സംസ്ഥാനതല കർഷക ദിനാഘോഷം ഉദ്ഘാടനം ചെയ്തു
കാലാവസ്ഥാ വ്യതിയാനവും പ്രകൃതിക്ഷോഭങ്ങളും കാരണം കടുത്ത പ്രതിസന്ധി നേരിടുന്ന കർഷകരെ ചേർത്തുപിടിച്ചുള്ള പുതിയ കാർഷിക നയങ്ങളും പദ്ധതികളുമായി സർക്കാർ ഒപ്പമുണ്ടാകുമെന്ന് മുഖ്യമന്ത്രി വി.ഡി. സതീശൻ പറഞ്ഞു. കളമശ്ശേരിയിൽ സംസ്ഥാനതല കർഷക ദിനാഘോഷ പരിപാടി ഉദ്ഘാടനം ചെയ്യുക യായിരുന്നു അദ്ദേഹം.
നാടിന് അന്നം തരുന്ന കർഷകരോടുള്ള ആദരവും കാർഷിക വൃത്തിയോടുള്ള ബഹുമാനവുമാണ് കർഷകദിന ആഘോഷങ്ങളിലൂടെ നാട് പ്രകടിപ്പിക്കുന്നത്. ആഗോളതലത്തിൽ കാലാവസ്ഥാ വ്യതിയാനം മൂലം കർഷകർ വലിയ പ്രതിസന്ധി നേരിടുകയാണ്. മുൻകാലങ്ങളിൽ ആകാശവും നിഴലും നോക്കി കൃത്യമായി കാലാവസ്ഥ പ്രവചിച്ചിരുന്ന രീതി മാറി. ഇന്ന് കാർഷിക കലണ്ടർ തന്നെ താളംതെറ്റിയ അവസ്ഥയിലാണ്. ഇത്തരം പ്രതിസന്ധികളുടെ ആദ്യ ഇരകൾ പാവപ്പെട്ട കർഷകരാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
സംസ്ഥാനത്ത് കാർഷികവൃത്തി തിരിച്ചുകൊണ്ടുവരാൻ ശക്തമായ പിന്തുണയാണ് സർക്കാർ ഉറപ്പുനൽകുന്നത്. അധികാരത്തിലേറി രണ്ടു മാസത്തിനുള്ളിൽ തന്നെ നെൽകർഷകർക്കുള്ള അധ്വാനഫലം ലഭ്യമാക്കാൻ നടപടിയെടുത്തു. റബ്ബറിന്റെ വില 200 രൂപയിൽ നിന്ന് 250 രൂപയായി ഉയർത്തിയത് ഉടൻ തന്നെ 300 രൂപയാക്കും. പ്രളയത്തിലും പ്രകൃതിക്ഷോഭങ്ങളിലും ഉണ്ടാകുന്ന കൃഷിനാശത്തിനുള്ള നഷ്ടപരിഹാര തുക 25 ശതമാനം വർദ്ധിപ്പിച്ചിട്ടുണ്ട്.
സംസ്ഥാനത്തെ ഭൂനിയമങ്ങളിൽ ആവശ്യമായ ഭേദഗതികൾ വരുത്തി ‘രണ്ടാം ഭൂപരിഷ്കരണത്തിന്’ സർക്കാർ തുടക്കമിടും. പൂട്ടിക്കിടക്കുന്ന തോട്ടങ്ങൾ തുറന്നുപ്രവർത്തിപ്പിക്കാനും അവിടെ കാർഷിക വ്യവസ്ഥയ്ക്കും പരിസ്ഥിതിക്കും കോട്ടംതട്ടാത്ത രീതിയിൽ ടൂറിസം, മൾട്ടി-ക്രോപ്പിംഗ് (അവക്കാഡോ, റംബുട്ടാൻ തുടങ്ങിയവ) എന്നിവ പ്രോത്സാഹിപ്പിക്കാനും നടപടിയുണ്ടാകും. ചടങ്ങിൽ പാരമ്പര്യ വിത്ത് സംരക്ഷകൻ ചെറുവയൽ രാമന് ഉമ്മൻ ചാണ്ടിയുടെ നാമധേയത്തിലുള്ള പ്രഥമ അവാർഡും മറ്റ് കർഷക അവാർഡുകളും മുഖ്യമന്ത്രി വിതരണം ചെയ്തു.
കൃഷി മന്ത്രിഅഡ്വ. ടി. സിദ്ദിഖ് അധ്യക്ഷത വഹിച്ചു. മന്ത്രിമാരായ വി.ഇ. അബ്ദുൾ ഗഫൂർ, റോജി എം. ജോൺ, എം.പിമാരായ ബെന്നി ബഹനാൻ, ഹൈബി ഈഡൻ, അഡ്വ. ഹാരിസ് ബീരാൻ, അഡ്വ. ജെബി മേത്തർ, അഡ്വ. കെ. ഫ്രാൻസിസ് ജോർജ്, എം.എൽ.എമാരായ അൻവർ സാദത്ത്, ടി.ജെ. വിനോദ്, ഉമ തോമസ്, മാത്യു കുഴൽനാടൻ, മനോജ് മൂത്തേടൻ, ടോണി ചമ്മണി, മുഹമ്മദ് ഷിയാസ്, ദീപക് ജോയ്, മേയർ അഡ്വ. മിനിമോൾ വി.കെ., എറണാകുളം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.ജി രാധാകൃഷ്‌ണൻ, അഡീഷണൽ ചീഫ് സെക്രട്ടറിയും കാർഷികോത്പാദന കമ്മീഷണറുമായ മിൻഹാജ് ആലം, സ്പെഷ്യൽ സെക്രട്ടറി ടി.വി.സുഭാഷ്, ജില്ലാ കളക്ടർ ജി. പ്രിയങ്ക, കളമശ്ശേരി മുനിസിപ്പൽ ചെയർമാൻ ജമാൽ മണക്കാടൻ തുടങ്ങിയവർ സംബന്ധിച്ചു.




















