സിയാലിലേക്ക് വാട്ടർ മെട്രോ: സാധ്യതാപഠനത്തിന്  ധാരണാപത്രം

ആലുവ മെട്രോ സ്റ്റേഷനിൽ നിന്ന് പെരിയാർ നദിയിലൂടെ കൊച്ചി അന്താരാഷ്ട്ര വിമാനത്താവളം (സിയാൽ) വരെ വാട്ടർ മെട്രോ സർവീസ് വിപുലീകരിക്കുന്നതിനുള്ള സാധ്യതാപഠനം നടത്തുന്നു. ഇതിൽ സഹകരിക്കുന്നതിന് കൊച്ചി മെട്രോ റെയിൽ ലിമിറ്റഡ് എസ്‌.സി.എം.എസ് വാട്ടർ ഇൻസ്റ്റിറ്റ്യൂട്ടുമായി ധാരണാപത്രം ഒപ്പുവെച്ചു.

എസ്‌.സി.എം.എസ് ഗ്രൂപ്പ് ഓഫ് എജുക്കേഷണൽ ഇൻസ്റ്റിറ്റ്യൂഷൻസിന്റെ എക്സിക്യൂട്ടീവ് ചെയർമാൻ പ്രൊഫ. പ്രമോദ് തേവന്നൂരും കെ.എം.ആർ.എൽ ജനറൽ മാനേജർ (സിവിൽ) എം. ജോപോളും ധാരണാപത്രത്തിൽ ഒപ്പുവെച്ചു. കെ.എം.ആർ.എൽ മാനേജിംഗ് ഡയറക്ടർ ലോക്‌നാഥ് ബെഹ്റയുടെ സാന്നിധ്യത്തിൽ ധാരണാപത്രം കൈമാറുകയും ചെയ്തു.

സംയോജിതവും കാര്യക്ഷമവും പരിസ്ഥിതി സൗഹൃദവുമായ ബഹുമുഖ ഗതാഗത സംവിധാനം ഒരുക്കുന്നതിന്റെ ഭാഗമായാണ് ആലുവ മെട്രോ സ്റ്റേഷനെയും സിയാലിനെയും ബന്ധിപ്പിക്കുന്ന വാട്ടർ മെട്രോ സർവീസിനായുള്ള സമഗ്ര സാധ്യതാപഠനം ആരംഭിക്കുന്നത്. യാത്രക്കാർക്ക് തടസ്സരഹിതമായ ജലഗതാഗത സംവിധാനം ഒരുക്കുന്നതിനൊപ്പം മേഖലകളെ കൂടുതൽ ഫലപ്രദമായി ബന്ധിപ്പിക്കുന്ന നൂതന എൻജിനീയറിങ് പരിഹാരവും ഈ പദ്ധതി ലക്ഷ്യമിടുന്നു.

ധാരണാപത്രപ്രകാരം സാധ്യതാപഠനത്തിന്റെ നോളജ് പാർട്ണർ ആയി എസ്‌.സി.എം.എസ് വാട്ടർ ഇൻസ്റ്റിറ്റ്യൂട്ട് പ്രവർത്തിക്കുകയും അക്കാദമിക, സാങ്കേതിക, ഗവേഷണ മേഖലകളിൽ ആവശ്യമായ പിന്തുണ നൽകുകയും ചെയ്യും.

ഫ്ലഡ് പ്ലെയിൻ പഠനങ്ങൾ, ഹൈഡ്രോളിക്, ഹൈഡ്രോളജിക്കൽ വിലയിരുത്തലുകൾ, ജലവിഭവ മോഡലിംഗ്, ജലവുമായി ബന്ധപ്പെട്ട പ്രത്യേക സാങ്കേതിക പഠനങ്ങൾ എന്നിവ ഉൾപ്പെടെ നിർദിഷ്ട പാതയുടെ സാങ്കേതിക പ്രായോഗികത വിലയിരുത്താൻ ആവശ്യമായ വിവിധ ശാസ്ത്രീയ പഠനങ്ങളിൽ എസ്‌.സി.എം.എസ് വാട്ടർ ഇൻസ്റ്റിറ്റ്യൂട്ടിന്റെ വൈദഗ്ധ്യം പ്രയോജനപ്പെടുത്തും.

കെ.എം.ആർ.എല്ലിന്റെ അനുമതിക്കും പദ്ധതിയുടെ ആവശ്യങ്ങൾക്കും വിധേയമായി ഹൈഡ്രോളജിക്കൽ മോഡലിംഗ്, ജലപ്രവാഹ വിശകലനം, പ്രളയപ്രതിരോധ പഠനങ്ങൾ, സുസ്ഥിരതാ വിലയിരുത്തലുകൾ, സർവേ വിവരങ്ങളുടെ വിശകലനം, സാങ്കേതിക റിപ്പോർട്ടുകളും രേഖകളും തയ്യാറാക്കൽ തുടങ്ങിയ പ്രവർത്തനങ്ങളിലും എസ്‌സിഎംഎസ് വാട്ടർ ഇൻസ്റ്റിറ്റ്യൂട്ട് സഹകരിക്കുമെന്ന് പ്രമോദ് തേവന്നൂർ വ്യക്താക്കി.

സംയോജിത പൊതുഗതാഗത മേഖലയിലെ കെ.എം.ആർ.എല്ലിന്റെ അനുഭവസമ്പത്തും എസ്‌.സി.എം.എസ് വാട്ടർ ഇൻസ്റ്റിറ്റ്യൂട്ടിന്റെ ഗവേഷണ-സാങ്കേതിക വൈദഗ്ധ്യവും ഒന്നിച്ചുചേരുന്നതിലൂടെ, നൂതനവും സുസ്ഥിരവും ഭാവിയെ മുന്നിൽ കണ്ടുള്ളതുമായ ഗതാഗത സംവിധാനങ്ങൾ വികസിപ്പിക്കുന്ന കേരളത്തിന്റെ ശ്രമങ്ങൾക്ക് ഈ സംരംഭം കൂടുതൽ കരുത്തേകുമെന്ന്  ലോക്നാഥ് ബെഹ്റ പറഞ്ഞു.