ലോക് ഭവനിൽ ‘തുഞ്ചൻ സ്മൃതി’ ഗ്രന്ഥശാല തുടങ്ങി
തിരുവനന്തപുരത്ത് ലോക് ഭവനിൽ ‘തുഞ്ചൻ സ്മൃതി’ എന്ന പേരിൽ ഗ്രന്ഥശാല തുടങ്ങി. പുസ്തകങ്ങൾ ശേഖരിച്ച് സംരക്ഷിക്കുന്നതിനും വായനയ്ക്കും ഗവേഷണത്തിനുമായാണ് ഗ്രന്ഥശാല. ലോക് ഭവൻ്റെ പ്രധാന കവാടത്തോട് ചേർന്നുള്ള പുതിയ കെട്ടിടത്തിലാണ് ഗ്രന്ഥശാല പ്രവർത്തിക്കുക.
ലോകഭവന് സമ്മാനമായി ലഭിച്ചതും ആവശ്യാനുസരണം വാങ്ങിയതുമായ പതിനായിരത്തിലധികം പുസ്തകങ്ങളാണ് ഗ്രന്ഥശാലയിലുള്ളത്. നാലായിരത്തിലധികം മലയാള പുസ്തകങ്ങളും ആറായിരത്തോളം ഇംഗ്ലീഷ് പുസ്തകങ്ങളും ഉൾപ്പെടുന്നതാണ് പ്രധാന ശേഖരം. ഇതിന് പുറമെ വിവിധ ഇന്ത്യൻ ഭാഷകളിലുള്ള ഗ്രന്ഥങ്ങളും സാഹിത്യം, ചരിത്രം, സംസ്കാരം, തത്ത്വചിന്ത, ശാസ്ത്രം തുടങ്ങി വിവിധ മേഖലകളിലെ വിലപ്പെട്ട പുസ്തകങ്ങളും ഗ്രന്ഥശാലയിലുണ്ട്.
വിവിധ സ്ഥലങ്ങളിലായി സൂക്ഷിച്ചിരുന്ന പുസ്തകങ്ങൾ ഒരു സാധാരണ ഗ്രന്ഥശാലയുടെ മാതൃകയിൽ ക്രമീകരിച്ച് സമൂഹത്തിന് പ്രയോജനപ്പെടുന്ന രീതിയിലാണ് ഇപ്പോൾ ഒരുക്കിയിരിക്കുന്നത്. ഗവേഷണ വിദ്യാർഥികൾക്കും അധ്യാപകർക്കും എഴുത്തുകാർക്കും വിവിധ വിഷയങ്ങളിൽ പഠനം നടത്തുന്നവർക്കും മറ്റ് വായനക്കാർക്കും ഗ്രന്ഥശാല പ്രയോജനപ്പെടുത്താനാകും.
ഗ്രന്ഥശാലയെ കേരളത്തിന്റെ സാംസ്കാരിക പൈതൃകവും വൈവിധ്യവും പ്രതിഫലിപ്പിക്കുന്ന സാംസ്കാരിക ഇടമായി വികസിപ്പിക്കുകയാണ് ലക്ഷ്യമെന്ന് ഗവർണർ രാജേന്ദ്ര വിശ്വനാഥ് ആർലേക്കർ പറഞ്ഞു. ഗവേഷണ വിദ്യാർഥികൾക്കും മറ്റ് വായനക്കാർക്കും ഗ്രന്ഥശാലയുടെ സേവനം ലഭ്യമാക്കുമെന്നും അദ്ദേഹം പറഞ്ഞു.
കേരളത്തിന്റെ ചരിത്രം, സാഹിത്യം, സംസ്കാരം, സാമൂഹിക ജീവിതം എന്നിവയെക്കുറിച്ച് പഠിക്കുന്നവർക്ക് ആവശ്യമായ ഗ്രന്ഥങ്ങളും വിവരങ്ങളും ലഭ്യമാകുന്ന ഒരു വിജ്ഞാനകേന്ദ്രമായി ‘തുഞ്ചൻ സ്മൃതി’യെ വികസിപ്പിക്കാനും ലക്ഷ്യമിടുന്നു. അടൂർ ഗോപാലകൃഷ്ണൻ, വി.മധുസൂദനൻ നായർ, ജോർജ് ഓണക്കൂർ, റോസ്മേരി, പി.വിജയകൃഷ്ണൻ, എ. എം. ഉണ്ണിക്കൃഷ്ണൻ, ആർ. പ്രദീപ് തുടങ്ങിയവർ ചടങ്ങിൽ സന്നിഹിതരായിരുന്നു.
ഗ്രന്ഥശാലയ്ക്ക് തുഞ്ചത്ത് രാമാനുജൻ എഴുത്തച്ഛന്റെ പേര് നൽകിയത് ഏറെ പ്രസക്തമായ കാര്യമാണെന്ന് സംവിധായകൻ അടൂർ ഗോപാലകൃഷ്ണൻ പറഞ്ഞു. കേരളത്തെക്കുറിച്ച് പഠിക്കുന്ന ഗവേഷകർക്കും വിദ്യാർഥികൾക്കും ആവശ്യമായ വിവരങ്ങളും ഗ്രന്ഥങ്ങളും ലഭ്യമാകുന്ന ഒരു വിജ്ഞാനകേന്ദ്രമായി ‘തുഞ്ചൻ സ്മൃതി’ മാറണമെന്ന് വി. മധുസൂദനൻ നായർ അഭിപ്രായപ്പെട്ടു.
പ്രാദേശിക ഭാഷയുടെ വികസനത്തിനും പ്രചാരണത്തിനും പ്രാധാന്യം നൽകുകയും അതിനായി തന്റെ ചുമതലയും കർത്തവ്യവും ആത്മാർഥമായി നിർവഹിക്കുകയും ചെയ്യുന്ന ഗവർണറുടെ നിലപാടാണ് ഈ സംരംഭത്തിന് പിന്നിലെ പ്രധാന കാരണമെന്ന് ജോർജ് ഓണക്കൂർ പറഞ്ഞു. മഹനീയരായ വ്യക്തികൾ പങ്കെടുത്ത ചടങ്ങിന്റെ ഭാഗമാകാനായത് ധന്യനിമിഷമായെന്ന് റോസ്മേരി പറഞ്ഞു.




















