സംസ്ഥാന സ്ക്കൂൾ കലോത്സവം: സ്വർണ്ണ കപ്പുമായി കണ്ണൂര്‍

കൊല്ലത്ത് 14000 പ്രതിഭകൾ മാറ്റുരച്ച സ്ക്കൂൾ കലോത്സവത്തിൽ 952 പൊയന്റ് നേടി കണ്ണൂര്‍ ജില്ല 101 പവൻ്റെ സ്വർണ്ണ കപ്പ് കരസ്ഥമാക്കി. 949 പൊയന്റ് നേടി കോഴിക്കോട് ജില്ല രണ്ടാം സ്ഥാനവും 938 പൊയൻ്റോടെ പാലക്കാട് ജില്ല മൂന്നാം സ്ഥാനവും കരസ്ഥമക്കി. 23 വർഷത്തിന്‌ ശേഷമാണ് സ്വർണ്ണ കപ്പ്  കണ്ണൂരിലെത്തുന്നത്. 1998, 2000 വർഷങ്ങളിൽ കണ്ണൂർ കപ്പ് നേടിയിരുന്നു.

കഴിഞ്ഞ വർഷത്തെ ജേതാക്കളായ കോഴിക്കോടിനെ പിന്തള്ളിയാണ് കണ്ണൂർ കലാ കിരീടം ചൂടിയത്. ഏഷ്യയിലെ ഏറ്റവും വലിയ കൗമാര കലാമേളയിൽ അഞ്ച് ദിവസം 24 വേദികളിലായാണ് മത്സരങ്ങൾ നടന്നത്. കൊല്ലം ഹൃദയത്തിലേക്ക് കലോത്സവത്തെ ഏറ്റെടുത്തതാണ് കാണാന്‍ സാധിച്ചതെന്ന് സമാപന സമ്മേളനം ഉദ്ഘാടനം ചെയ്ത പ്രതിപക്ഷ നേതാവ് വി.ഡി.സതീശന്‍ പറഞ്ഞു.

എല്ലാം മറന്ന് എല്ലാവരും ഒന്നായി ചേര്‍ന്ന് യുവകലാകാരന്മാരുടെ ഉദയത്തിനു വേണ്ടി ഒത്തുകൂടുന്ന വേദികളാണ് കലോത്സവ വേദികള്‍. പരാതികള്‍ കുറഞ്ഞുവരുന്ന കലോത്സവങ്ങള്‍ സംഘാടന മികവ് തെളിയിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു. ജനപങ്കാളിത്തത്തില്‍ കൊല്ലത്ത് നടന്ന കലോത്സവം ചരിത്രത്താളുകളില്‍ രേഖപ്പെടുത്തുമെന്ന് അധ്യക്ഷത വഹിച്ച ധനകാര്യ മന്ത്രി കെ.എന്‍.ബാലഗോപാല്‍ പറഞ്ഞു.

വിജയപരാജയങ്ങള്‍ കലാപ്രകടനങ്ങളെ ബാധിക്കരുത്, ഒരു പ്രകടനം ഒരിക്കലും കഴിവിന്റെ അളവുകോല്‍ അല്ല എന്ന് മുഖ്യാഥിതിയായ നടൻ മമ്മൂട്ടി പറഞ്ഞു. വിവേചനം ഇല്ലാത്ത കൂടിചേരലുകളുടെ മാതൃകകളാണ് കാലോത്സവങ്ങള്‍ എന്നും അദ്ദേഹം പറഞ്ഞു.  സമാപന സമ്മേളനത്തിന് മുമ്പ് എല്ലാ മത്സരങ്ങളുടെയും ഫലം പ്രഖ്യാപിക്കാന്‍ സാധിച്ചതും കൃത്യ സമയ പാലനവും ചരിത്രത്തില്‍ ആദ്യമായിട്ടാണ്. അത് സ്വർണ്ണ ലിപികളില്‍ ചരിത്ര താളില്‍ രേഖപ്പെടുത്തുമെന്ന് മന്ത്രി വി. ശിവന്‍കുട്ടി പറഞ്ഞു .

കലോത്സവത്തിന്റെ സുവനീര്‍ പ്രകാശനം ചടങ്ങില്‍ മന്ത്രി ജി.ആര്‍. അനില്‍ നിര്‍വഹിച്ചു. മന്ത്രിമാരായ ജെ. ചിഞ്ചുറാണി, സജി ചെറിയാന്‍ എം.എല്‍.എ മാരായ എം.മുകേഷ്, എം.നൗഷാദ്, കോവൂര്‍ കുഞ്ഞുമോന്‍, പി.എസ്. സുപാല്‍, പി.സി. വിഷ്ണുനാഥ് , മേയര്‍ പ്രസന്ന ഏണസ്റ്റ് തുടങ്ങിയര്‍ പങ്കെടുത്തു.

മത്സരങ്ങളെക്കാള്‍ തെളിഞ്ഞു കാണുന്നത്
സൗഹൃദങ്ങള്‍  -മമ്മൂട്ടി

കലോത്സവ വേദികളില്‍ പരസ്പര മത്സരങ്ങളെക്കാള്‍ കൂടുതലായി കാണുന്നത് സൗഹൃദങ്ങളാണെന്ന് നടന്‍ മമ്മൂട്ടി പറഞ്ഞു. കലോത്സവങ്ങളില്‍ നേടുന്ന വിജയം ഒന്നിനും അവസാന

വാക്കല്ല. തേച്ചാല്‍ മിനുങ്ങുന്നത് തന്നെയാണ് പ്രതിഭ. കലോത്സവ വേദികളിലെ പ്രകടനം കേവലം ഒറ്റപ്പെട്ട പ്രകടനം മാത്രമാണ്. അതല്ല പ്രതിഭയുടെ അളവുകോല്‍. എന്നാല്‍ കലോത്സവ വേദികളില്‍ കാണുന്ന സൗഹൃദം പകരം വയ്ക്കാന്‍ ആകാത്തതാണ്.

മത്സരിക്കുന്ന  സുഹൃത്തിന്റെ വിജയത്തില്‍ പോലും ആഹ്ലാദം കണ്ടെത്തുന്നതാണ് കാണാന്‍ കഴിയുന്നത്. വിജയ കിരീടത്തെക്കാള്‍ വലിയ സുവര്‍ണ നേട്ടങ്ങളായിരിക്കും അത്തരം സൗഹൃദങ്ങള്‍  എന്നും മലയാളത്തിന്റെ മഹാനടന്‍ പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *