ആയിരം വിമാന സർവ്വീസുകൾ തികച്ച് സിയാൽ ബിസിനസ് ജെറ്റ് ടെർമിനൽ

കൊച്ചി രാജ്യാന്തര വിമാനത്താവളത്തിലെ (സിയാൽ) ബിസിനസ് ജെറ്റ് ടെർമിനൽ ആയിരം വിമാന സർവീസുകൾ തികച്ചു. പ്രവർത്തനം തുടങ്ങി പതിനാലാം മാസത്തിലാണ് ആയിരം ബിസിനസ് ജെറ്റ് ഓപ്പറേഷൻ എന്ന നേട്ടം  ബിസിനസ് ജെറ്റ് ടെർമിനൽ കൈവരിച്ചത്.

കൊച്ചി വിമാനത്താവളത്തിന്റെ രണ്ടാം ടെർമിനലിൽ 40,000 ചതുരശ്രയടി വിസ്തീർണത്തിൽ പണികഴിപ്പിച്ചിട്ടുള്ള ബിസിനസ് ജെറ്റ് ടെർമിനൽ രാജ്യത്തെ ഏറ്റവും ആധുനികവും ആഢംബരം നിറഞ്ഞതുമാണ്. പറക്കാം പ്രൗഢിയോടെ എന്ന ടാഗ് ലൈനുമായി അവതരിപ്പിക്കപ്പെട്ട ബിസിനസ് ജെറ്റ് ടെർമിനൽ അതിവേഗം ദേശീയ ശ്രദ്ധയാകർഷിച്ചു.

‘എയർക്രാഫ്റ്റ് ഡോർ ടു കാർ ഡോർ ഇൻ 2 മിനിട്‌സ് ‘ എന്ന സൗകര്യവും ടെർമിനലിനെ പ്രശസ്തമാക്കി. ചാർട്ടർ വിമാനത്തിൽ ഇവിടെയെത്തുന്ന യാത്രക്കാർക്ക് രണ്ടുമിനിട്ടിൽ എയർക്രാഫ്റ്റിൽ നിന്ന് സ്വന്തം കാറിലേക്ക് എത്താം എന്നതാണ് ഈ സവിശേഷത. രാജ്യാന്തര യാത്രക്കാർക്കായി പ്രത്യേക കസ്റ്റംസ്, ഇമിഗ്രേഷൻ കൗണ്ടറുകളും ചെറിയൊരു ഡ്യൂട്ടിഫ്രീ ഷോപ്പും സജ്ജമാക്കിയിട്ടുണ്ട്.

2023 ഏപ്രിലിൽ ലക്ഷദ്വീപിൽ നടന്ന ജി.20 യോഗത്തിൽ പങ്കെടുക്കാനായി വിവിധ രാജ്യങ്ങളിൽ നിന്നുള്ള പ്രതിനിധികളുമായി ഒരു ഡസനോളം ചാർട്ടർവിമാനങ്ങൾ ഈ ടെർമിനലിൽ എത്തിയിരുന്നു. 2023 സെപ്റ്റംബറിൽ ചാർട്ടേർഡായി ഒരു ബോയിങ് 737 വിമാനം തന്നെ എത്തി. വിവിധ രാജ്യങ്ങളിൽ നിന്നുള്ള 58 യാത്രക്കാരാണ് അന്ന് സിയാൽ ബിസിനസ് ജെറ്റ് ടെർമിനലിൽ എത്തിയത്.

2024-ൽ രണ്ടുമാസത്തിനുള്ളിൽ 120 സർവീസുകൾ സിയാൽ ബിസിനസ് ജെറ്റ് ടെർമിനൽ കൈകാര്യം ചെയ്തിട്ടുണ്ട്. ഈ വർഷം സർവീസുകൾ 1200 കടക്കുമെന്നാണ് പ്രതീക്ഷയെന്ന് സിയാൽ മാനേജിങ് ഡയറക്ടർ എസ്.സുഹാസ് പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *