ഗുരുവായൂർ ഇൻസ്റ്റിറ്റ്യൂട്ട് ഫോർ വേദിക് സ്റ്റഡീസ് ഉദ്ഘാടനം ചെയ്തു

ഗുരുവായൂർ ദേവസ്വം ഇൻസ്റ്റിറ്റ്യൂട്ട് ഫോർ വേദിക് ആൻ്റ് കൾച്ചറൽ സ്റ്റഡീസ് ദേവസ്വം മന്ത്രി  കെ.രാധാകൃഷ്ണൻ ഉദ്ഘാടനം ചെയ്തു.
വേദങ്ങളിലെ നന്മയുടെ അംശങ്ങൾ ഉൾക്കൊണ്ടു മുന്നേറാൻ  കഴിയണമെന്ന് ദേവസ്വം മന്ത്രി പറഞ്ഞു.

വേദങ്ങൾ വ്യാഖ്യാനിക്കാൻ ഒരുപാട് സാധ്യതകളുണ്ട്. മനുഷ്യർക്ക് നന്മ ചെയ്യുന്നതിനാകണം വ്യാഖ്യാനത്തിൽ പ്രാധാന്യം നൽകേണ്ടത്. ദേവസ്വം വേദപഠന ഇൻസ്റ്റിറ്റ്യൂട്ട് വലിയ സ്ഥാപനമായി മാറാനുള്ള എല്ലാ ഭൗതിക സാഹചര്യങ്ങളും ദേവസ്വത്തിലുണ്ട്. വേദ-സംസ്കാര പഠനകേന്ദ്രം തുടങ്ങിയ ഗുരുവായൂർ ദേവസ്വം ഭരണസമിതിയെ അഭിനന്ദിക്കുന്നതായും മന്ത്രി പറഞ്ഞു.

പുന്നത്തൂർ ആനക്കോട്ടയിലെ നവീകരിച്ച പാർക്കിങ്ങ് യാർഡിൻ്റെ സമർപ്പണവും കൃഷ്ണനാട്ടം ആട്ടപ്രകാരം  രണ്ടാം ഭാഗത്തിൻ്റെ പ്രകാശനവും മന്ത്രി നിർവ്വഹിച്ചു. ദേവസ്വം ഭരണസമിതി അംഗം മല്ലിശേരി പരമേശ്വരൻ നമ്പൂതിരിപ്പാട്  കൃഷ്ണനാട്ടം ആട്ടപ്രകാരം രണ്ടാം ഭാഗം ഏറ്റുവാങ്ങി.

ദേവസ്വം ചെയർമാൻ ഡോ.വി.കെ.വിജയൻ  അധ്യക്ഷത വഹിച്ചു. എൻ.കെ.അക്ബർ എം.എൽ. എ.മുഖ്യാതിഥിയായിരുന്നു. നഗരസഭ ചെയർമാൻ എം.കൃഷ്ണദാസ് വിശിഷ്ടാതിഥിയായി. സി.മനോജ്, ചെങ്ങറ സുരേന്ദ്രൻ, വി.ജി.രവീന്ദ്രൻ, കെ.ആർ.ഗോപിനാഥ്, മനോജ് ബി. നായർ, ശോഭ ഹരി നാരായണൻ,  കെ.പി.വിനയൻ എന്നിവർ സന്നിഹിതരായി.

Leave a Reply

Your email address will not be published. Required fields are marked *