ചെമ്പൈ സംഗീതോത്സവം: ദേശീയ സംഗീത സെമിനാർ  നടത്തി

ഗുരുവായൂർ ചെമ്പൈ സംഗീതോത്സവത്തിൻ്റെ ഭാഗമായി ദേവസ്വം നടത്തിയ ദേശീയ സംഗീത സെമിനാർ സംഗീത വിദ്യാർത്ഥികളുടെ പങ്കാളിത്തം കൊണ്ട് ശ്രദ്ധേയമായി. സംഗീത സംവിധായകൻ വിദ്യാധരൻ മാസ്റ്റർ സെമിനാർ ഉദ്ഘാടനം ചെയ്തു.

അർത്ഥം ചോർന്നു പോകാതെ സംഗീതത്തിന് ഭാവം നൽകിയാൽ ഗാനങ്ങൾ ആസ്വാദകർ ഏറ്റെടുക്കുമെന്ന് അദ്ദേഹം പറഞ്ഞു. ഭാവമില്ലേൽ സംഗീതം ആസ്വദിക്കാൻ പരിമിതി നേരിടുമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. കിഴക്കേനടയിലെ ഗുരുവായൂർ സത്യഗ്രഹ സ്മാരക മന്ദിരത്തിലെ നാരായണീയം ഹാളിലായിരുന്നു സെമിനാർ.

ദേവസ്വം ചെയർമാൻ ഡോ.വി.കെ.വിജയൻ അധ്യക്ഷനായി. ദേവസ്വം ഭരണസമിതി അംഗവും ചെമ്പൈ സംഗീതോത്സവ സബ് കമ്മിറ്റി കൺവീനറുമായ മല്ലിശ്ശേരി പരമേശ്വരൻ നമ്പൂതിരിപ്പാട് സ്വാഗതം പറഞ്ഞു. സെമിനാറിൽ പ്രബന്ധം അവതരിപ്പിച്ച സംഗീത ഗവേഷകരായ ഡോ.എൻ. മിനി, അരുൺ രാമവർമ്മ എന്നിവർക്ക് ദേവസ്വം ഭരണസമിതി അംഗങ്ങളായ സി.മനോജ്, വി.ജി.രവീന്ദ്രൻ എന്നിവർ ഉപഹാരം നൽകി. ഡോ.ഗുരുവായൂർ മണികണ്ഠൻ, ആനയടി പ്രസാദ് എന്നിവർ മോഡറേറ്ററായിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *