വന്യജീവി ആക്രമണം: സംസ്ഥാനതല കോൺക്ലേവ് സംഘടിപ്പിക്കും- മന്ത്രി ടി. സിദ്ദിഖ്
വന്യജീവി ആക്രമണങ്ങൾക്കും അതുവഴിയുള്ള കൃഷിനാശത്തിനും പരിഹാരങ്ങൾ കണ്ടെത്തുന്നതിനായി വിദഗ്ധരെയും കർഷകരെയും
പങ്കെടുപ്പിച്ച് സംസ്ഥാനതല കോൺക്ലേവ് സംഘടിപ്പിക്കാൻ കൃഷി മന്ത്രി ടി.സിദ്ദിഖിൻ്റെ നേതൃത്വത്തിൽ നടന്ന യോഗത്തിൽ തീരുമാനിച്ചു.
സംസ്ഥാനത്തെ കാർഷിക മേഖലയിലെ സാഹചര്യങ്ങളും ഭാവി പ്രവർത്തനങ്ങളും വിലയിരുത്താൻ ജില്ലാ കൃഷി ഓഫീസർമാരുമായി സെക്രട്ടേറിയറ്റിലെ ലയം ഹാളിൽ നടത്തിയ കൂടിക്കാഴ്ചയിലാണ് ഈ തീരുമാനം. ജില്ലകൾ നേരിടുന്ന വെല്ലുവിളികൾ, പുതിയ പദ്ധതികൾ, കർഷകസേവനങ്ങൾ കൂടുതൽ കാര്യക്ഷമമാക്കൽ തുടങ്ങിയ വിഷയങ്ങൾ യോഗത്തിൽ ചർച്ച ചെയ്തു.
മലയോര മേഖലകളിൽ വന്യജീവി ആക്രമണം കർഷകരുടെ ജീവിതത്തെയും കാർഷിക ഉൽപ്പാദനത്തെയും പ്രതികൂലമായി ബാധിക്കുന്ന പ്രധാന വെല്ലുവിളിയായി മാറിയിരിക്കുകയാണ്.
കർഷകരുടെ ആശങ്കകൾ നേരിട്ട് കേൾക്കുകയും ശാസ്ത്രീയവും ദീർഘകാലാടിസ്ഥാനത്തിലുള്ളതുമായ പരിഹാരങ്ങൾ രൂപപ്പെടുത്തുകയും ചെയ്യുന്നതിനാണ് കോൺക്ലേവ്.
രാഷ്ട്രീയ കൃഷി വികാസ് യോജന ഉൾപ്പെടെയുള്ള പദ്ധതികളുടെ ഫലപ്രദമായ വിനിയോഗത്തിലൂടെ വന്യജീവി ആക്രമണത്തെ പ്രതിരോധിക്കുന്നതിനുള്ള ശക്തമായ നടപടികൾ സ്വീകരിക്കുമെന്ന് മന്ത്രി അറിയിച്ചു.
കാർഷികോൽപ്പാദനം വർധിപ്പിക്കുന്നതിനും നൂതന കൃഷിരീതികൾ പ്രചരിപ്പിക്കുന്നതിനും സർക്കാർ ഫാമുകൾ മാതൃകാ കേന്ദ്രങ്ങളായി വികസിപ്പിക്കേണ്ടതിനെ കുറിച്ചും യോഗത്തിൽ ചർച്ച ചെയ്തു.
സംസ്ഥാനത്തെ എല്ലാ കൃഷി ഫാമുകളെയും ഫാം ടൂറിസം ശൃംഖലയുമായി ബന്ധിപ്പിക്കുന്നതിനുള്ള നടപടികൾ പുരോഗമിക്കുകയാണെന്ന് മന്ത്രി പറഞ്ഞു. കൃഷി, പ്രകൃതി, ജൈവവൈവിധ്യം, കാർഷിക പൈതൃകം എന്നിവ ജനങ്ങൾക്ക് കൂടുതൽ പരിചയപ്പെടുത്തുന്നതിനും വിദ്യാർത്ഥികൾക്കും പൊതുജനങ്ങൾക്കും കാർഷിക മേഖലയെ അടുത്തറിയുന്നതിനും ഫാം ടൂറിസം പദ്ധതികൾ സഹായകരമാകുമെന്ന് മന്ത്രി അറിയിച്ചു.




















