻ നിർദ്ദേശിച്ചു.

പട്ടികയിലുള്ള ആർക്കും രോഗ ലക്ഷണങ്ങളില്ല. 62 പേർ കുറഞ്ഞ റിസ്കിലാണ് കണ്ടെത്തിയിട്ടുള്ളത്. ആകെ 77 പേരാണ് സമ്പർക്ക പട്ടികയിലുള്ളത്. ഇവർ നിരീക്ഷണത്തിലാണ്. ഇതിൽ 58 പേർ ആരോഗ്യ പ്രവർത്തകരും14 പേർ കുടുംബാംഗങ്ങളും അഞ്ച് പേർ സുഹൃത്തുക്കളും സഹപ്രവർത്തക രുമാണ്.

കേരളത്തിലെ ലാബുകളിൽ നിന്നുള്ള പരിശോധനാ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ ദ്രുതഗതിയിൽ ഫീൽഡ് തല പ്രതിരോധ പ്രവത്തനങ്ങൾ ആരംഭിച്ചു. കൺടൈന്മെന്റ് സോൺ പ്രഖ്യാപിക്കേണ്ട സാഹചര്യം നിലവിലില്ല. കൂടുതൽ കേസുകൾ റിപ്പോർട്ട് ചെയ്‌താൽ കൺടൈന്മെന്റ് സോൺ ഏർപ്പെടുത്തുന്നത് പരിഗണിക്കും. മെഡിക്കൽ കോളേജിൽ ക്വാറന്റൈൻ സൗകര്യത്തിനായി പ്രത്യേക ബ്ലോക്ക് ഏർപ്പെടുത്തിയിട്ടുണ്ട്.

രാമനാട്ടുകര മുനിസിപ്പാലിറ്റിയിൽ ദ്രുത കർമ്മ സേന യോഗം ചേർന്നു. പി.പി. ഇ കിറ്റ്, ഗ്ലൗസ്, മാസ്ക് തുടങ്ങിയ വ്യക്തിഗത സുരക്ഷാ ഉപകരണങ്ങൾ ലഭ്യമാക്കിയിട്ടുണ്ട്. മരുന്നുകൾക്ക് ക്ഷാമമില്ല. മുൻകരുതലായി ചികിത്സയ്ക്കു വേണ്ടിയുള്ള കൂടുതൽ മരുന്നുകൾ ലഭ്യമാക്കാനുള്ള നടപടികൾ സ്വീകരിച്ചു വരുന്നുണ്ട്. ജനങ്ങൾക്ക് സംശയനിവാരണത്തിനായി ജില്ലാ മെഡിക്കൽ ഓഫീസിൽ കൺട്രോൾ റൂം ആരംഭിച്ചിട്ടുണ്ട് (0495 2373901, 9072007767).