വളയിട്ട കൈകളിൽ വിരിഞ്ഞത് കളിമൺ ശില്പങ്ങൾ 

രജിതാ രാജൻ

ഗണപതി വിഗ്രഹങ്ങളും കൃഷ്ണ വിഗ്രഹങ്ങളും ആനയും സൂര്യ ചന്ദ്രന്മാരും ആഭരണങ്ങളും അവരുടെ കൈകളിലൂടെ രൂപപ്പെട്ടു. കളിമണ്ണിൽ വിരിഞ്ഞ ശില്പങ്ങൾ കാണാൻ കലാസ്വാദകരായ ഒട്ടേറെ ആളുകൾ എത്തി. നീലേശ്വരത്ത് നടന്ന കളിമൺ കരകൗശല നിർമ്മാണ പരിശീലനത്തിൽ പങ്കെടുത്തത്‌ മുപ്പതോളം പേർ.

പയ്യന്നൂർ ഫോക്‌ലാൻ്റ് ഇൻ്റർനാഷനൽ സെൻ്റർ ഫോർ ഫോക്‌ലോർ ആൻ്റ് കൾച്ചർ കേന്ദ്ര ടെക്സ്റ്റൈൽ മന്ത്രാലയത്തിന്റ കീഴിലുള്ള  ഹാൻ്റി

ക്രാഫ്റ്റ് ഡിപ്പാർട്ട്മെൻ്റിൻ്റെ സഹകരണത്തോടെ നീലേശ്വരം കണിച്ചിറ കമ്യൂണിറ്റി ഹാളിലാണ് പരിശീലനം നടത്തിയത്. രണ്ട് മാസത്തെ  പരിശീലനമായിരുന്നു ഇത്.

ശില്പത്തിനാവശ്യമായ കളിമൺ തെരഞ്ഞെടുക്കലാണ് ആദ്യ പ്രവർത്തി.  തുടർന്ന് മണ്ണ് അരിച്ചെടുത്ത് കുഴച്ചെടുക്കുന്നു. പിന്നീട് ചവിട്ടി പാകപ്പെടുത്തുന്നു. അങ്ങനെ പാകപ്പെടുത്തിയ മണ്ണ് ആവശ്യമുള്ള അച്ചിൽ ഇട്ട്  രൂപപ്പെടുത്തുന്നു. കൈകൊണ്ടുതന്നെ മിനഞ്ഞെടുക്കുന്ന  കരകൗശല വസ്തുക്കളിൽ കളിമൺ ആഭരണങ്ങളും വിഗ്രഹങ്ങളും മറ്റ് പല തരം കൗതുക വസ്തുക്കളുമുണ്ട്. പിന്നീട് അവ ഉണക്കിയെടുക്കും.

കാലാവസ്ഥക്കനുസൃതമായി 20 മുതൽ ഒന്നര മാസം വരെ ഉണക്കിയെടുക്കുന്ന ശില്പങ്ങൾ ഇതിനായി പ്രത്യേകം  നിർമിച്ച ചൂളയിൽ  ആറു മുതൽ 12 മണിക്കൂർ വരെ സമയമെടുത്തു ചുട്ടെടുക്കുന്നു. ചുട്ട് കഴിയുമ്പോൾ  ശില്പങ്ങൾക്ക് ഉറപ്പും നിറവും ലഭിക്കും.

കളിമൺ ശില്പവുമായി മുൻ പരിചയമില്ലാത്ത മുപ്പത് പേർക്കാണ്  പരശീലനമെന്നത് ഏറെ വെല്ലു വിളികൾ നിറഞ്ഞതായിരുന്നെങ്കിലും

അനന്യമായ ചാരുതയോടെയാണ് അവരുടെ കൈയിലൂടെ ശില്പങ്ങൾ വിരിഞ്ഞത്. പരിശീലനത്തിന് എത്തിയവരിൽ വിദ്യാർത്ഥികളും വീട്ടമ്മമാരും ഉണ്ടായിരുന്നു. പോലീസ് സർക്കിൾ ഇൻസ്പെക്ടറായി വിരമിച്ച എൻ.കെ. ബാലകൃഷ്ണൻ ശില്പശാലയിൽ കളിമൺ രൂപം ഉണ്ടാക്കുന്ന കാഴ്ച കൗതുകമായി.

വിശ്രമവേളകളിൽ  വ്യവസായ വകുപ്പിന്റെയും ടൂറിസം വകുപ്പിൻ്റെയും ഉദ്യോഗസ്ഥന്മാർ നയിക്കുന്ന ക്ലാസ്സുകളും പ്രശസ്ത സംരഭകരുടെ മുഖാമുഖവും ഉണ്ടായിരുന്നു. കരകൗശല പഠനത്തിന് ശേഷം  സംരംഭം തുടങ്ങാൻ എങ്ങിനെ തയ്യാറെടുക്കാമെന്ന് ക്ലാസുകളിലൂടെ പഠിതാക്കളെ ബോധ്യപ്പെടുത്തി.

കളിമൺ ശില്പി കോഴിക്കോട് എലത്തൂർ സ്വദേശി പി. ബി.ബിദുലയായിരുന്നു പരിശീലക. കോഴിക്കോട് ഓയിസ്ക

ബിദുല ശില്പി കാനായി കുഞ്ഞിരാമനൊപ്പം.

വനിത ചാപ്റ്റർ ജ്വാലാമുഖി അവാർഡ്  ഉൾപ്പെടെയുള്ള ബഹുമതികൾ ബിദുല നേടിയിട്ടുണ്ട്. 23 വർഷമായി കളിമൺ ശില്പ നിർമ്മാണ രംഗത്ത് ശ്രദ്ധേയയാണ്.

കേരള ഹാൻഡി ക്രാഫ്റ്റ്  അസി. ഡയരക്ടർ ഡോ. സജി പ്രഭാകരൻ മുഖ്യാതിഥിയായിരുന്നു. മന്ത്രി രാമചന്ദൻ കടന്നപ്പള്ളി ഉൾപ്പെടെ പല വിശിഷ്ട വ്യക്തികളും സ്കൂൾ കുട്ടികളും വിനോദ സഞ്ചാരികളും ശില്പശാല കാണാനെത്തി. ശില്പി കാനായി കുഞ്ഞിരാമൻ സമാപന ദിവസം മുഖ്യാതിഥിയായിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *