14 തുരംഗങ്ങളുമായി സിക്കിമിലേക്ക് റെയിൽ പാത ഒരുങ്ങുന്നു

ഭൂമിശാസ്ത്രപരമായി വെല്ലുവിളികൾ നിറഞ്ഞ ഹിമാലയൻ മലനിരകളിലൂടെ  14 തുരങ്കങ്ങളുമായി സിക്കിയിലേക്ക് റെയിൽ പാത ഒരുങ്ങുന്നു. ഇവിടെ മൊത്തം പാതയുടെ ഏകദേശം 86 ശതമാനവും  തുരങ്കങ്ങളാണ്.

ഇന്ത്യയിൽ നിന്ന് സിക്കിമിലേക്കുള്ള സിവോക് – രംഗ്പോ റെയിൽ പാത പദ്ധതിയിൽ ഏറ്റവും നീളമേറിയ തുരങ്കമായ പത്താം നമ്പർ തുരങ്കത്തിന്റെ നിർമ്മാണം കഴിഞ്ഞ ദിവസം പൂർത്തിയായി. 5.3 കിലോമീറ്റർ നീളമുള്ള ഈ തുരങ്കത്തിൻ്റെ നിർമ്മാണം പൂർത്തിയായതോടെ  സിക്കിമിലേക്ക് ആദ്യമായി റെയിൽ ഗതാഗത സൗകര്യം ലഭിക്കുന്ന 14 തുരങ്കങ്ങളുള്ള പാതയാണ് ഒരുങ്ങിക്കൊണ്ടിരിക്കുന്നത്.

പദ്ധതിയിലെ 14 തുരങ്കങ്ങളിൽ ഏറ്റവും വലുതാണ് 5.3 കിലോമീറ്റർ നീളമുള്ള പത്താം നമ്പർ തുരങ്കം. ഇതിന്റെ നിർമ്മാണ പ്രവർത്തനങ്ങൾ ഇരുവശങ്ങളിൽ നിന്നുമാണ് നടന്നത്. രണ്ട് ഭാഗങ്ങളും തമ്മിൽ യോജിപ്പിച്ചതോടെ തുരങ്കം വിജയകരമായി പൂർത്തിയായി. ഇനി തുരങ്കത്തിനുള്ളിലെ ഭിത്തി ബലപ്പെടുത്തൽ, ട്രാക്ക് സ്ഥാപിക്കൽ, റെയിൽവേ സുരക്ഷാ സംവിധാനങ്ങൾ ഒരുക്കൽ തുടങ്ങിയ  പ്രവർത്തനങ്ങൾ നടക്കും.

45 കിലോമീറ്റർ ദൈർഘ്യമുള്ള സിവോക്-രംഗ്പോ ബ്രോഡ് ഗേജ് റെയിൽ പാത പശ്ചിമ ബംഗാളിലെ ഡാർജിലിംഗ്, കലിംപോംഗ് ജില്ലകളിലൂടെയും സിക്കിമിലെ പാക്യോംഗ് ജില്ലയിലൂടെയും കടന്നുപോകുന്നു.

23 പാലങ്ങളും ഈ പദ്ധതിയുടെ ഭാഗമാണ്. സിവോക്, റിയാങ്, മെല്ലി, രംഗോ എന്നീ റെയിൽവേ സ്റ്റേഷനുകളും ടീസ്റ്റ ബസാറിൽ ഭൂഗർഭ ഹാൾട്ട് സ്റ്റേഷനും ഇതിൽ ഉൾപ്പെടുന്നു. സിവോക്കിൽ വെച്ച് ഈ പാത നിലവിലുള്ള ‘ന്യൂ ജൽപായ്ഗുരി-അലിപുർദുവാർ’ റെയിൽ പാതയുമായി ബന്ധിപ്പിക്കും. ഇതുവഴി സിക്കിം രാജ്യത്തെ ദേശീയ റെയിൽ ശൃംഖലയുമായി നേരിട്ട് ബന്ധിക്കപ്പെടും.

സിവോക്-രംഗ്പോ റെയിൽപാത പ്രവർത്തനസജ്ജമാകുന്നതോടെ സിക്കിമിലേക്ക് നേരിട്ടുള്ള റെയിൽ ബന്ധം സാധ്യമാകും. ദേശീയപാത 10ന് പകരമായി സുരക്ഷിതവും വേഗതയേറിയതുമായ  യാത്രാമാർഗ്ഗം  പ്രദേശവാസികൾക്ക് ലഭിക്കും.  സംസ്ഥാനത്തെ വിനോദസഞ്ചാര മേഖലയ്ക്ക് ഉണർവ് നൽകുന്നതിനും ഈ റെയിൽപാത സഹായകമാകും.