നെഹ്‌റുട്രോഫി വള്ളംകളി: ഒരുക്കങ്ങൾ വിലയിരുത്തി എം.പി

ആലപ്പുഴയിലെ 72-ാമത് നെഹ്‌റു ട്രോഫി വള്ളംകളിയുടെ അവസാനഘട്ട ഒരുക്കങ്ങൾ കെ.സി. വേണുഗോപാൽ എം.പി വിലയിരുത്തി. വെള്ളിയാഴ്ച്ച  വൈകിട്ടോടെ പുന്നമട ഫിനിഷിംഗ് പോയിൻ്റിലും നെഹ്‌റു പവലിയനിലും എത്തിയ എം.പി വള്ളസമിതികളെയും ക്ലബുകളെയും ഉൾപ്പെടുത്തി സംഘടിപ്പിച്ച ആലോചന യോഗത്തിലും പങ്കെടുത്തു.

സ്റ്റാർട്ടിങ് ഫിനിഷിങ് സംവിധാനങ്ങൾ പരിശോധിച്ച് മുന്നൊരുക്കങ്ങളിലും സംഘാടനത്തിലും സംതൃപ്തി രേഖപ്പെടുത്തി. കുറ്റമറ്റ രീതിയിലും എല്ലാവർക്കും ആസ്വാദ്യകരമാവുന്ന രീതിയിലും വള്ളംകളി നടത്താനുള്ള എല്ലാ ഒരുക്കങ്ങളും പൂർത്തിയായിക്കൊണ്ടിരിക്കുകയാണെന്നും സമ്മാനത്തുകയിലും ബോണസിലും വർധന വരുത്തിയത് മൂലം ഇക്കുറി വള്ളംകളി പ്രേമികളും ക്ലബുകളുമൊക്കെ വലിയ ആവേശത്തിലാണെന്നും അദ്ദേഹം പറഞ്ഞു.

മത്സരം വാശിയേറിയതാവുന്നതിനൊപ്പം അത് സ്പോട്സ്മാൻ സ്പിരിറ്റോടെ പൂർത്തിയാക്കാനും എല്ലാവരും മനസ്സ് വെക്കണമെന്നും എം.പി ചൂണ്ടിക്കാട്ടി. ജില്ലാ കളക്ടർ ഷാജി വി നായർ, മുൻ എം.എൽ.എ എ.എ ഷുക്കൂർ, ആർ.ഡി. ഒ. ജെ. മോബി, ഇൻഫ്രാസ്ട്രക്ചർ കമ്മിറ്റി കൺവീനറും ഇറിഗേഷൻ എക്സിക്യൂട്ടീവ് എൻജിനീയറുമായ പി. എസ്.വിനോദ്‌ തുടങ്ങിയവർ എം.പി യോടൊപ്പം ഉണ്ടായിരുന്നു.