സുഗന്ധഗിരി മ്യൂസിയം നവംബറോടെ ഉദ്ഘാടനത്തിന് സജ്ജമാകും
വയനാട്ടിലെ സുഗന്ധഗിരി ഗോത്ര വർഗ സ്വതന്ത്ര്യ സമര സേനാനി മ്യൂസിയത്തിൻ്റെ നിർമ്മാണ പ്രവർത്തനങ്ങൾ കൃഷി മന്ത്രി ടി. സിദ്ധിഖ് വിലയിരുത്തി. നിലവിൽ ആദ്യഘട്ടത്തിൻ്റെ 60 ശതമാനത്തോളം നിർമ്മാണ പ്രവർത്തനങ്ങൾ പൂർത്തിയായിട്ടുണ്ട്.
ദക്ഷിണേന്ത്യയിലെ ഏറ്റവും വലിയ ഗോത്രവർഗ മ്യൂസിയമാണ് സുഗന്ധഗിരിയിൽ ഒരുങ്ങുന്നതെന്നും ദേശീയ തലത്തിലും അന്തർദേശീയ തലത്തിലും അറിയപ്പെടുന്ന പ്രധാന ഗോത്രവർഗ വിജ്ഞാന കേന്ദ്രമായി ഇത് മാറുമെന്നും മന്ത്രി പറഞ്ഞു. നിലവിൽ 10 ഏക്കറിൽ നിർമ്മാണം പൂർത്തിയാവുന്ന മ്യൂസിയത്തിൻ്റെ ആദ്യഘട്ടം നവംബർ പകുതിയോടെ ഉദ്ഘാടനത്തിന് സജ്ജമാവുമെന്നും മന്ത്രി പറഞ്ഞു.
വയനാട്ടിലെയും സംസ്ഥാനത്തിൻ്റെ മറ്റ് ഭാഗങ്ങളിലെയും ഗോത്ര ജന വിഭാഗത്തിൻ്റെ സംസ്കാരവും പാരമ്പര്യവും പരമ്പരാഗത അറിവുകളും അടയാളപ്പെടുത്തുന്നതിനൊപ്പം രാജ്യത്തിൻ്റെ സ്വാതന്ത്ര്യ സമരത്തിൽ ഗോത്ര ജനവിഭാഗങ്ങൾ നടത്തിയ ധീരമായ ചെറുത്തുനിൽപ്പിൻ്റെ ചരിത്രവും മ്യൂസിയത്തിൻ്റെ ഭാഗമായി മാറും.
ജില്ലയിലെ അറിയപ്പെടുന്നവരും ഇതുവരെ അറിയപ്പെടാത്താവരുമായ 120ൽ അധികം ഗോത്ര വർഗ സ്വതന്ത്ര്യ സമര സേനാനികളുടെ ചരിത്രം വിശദമായ വിദഗ്ധ പഠനത്തിലൂടെ രേഖപ്പെടുത്തിക്കഴിഞ്ഞു. കേന്ദ്ര ഗോത്രവർഗകാര്യ മന്ത്രാലയത്തിൻ്റെ ആഭിമുഖ്യത്തിൽ സംസ്ഥാന സർക്കാരിൻ്റെ സഹകരണത്തോടെയാണ് മ്യൂസിയം നിർമ്മാണം പുരോഗമിക്കുന്നത്.
സംസ്ഥാന സർക്കാരിന് വേണ്ടി കേരള ഇൻസ്റ്റിറ്റ്യൂട്ട് ഫോർ റിസർച്ച് ട്രെയിനിങ് ആൻ്റ് ഡവലപ്മെൻ്റ് സ്റ്റഡീസ് ഓഫ് ഷെഡ്യൂൾഡ് കാസ്റ്റ്സ് ആൻ്റ് ഷെഡ്യൂൾഡ് ട്രൈബ്സിനാണ് (കിർത്താട്സ്) നടത്തിപ്പ് ചുമതല. ഊരാളുങ്കൽ ലേബർ കോൺട്രാക്ടിങ് സൊസൈറ്റിക്കാണ് നിർമ്മാണ ചുമതല.




















