സംസ്ഥാനത്തെ പാൽ ഉൽപ്പാദനം ഒരു കോടി ലിറ്ററാക്കും- മുഖ്യമന്ത്രി വി.ഡി. സതീശൻ
സംസ്ഥാനത്ത് അടുത്ത മൂന്നു വർഷത്തിനുള്ളിൽ പ്രതിദിന
പാൽ ഉൽപ്പാദനം ഒരു കോടി ലിറ്ററായി വർദ്ധിപ്പിക്കുകയാണ് സർക്കാരിന്റെ ലക്ഷ്യമെന്ന് മുഖ്യമന്ത്രി വി.ഡി. സതീശൻ പറഞ്ഞു. തിരുവനന്തപുരത്ത് ജവഹർ സഹകരണ ഭവനിൽ ലോക ക്ഷീരദിനാചരണത്തിന്റെ സംസ്ഥാനതല ഉദ്ഘാടനം നിർവഹിക്കുകയായിരുന്നു മുഖ്യമന്ത്രി.
സമഗ്രമായ ഈ വലിയ ലക്ഷ്യത്തിലേക്കെത്താൻ ക്ഷീരകർഷകരുടെയും സംഘങ്ങളുടെയും എല്ലാവിധ സഹകരണവുമുണ്ടാവണം. നിലവിൽ 70 ലക്ഷം ലിറ്റർ പാലാണ് സംസ്ഥാനത്ത് ഉൽപ്പാദിപ്പിക്കുന്നത്, എന്നാൽ നമ്മുടെ ആവശ്യം 86 ലക്ഷം ലിറ്ററാണ്. പാൽ ഉൽപ്പാദനം വർദ്ധിപ്പിക്കുന്നതിനൊപ്പം പാലിന്റെ മൂല്യവർദ്ധിത ഉൽപന്നങ്ങൾ നിർമ്മിക്കുന്നതിനുള്ള സംരംഭങ്ങൾക്ക് സർക്കാർ പൂർണ്ണ പിന്തുണ നൽകുമെന്നും മുഖ്യമന്ത്രി പറഞ്ഞു.
ക്ഷീരകർഷകർ നേരിടുന്ന പ്രധാന പ്രതിസന്ധിയായ കാലിത്തീറ്റയുടെ വിലക്കയറ്റം തടയാൻ സർക്കാർ വിപണിയിൽ കർശനമായി ഇടപെടും. പാലിന് വില കൂട്ടുമ്പോൾ കാലിത്തീറ്റ കമ്പനികളും അന്യായമായി വില വർദ്ധിപ്പിച്ച് കർഷകരെ ദ്രോഹിക്കുന്ന പ്രവണത അനുവദിക്കില്ല. ഗ്രാമ, ബ്ലോക്ക്, ജില്ലാ പഞ്ചായത്തുകൾ മുഖേന കാലിത്തീറ്റയ്ക്ക് സബ്സിഡി നൽകുന്നതിനുള്ള പദ്ധതികൾ ആവിഷ്കരിക്കാൻ നിർദ്ദേശം നൽകും.
വന്യജീവി ആക്രമണം മൂലം കാർഷിക മേഖല തകർന്നപ്പോൾ കർഷകർക്ക് വലിയൊരാശ്വാസമായി മാറിയത് പശു വളർത്തലാണ്. ക്ഷീരമേഖലയിൽ പ്രവർത്തിക്കുന്ന സ്ത്രീകളുടെ അദ്ധ്വാനത്തെ മുഖ്യമന്ത്രി പ്രത്യേകം പ്രശംസിച്ചു. യു.എൻ മുന്നോട്ടുവെച്ച സന്ദേശം പോലെ വനിതാ കർഷകരെ നമ്മൾ പിന്തുണയ്ക്കുകയും ആഘോഷിക്കുകയും ചെയ്യണം.
സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന പാവപ്പെട്ട ക്ഷീരകർഷകർക്ക് അഭിമാനത്തോടെ ജീവിക്കാൻ കഴിയുന്ന തരത്തിൽ എല്ലാവിധ പിന്തുണയും ഉറപ്പാക്കിക്കൊണ്ടുള്ള സമഗ്രമായ ക്ഷീരവികസന പദ്ധതിയാണ് സർക്കാർ ലക്ഷ്യമിടുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു.
പാൽ ഉൽപ്പാദനത്തിൽ സ്വയം പര്യാപ്തത കൈവരിക്കുക എന്നതാണ് സർക്കാരിന്റെ പ്രധാന ലക്ഷ്യമെന്ന് ക്ഷീരവികസന വകുപ്പ് മന്ത്രി ബിന്ദു കൃഷ്ണ അധ്യക്ഷ പ്രസംഗത്തിൽ പറഞ്ഞു. മുൻകാലങ്ങളിൽ കേരളത്തിലെ ഒട്ടുമിക്ക വീടുകളിലും പശുക്കളെയും ആടുകളെയും വളർത്തിയിരുന്നുവെങ്കിലും നഗരവൽക്കരണവും സ്ഥലപരിമിതിയും കാരണം ആ കാർഷിക രീതികളിൽ മാറ്റം വന്നിട്ടുണ്ട്.
എങ്കിലും ക്ഷീരവികസന വകുപ്പും മിൽമയും ചേർന്ന് ഈ മേഖലയെ പരിപോഷിപ്പിക്കാനുള്ള ഇടപെടലുകൾ നടത്തുന്നുണ്ട്. ഏകദേശം എട്ടു ലക്ഷത്തോളം കർഷകർ പണിയെടുക്കുന്ന മേഖലയാണെങ്കിലും പാൽ ഉൽപ്പാദനത്തിൽ കുറവ് നേരിടുന്നുണ്ട്. ഈ കുറവുകൾ പരിഹരിച്ച് പാൽ ഉൽപ്പാദനത്തിൽ സ്വയം പര്യാപ്തത കൈവരിക്കും-മന്ത്രി പറഞ്ഞു.
ക്ഷീരവികസന വകുപ്പ് അഡീഷണൽ ചീഫ് സെക്രട്ടറി മിൻഹാജ് ആലം പദ്ധതി അവതരിപ്പിച്ചു. ക്ഷീരവികസന വകുപ്പ് ഡയറക്ടർ ശാലിനി ഗോപിനാഥ് , ജോയിന്റ് ഡയറക്ടർ സിനില ഉണ്ണികൃഷ്ണൻ, മിൽമ ചെയർപേഴ്സൺ കെ.എസ്. മണി, വെറ്റിനറി സർവകലാശാല രജിസ്ട്രാർ ഡോ സാബിൻ ജോർജ്, കെ.സി.എം.എം.എഫ് മാനേജിംഗ് ഡയറക്ടർ ആസിഫ് കെ. യൂസഫ്, കൗൺസിലർ രാഖി രവികുമാർ, തുടങ്ങിയവർ പങ്കെടുത്തു.




















