കുഴല്‍ക്കിണര്‍ നിര്‍മ്മിക്കാം; കര്‍ഷകര്‍ക്ക് 50 ശതമാനം സബ്‌സിഡി

ഭൂജല വകുപ്പ് കണ്ണൂർ ജില്ലാ ഓഫീസിലെ പുതിയ കുഴല്‍ കിണര്‍ നിര്‍മ്മാണ റിഗ്ഗ് പ്രവര്‍ത്തനം തുടങ്ങി. രണ്ടു വാഹനങ്ങളടങ്ങിയ അത്യാധുനിക നിര്‍മ്മാണ യൂണിറ്റിന് 500 അടി വരെ കുഴിക്കാനാകും. ഇന്ധനച്ചെലവും കുറവാണ്. ഇതോടെ ജലലഭ്യതയുള്ള സ്ഥലങ്ങള്‍ ശാസ്ത്രീയമായ രീതിയില്‍ കണ്ടെത്തി പൊതുജനങ്ങള്‍ക്കും സ്ഥാപനങ്ങള്‍ക്കും കുഴല്‍ക്കിണറുകള്‍ നിര്‍മ്മിച്ചുനല്‍കാന്‍ ഭൂജലവകുപ്പിന് കഴിയും.

ചെറുകിട കര്‍ഷകര്‍ക്ക് 50 ശതമാനം സബ്‌സിഡി ലഭിക്കും. ഭൂജലവകുപ്പ് സ്ഥാന നിര്‍ണയം നടത്തി കുഴിക്കുന്ന കുഴല്‍ക്കിണറുകള്‍ പരാജയപ്പെട്ടാല്‍ നിര്‍മാണ ചെലവിന്റെ 75 ശതമാനം തുക ഉപഭോക്താവിന് തിരിച്ചു ലഭിക്കും. സ്ഥാനനിര്‍ണയം നടത്തുന്നതിന് വ്യക്തികള്‍ക്ക് (കൃഷിക്കോ, വീട്ടാവശ്യത്തിനോ) 585 രൂപ, സ്ഥാപനങ്ങള്‍ക്കും ത്രിതല പഞ്ചായത്തുകള്‍ക്കും 1935 രൂപ, വ്യവസായങ്ങള്‍ക്കും മറ്റ് ആവശ്യങ്ങള്‍ക്കും 3680 രൂപ എന്നിങ്ങനെയാണ് ഫീസ്.

നാലര ഇഞ്ച് വ്യാസമുള്ള ബോര്‍ വെല്‍ നിര്‍മ്മിക്കാന്‍ മീറ്ററിന് 390 രൂപയും പൈപ്പിന്റെ വിലയും, ആറ് ഇഞ്ച് വ്യാസമുള്ളതിന് മീറ്ററിന് 665 രൂപയും പൈപ്പിന്റെ വിലയും എന്നിങ്ങനെയാണ് നിരക്ക്. ആറിഞ്ച് വ്യാസമുള്ള ട്യൂബ് കിണറുകള്‍ നിര്‍മ്മിക്കാന്‍ മീറ്ററിന് 2315 രൂപയും പൈപ്പിന്റെ വിലയും, എട്ടിഞ്ച് വ്യാസമുള്ളതിന് 2980 രൂപയും പൈപ്പിന്റെ വിലയും അടയ്ക്കണം.

നിലവിലുള്ള കുഴല്‍ കിണറുകള്‍ ഫ്ലഷിംഗ് നടത്തി വൃത്തിയാക്കുന്ന പദ്ധതിയും റിഗ്ഗ് ഉപയോഗിച്ച് ചെയ്യുന്നുണ്ട്. ഒരു ഫ്ലഷിംഗ് നടത്തുന്നതിന് ജി.എസ്.ടി ഉള്‍പ്പെടെ 6832 രൂപയാണ് ഈടാക്കുന്നത്. കുഴല്‍ കിണര്‍ നിര്‍മ്മിക്കാന്‍ ആദ്യം ഭൂജല പര്യവേക്ഷണത്തിനാണ് അപേക്ഷ സമര്‍പ്പിക്കേണ്ടത്. സ്ഥലം പരിശോധിച്ച് നിര്‍മാണത്തിന് അനുയോജ്യമെങ്കില്‍ ഫീസിബിലിറ്റി സര്‍ട്ടിഫിക്കറ്റ് ലഭിക്കും.

അതിനുശേഷം അതത് തദ്ദേശ സ്വയംഭരണ സ്ഥാപനത്തിന്റെ അനുമതി വാങ്ങണം. ചെറുകിട കര്‍ഷകര്‍ക്ക് കൃഷി ഓഫീസറുടെ സര്‍ട്ടിഫിക്കറ്റ് ഹാജരാക്കിയാൽ ഡ്രില്ലിംഗ് ചാര്‍ജ്ജിന്റെ പകുതി സബ്ബ്‌സിഡി അനുവദിക്കും. എസ്റ്റിമേറ്റ് അനുസരിച്ചുള്ള തുക മുന്‍കൂട്ടി വകുപ്പില്‍ ഡെപ്പോസിറ്റ് ചെയ്യണം. സിവില്‍ സ്റ്റേഷന്‍ അനക്‌സ് കെട്ടിട പരിസരത്ത് നടന്ന പരിപാടിയില്‍ റിഗ്ഗ് ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് പി. പി. ദിവ്യ ഉദ്ഘാടനം ചെയ്തു. ഭൂജല വകുപ്പ് ജില്ലാ ഓഫീസര്‍ ബി.ഷാബി, അസി.എക്‌സിക്യൂട്ടീവ് എഞ്ചിനിയര്‍ കെ. പി.ധനേശന്‍ തുടങ്ങിയര്‍ പങ്കെടുത്തു.

Leave a Reply

Your email address will not be published. Required fields are marked *