നെഹ്‌റുട്രോഫി രാജ്യത്തിൻ്റെ ചരിത്രത്തിൽ അടയാളപ്പെടുത്തിയ വള്ളംകളി- മുഖ്യമന്ത്രി
രാജ്യത്തിൻ്റെ ചരിത്രത്തിൽ അടയാളപ്പെടുത്തിയ പ്രധാന വള്ളംകളിയാണ് നെഹ്‌റുട്രോഫിയെന്ന് മുഖ്യമന്ത്രി വി.ഡി. സതീശൻ പറഞ്ഞു. നെഹ്റുട്രോഫി വള്ളംകളി നെഹ്റു പവലിയനിൽ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി.
ഇന്ത്യയുടെ യുഗപ്രഭാവനായ പ്രഥമ പ്രധാനമന്ത്രി പണ്ഡിറ്റ് നെഹ്‌റു ആവേശപൂർവം ഇവിടെയെത്തി ഈ മത്‌സരത്തിൽ പങ്കാളിയായിട്ടുണ്ട്. 1953 ജനുവരി നാലിന് അദ്ദേഹം രാജ്യത്തെ എല്ലാ മുഖ്യമന്ത്രിമാർക്കും എഴുതിയ കത്തിൽ നമ്മുടെ വള്ളംകളിയെക്കുറിച്ച്
വളരെ വികാരനിർഭരമായാണ് വിവരിച്ചത്.
ചരിത്രത്തിൽ പണ്ഡിറ്റ് ജവഹർലാൽ നെഹ്‌റുവിൻ്റെ കയ്യൊപ്പ് പതിഞ്ഞ ഈ മത്സരം മലയാളികൾക്ക് എല്ലാവർക്കും ഒന്നിച്ചുകൂടാനുള്ള അവസരമാണെന്നും അതിൽ പങ്കു ചേരാൻ കഴിഞ്ഞതിൽ വളരെയധികം സന്തോഷമുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു. മന്ത്രി എം. ലിജു അധ്യക്ഷനായി.
ചരിത്രപ്രസിദ്ധമായ നെഹ്‌റു ട്രോഫി ജലമേളയിൽ പങ്കാളിയായതിൽ ഏറെ സന്തോഷമുണ്ടെന്നും കർണാടകയും കേരളവും സഹോദര സംസ്ഥാനങ്ങളാണെന്നും മുഖ്യാതിഥിയായ കർണാടക മുഖ്യമന്ത്രി ഡി.കെ.ശിവകുമാർ പറഞ്ഞു.
രാജ്യത്തിന്റെ പ്രഥമ പ്രധാനമന്ത്രി പണ്ഡിറ്റ് ജവഹർലാൽ നെഹ്‌റു മുന്നോട്ടുവെച്ച വലിയൊരു സന്ദേശത്തിന്റെ തുടർച്ചയാണ് ഈ ചരിത്രപ്രസിദ്ധമായ ജലമേള. ഇത്തരമൊരു മഹത്തായ ജലമേളയിൽ പങ്കാളിയാകാൻ കഴിഞ്ഞതിൽ ഏറെ അഭിമാനമുണ്ട്. കർണാടകയും കേരളവും സഹോദര സംസ്ഥാനങ്ങളാണ്. സംസ്കാരം, കാലാവസ്ഥ, ജലം തുടങ്ങിയവയെല്ലാം പങ്കുവെക്കുന്നവരാണ് നാം.ഓണാഘോഷങ്ങൾക്ക് ആശംസകൾ നേർന്ന അദ്ദേഹം ജലമേളയിൽ പങ്കെടുക്കുന്ന തുഴച്ചിൽകാർക്ക് വിജയാശംസകളും നേർന്നു.
ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല മാസ് ഡ്രിൽ ഫ്ലാഗ് ഓഫ് ചെയ്തു. നെഹ്റു ട്രോഫി വള്ളംകളി കേരളത്തെയും ലോകത്തെയും ഒരുപോലെ വിസ്മയിപ്പിക്കുന്ന അതിമനോഹരമായ ജലോത്സവമാണെന്ന് ആഭ്യന്തര മന്ത്രി പറഞ്ഞു.
കുട്ടനാടിന്റെയും അപ്പർ കുട്ടനാടിന്റെയും ആലപ്പുഴയുടെയും സൗന്ദര്യവും ഐക്യവുമാണ് ഈ മത്സരമെന്നും വാശിയും വീറും ഉണ്ടെങ്കിലും യോജിപ്പോടെ ഒറ്റക്കെട്ടായി നടത്തുന്ന ഈ മത്സരം കാണാൻ ലോകം മുഴുവൻ കാത്തിരിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. ടൂറിസം മന്ത്രി പി. സി. വിഷ്ണുനാഥ് പതാക ഉയർത്തി.
കെ.സി. വേണുഗോപാൽ എം.പി മുഖ്യപ്രഭാഷണം നടത്തി. നെഹ്‌റു ട്രോഫി ജലമേള കുട്ടനാടിന്റെ കായൽ പരപ്പിലെ ഒളിംപിക്സ് ആണെന്ന് പറഞ്ഞ എം.പി വള്ളംകളി വെറുമൊരു കായിക മത്സരമല്ല മറിച്ച് തുഴച്ചിൽക്കാരുടെയും തൊഴിലാളികളുടെയും കഠിനാധ്വാനത്തിന്റെ ആവേശോജ്ജ്വലമായ പ്രകടനമാണെന്നും ചൂണ്ടിക്കാട്ടി.
വള്ളംകളി സ്മരണിക പ്രകാശനം കൊടിക്കുന്നിൽ സുരേഷ് എം.പി. നിർവഹിച്ചു. ഡെപ്യൂട്ടി സ്പീക്കർ ഷാനിമോൾ ഉസ്മാൻ വിശിഷ്ടാതിഥികളെ ആദരിച്ചു. എം.എൽ.എമാരായ എ.ഡി.തോമസ്, റെജി ചെറിയാൻ, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് എ. മഹേന്ദ്രൻ, നഗരസഭാ അധ്യക്ഷ മോളി ജേക്കബ്, ജില്ലാ കളക്ടർ ഷാജി വി. നായർ തുടങ്ങിയവർ പങ്കെടുത്തു.




















