കാസർകോട്ടുകാരായ സുഹൃത്തുക്കൾ ശാസ്‌ത്ര സ്ഥാപനങ്ങളുടെ മെമ്പർ സെക്രട്ടറിമാർ
കാസർകോട്ടുകാരായ രണ്ട് ഉറ്റ സുഹൃത്തുക്കൾ ഇപ്പോൾ തിരുവനന്തപുരത്ത് ശാസ്‌ത്ര സ്ഥാപനങ്ങളുടെ മെമ്പർ സെക്രട്ടറിമാർ. നാട്ടുകാരായ ഇവർ പഠിച്ചത് ഒരേ സ്കൂളിലും കോളേജിലും. ഡോ.വി.ബാലകൃഷ്ണനും ഡോ.പി. ഹരിനാരായണനുമാണ് കാസർകോടിൻ്റെ അഭിമാനമായി തിളങ്ങുന്ന ശാസ്ത്ര പ്രതിഭകൾ.
ബാലകൃഷ്ണൻ സംസ്ഥാന ജൈവ വൈവിധ്യ ബോർഡിൻ്റെ മെമ്പർ സെക്രട്ടറിയാണ്. ഹരിനാരായണൻ കേരള ശാസ്ത്ര സാങ്കേതിക പരിസ്ഥിതി കൗൺസിലിൻ്റെ മെമ്പർ സെക്രടറിയായി നിയമിതനായത് ഈയിടെയാണ്.
ബാലകൃഷ്ണൻ സംസ്ഥാന ജൈവവൈവിധ്യ ബോർഡിൽ ഡെപ്യൂട്ടേഷനിൽ സേവനമനുഷ്ഠിക്കുന്ന സീനിയർ ഡെപ്യൂട്ടി സൂപ്രണ്ട് ഓഫ് പോലീസ് റാങ്കിലുള്ള ഉദ്യോഗസ്ഥനാണ്. ഉദുമ അരവത്ത് സ്വദേശിയാണ്. മുതിയക്കാൽ ജിഎൽപി സ്കൂൾ, ബേക്കൽ ഗവൺമെൻറ് ഫിഷറീസ് ഹൈസ്കൂൾ, കാഞ്ഞങ്ങാട് ദുർഗാ ഹയർ സെക്കൻഡറി സ്കൂൾ എന്നിവിടങ്ങളിലാണ് പഠിച്ചത്. കാസർകോട് ഗവൺമെൻ്റ് കോളേജിലാണ് ബി.എസ്.സി ബോട്ടണി പഠിച്ചത്.
മദ്രാസ് സർവകലാശാലയിൽ നിന്ന് സസ്യശാസ്ത്രത്തിൽ പി.എച്ച്.ഡി. നേടിയ പ്രൊഫ.എം.എസ്. സ്വാമിനാഥന്റെ മാർഗനിർദേശത്തിൽ ദക്ഷിണ പശ്ചിമഘട്ടത്തിലെ വന്യഭക്ഷ്യ സസ്യങ്ങളെക്കുറിച്ച് ഗവേഷണം നടത്തി. വയനാട് എം. എസ്. സ്വാമിനാഥൻ റിസർച്ച് ഫൗണ്ടേഷനിൽ ഗവേഷകനായും ഡയറക്ടറായും പ്രവർത്തിച്ചിട്ടുണ്ട്. ശാസ്ത്ര സംഭാവനകളെ മാനിച്ച് Tylophora balakrishnanii, Dioscorea balakrishnanii എന്നീ സസ്യവർഗങ്ങൾക്ക് അദ്ദേഹത്തിന്റെ പേര് നൽകിയിട്ടുണ്ട്.
കഥകളി ആചാര്യൻ നാട്യരത്നം കണ്ണൻ പാട്ടാളി ആശാന്റെ മകനും കഥകളി കലാകാരനുമാണ്. മാതാവ് കാർത്യായനി അമ്മ. ഭാര്യ സുധ പെരിയ ഹയർസെക്കൻഡറി സ്കൂൾ സുവോളജി അധ്യാപികയാണ്. മകൾ ഐഷിത തീർത്ഥ ഉദുമ ഹൈസ്കൂളിൽ ഒമ്പതാം ക്ലാസ് വിദ്യാർത്ഥിനിയും മകൻ ധ്യാൻ ബി ടെക് വിദ്യാർത്ഥിയുമാണ്.
കാനത്തൂർ സ്വദേശിയായ ഹരിനാരായണൻ കേരള ശാസ്‌ത്രസാങ്കേതിക പരിസ്ഥിതി കൗൺസിലിൽ ചീഫ് സയൻ്റിസ്റ്റായി പ്രവർത്തിച്ചു വരികയായിരുന്നു. ഇതിനിടയിലാണ് മെമ്പർ സെക്രട്ടറിയായി നിയമിതനായത്.
കാസർകോട് ഗവ. കോളേജിൽ നിന്ന് ജിയോളജിയിൽ ബിരുദാനന്തര ബിരുദം നേടിയ ശേഷം മൈസൂർ സർവ്വകലാശാലയിൽ നിന്നാണ് ഡോക്ടറേറ്റ് നേടിയത്. തിരുവനന്തപുരം ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ലാൻ്റ് ഡിസാസ്റ്റർ മാനേജ്മെൻ്റിൽ സയൻ്റിസ്റ്റായി പ്രവർത്തിച്ച ശേഷണമാണ് ശാസ്‌ത്രസാങ്കേതിക പരിസ്ഥിതി കൗൺസിലിൽ എത്തിയത്.
കൗൺസിലിൽ ഒട്ടേറെ ഗവേഷണ പദ്ധതികൾക്ക് നേതൃത്വം നൽകിയിട്ടുണ്ട്. കോൺഗ്രസ്സ് നേതാവും സ്വാതന്ത്ര്യ സമരസേനാനിയും കെ.പി. സി.സി. ജനറൽ സെക്രട്ടറിയും എം.എൽ.എയുമായിരുന്ന കാനത്തൂരിലെ പരേതനായ മേലത്ത് നാരായണൻ നമ്പ്യാരുടെ മകനാണ്.പരേതയായ പെരിയ പത്മാവതി അമ്മയാണ് മാതാവ്.
കാഞ്ഞങ്ങാട് നെഹറു ആർട്സ് ആൻ്റ് സയൻസ് കോളേജ് ഇംഗ്ലീഷ് വകുപ്പിൽ അസോസിയേറ്റ് പ്രൊഫസറായ ഷൈനിയാണ് ഭാര്യ. മണിപ്പാൾ ഇൻ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജിയിൽ വിദ്യാർത്ഥികളായ നിഖിൽ നാരായണൻ, അനന്തകൃഷ്ണൻ എന്നിവർ മക്കളാണ്.




















