ജിയോളജിസ്റ്റ് തസ്തിക : അഭിമുഖം നേരിടുന്നതെങ്ങിനെ
പി.വി. സുകുമാരൻ
യു.പി.എസ്.സി. ജിയോളജിസ്റ്റ് തസ്തികയുടെ ഇന്റർവ്യൂ ബോർഡിൽ വിഷയ വിദഗ്ദ്ധനായിരുന്ന പി. വി. സുകുമാരൻ അദ്ദേഹത്തിന്റെ അനുഭവങ്ങൾ പങ്കിടുന്നു. ജിയോളജിക്കൽ സർവേ ഓഫ് ഇന്ത്യ ഡെപ്യൂട്ടി ഡയറക്ടർ ജനറലായി വിരമിച്ച ലേഖകൻ കാസർകോട് മുന്നാട് സ്വദേശിയാണ്

ആദ്യം തന്നെ പറയട്ടെ ഞാൻ അധികം അഭിമുഖങ്ങളിൽ പങ്കെടുത്തിട്ടില്ല, പി.ജി.കോഴ്സ് കഴിഞ്ഞ് താൽക്കാലിക ജോലിക്കും ഗവേഷണത്തിനും മറ്റുമായി ഉദ്യോഗാർത്ഥികൾ സാധാരണ ചെയ്യുന്ന പോലെ രണ്ടോ മൂന്നോ അഭിമുഖങ്ങള്‍ക്ക് പോയിട്ടുണ്ട്. അറുപതുകളിലും എഴുപതുകളിലും ജോലിക്ക് നേരിട്ട് എടുക്കുകയാണ് ചെയ്തിരുന്നത്. ഒരു പരീക്ഷ കാണും. ചിലപ്പോൾ മെഡിക്കൽ ടെസ്റ്റുമുണ്ടാകും. ഞാൻ 1973 ലാണ് ജിയോളജിക്കൽ സർവ്വേ ഓഫ് ഇന്ത്യയിൽ ജിയോളജിസ്റ്റുകളെ തിരഞ്ഞെടുക്കുന്നതിനായുള്ള യു. പി. എസ്. സി. യുടെ പരീക്ഷയെഴുതിയത്. അന്ന് അഭിമുഖം ഉണ്ടായിരുന്നില്ല. പരീക്ഷയിൽ റാങ്ക് അടിസ്ഥാനമാക്കി നേരിട്ടുള്ള നിയമനമായിരുന്നു. മെഡിക്കൽ പരിശോധന ഉണ്ടായിരുന്നു. ഇതൊക്കെയാണെങ്കിലും യു. പി. എസ്. സി. ഇന്റർവ്യൂ ബോർഡിൽ വിഷയവിദഗ്ദ്ധനായിരിക്കാനുള്ള ഭാഗ്യം എനിക്കുണ്ടായി.

2010 ൽ ജോലിയിൽ നിന്ന് വിരമിച്ചയുടനെയാണിത്. ഇന്ത്യയുടെ വിവിധ ഭാഗങ്ങളിൽ നിന്നെത്തിയ വ്യത്യസ്ത പശ്ചാത്തലങ്ങളും കഴിവുകളുമുള്ള ഉദ്യോഗാർത്ഥികളെ അപ്പോൾ പരിചയപ്പെടാൻ പറ്റി. അഭിമുഖത്തിനു മുമ്പ് അഭിമുഖം നടത്തുന്ന ആളും ചില തയ്യാറെടുപ്പുകൾ നടത്തേണ്ടതുണ്ട്. പതിര് കളഞ്ഞ് ധാന്യം വേർതിരിക്കുന്നതു പോലെയാണ് അഭിമുഖം. യോഗ്യരായ ഒരു ഉദ്യോഗാർത്ഥിയും അവശേഷിക്കുന്നില്ല, എന്നാൽ യോഗ്യതയില്ലാത്തവർ കടന്നു കൂടുന്നുമില്ല എന്ന് ഉറപ്പ് വരുത്തണം. അഭിമുഖ ദിവസമെത്തുന്നതിനു മുമ്പ് തന്നെ ഞാൻ 150-200 ചോദ്യങ്ങളുടെ ഒരു ചോദ്യ ബാങ്ക് ഉണ്ടാക്കി മനസ്സിൽ സൂക്ഷിക്കുമായിരുന്നു. എഴുത്തുപരീക്ഷയുടെ സിലബസ് അനുസരിച്ചുള്ള വിഷയങ്ങളെല്ലാം ഇതിലുണ്ടാകും. എല്ലാ ചോദ്യങ്ങളും വളരെ ലളിതമായിരിക്കും. ജിയോളജിയുടെ അടിസ്ഥാനകാര്യങ്ങളെക്കുറിച്ച് ഉദ്യോഗാർത്ഥികൾക്ക് വേണ്ടത്ര അറിവുണ്ടോയെന്ന്പരിശോധിക്കുന്നതിനാണിത്. വിഷയത്തിലെ താൽപ്പര്യം, ഗ്രഹിക്കാനുള്ള കഴിവ്, അന്വേഷണാത്മകത, ഫീൽഡ് വർക്ക് ചെയ്യാനുള്ള കഴിവ് എന്നിവ പരിശോധിക്കും. ചോദ്യത്തിന് ഉത്തരം പറഞ്ഞില്ലെങ്കിൽ ശരിയായ ഉത്തരം ഉടൻ പറഞ്ഞു കൊടുക്കുന്ന ശീലം എനിക്കുണ്ട്. ഉദ്യോഗാർത്ഥിയുടെ കഴിവ് പരിശോധിക്കുന്നതിനായി ചോദ്യങ്ങൾ ചോദിച്ച് ഉത്തരം പറയുകയാണെങ്കിൽ വിഷയത്തിലെ അറിവ് നോക്കാനായി കൂടുതൽ ചോദ്യങ്ങൾ ചോദിക്കും.

അദ്ദേഹത്തിനറിയുന്ന വിഷയത്തിലേക്ക് നമ്മളെ കൂട്ടിക്കൊണ്ടുപോയി നമ്മുടെ വഴിതെറ്റിക്കാനുള്ള ശ്രമം ഉണ്ടാകാം. അതിന് വഴിവെച്ചു കൊടുക്കാനും പാടില്ല. ഉദാഹരണത്തിന്, ഉദ്യോഗാർത്ഥി ഗവേഷണം നടത്തുന്ന അപൂർവ ഭൗമ മൂലകങ്ങളെക്കുറിച്ച് ( റെയർ എർത്ത് മിനറൽസ് ) പറഞ്ഞ് ഇന്റർവ്യു ചെയ്യുന്ന ആളെ അതിലേക്ക് ആകർഷിച്ച് മറ്റു ചോദ്യങ്ങൾ ഒഴിവാക്കി കിട്ടാനുള്ള ശ്രമങ്ങൾ നടത്തിയേക്കാം. അത്തരം സാഹചര്യങ്ങൾ ഒഴിവാക്കണം. ജിയോളജി കൂടാതെ, പൊതുവായ അവബോധത്തെക്കുറിച്ചും കുറച്ച് ചോദ്യങ്ങൾ ചോദിക്കാറുണ്ട്. ഉദ്യോഗാർത്ഥിയുടെ നാടിന്റെ ചരിത്ര – സാംസ്ക്കാരിക പശ്ചാത്തലത്തെക്കുറിച്ചെല്ലാം അന്വേഷിക്കും. ഉദ്യോഗാർത്ഥി ഇടുക്കിയിൽ നിന്നാണെന്ന് കരുതുക. ഇടുക്കിയുടെ ഭൗമശാസ്ത്രവും എഞ്ചിനിയറിംഗ് ജിയോളജിയിൽ ഇടുക്കിയുടെ പ്രാധാന്യത്തെക്കുറിച്ചും ചോദിക്കും. രാജ്യത്തെ ഒരേയൊരു ആർച്ച് ഡാമായ ഇടുക്കി ഡാമിനെക്കുറിച്ച് അദ്ദേഹം ബോധവാനാണോ എന്നറിയാനാണിത്. ഉദ്യോഗാർത്ഥി വരുന്ന സംസ്ഥാനത്തിന്റെ ഭൗമശാസ്ത്രത്തെക്കുറിച്ചും ധാതുസമ്പത്തിനെക്കുറിച്ചും ചോദിക്കാറുണ്ട്. ഉദാഹരണത്തിന് കേരളത്തിൽ നിന്നുള്ള ആളാണെങ്കിൽ പഠിച്ച കോളേജിനു ചുറ്റുമുള്ള ജിയോളജിയെക്കുറിച്ച് അന്വേഷിക്കും. ഗ്രാനൈറ്റ് അല്ലെങ്കിൽ ഗാബ്രോ പോലുള്ള ഒരു പാറയുടെ കഷ്ണം തിരിച്ചറിയാൻ ആവശ്യപ്പെടും.

ഗ്രാനൈറ്റ് വളരെ സാധാരണയായി കാണുന്ന ഒരു പാറയാണ് അത് നമുക്ക് ചുറ്റും എല്ലായിടത്തുമുണ്ട്. മാത്രമല്ല ഓരോ വിദ്യാർത്ഥിക്കും അത് തിരിച്ചറിയാൻ കഴിയണം. അതുപോലെ ധാതുക്കളും. ക്വാർട്സ്, ഫെൽസ്പാർ എന്നിവ സർവ്വവ്യാപിയാണ്, ഓരോ ഉദ്യോഗാർത്ഥിക്കും അത് തിരിച്ചറിയാൻ കഴിയണം പാറയിൽ അടങ്ങിയിരിക്കുന്ന ഈ ധാതുക്കളെ തിരിച്ചറിയാൻ കഴിയുന്നില്ലെങ്കിൽ പെട്രോളജിയിലെ അറിവ് വളരെ മോശമാണെന്ന് വേണം കരുതാൻ.പാറകളും ധാതുക്കളും തിരിച്ചറിയുകഎന്നത് ജിയോളജിയിൽ പ്രധാനമാണ്.
വിഷയ വിദഗ്ദ്ധനായിരിക്കെ നടത്തിയ ചില നിരീക്ഷണങ്ങൾ :
1. ആൺകുട്ടികളേക്കാൾ പെൺകുട്ടികൾ ധാരാളമായി ജിയോളജി വിഷയം പഠിക്കാൻ വരുന്നുണ്ട്. സർവകലാശാലകളിലും കോളേജുകളിലും ഞാൻ നടത്തിയ പ്രഭാഷണ പരിപാടികളിൽ നിന്ന് മനസ്സിലായ കാര്യമാണ്.
2. അഭിമുഖങ്ങളിലും പെൺകുട്ടികളാണ് തൃപ്തികരമായ പ്രകടനം കാഴ്ച്ച വെക്കുന്നത്.

3. കേരളത്തിൽ നിന്നുള്ള വിദ്യാർത്ഥികൾ ബുദ്ധിമാന്മാരും മിടുക്കരുമാണെങ്കിലും ഇംഗ്ലീഷിൽ ആശയവിനിമയ ശേഷി കുറവാണ്
4. കേരളത്തിന് പുറത്തുള്ള സർവകലാശാലകളിൽ പഠിച്ച മലയാളി വിദ്യാർത്ഥികൾ മികച്ച പ്രകടനം കാഴ്ചവയ്ക്കുന്നുണ്ട്.
5. വളരെ താഴ്ന്ന നിലവാരത്തിലുള്ള സർവ്വകലാശാലകളിലെ വിദ്യാർ ത്ഥികളേക്കാൾ അറിയപ്പെടുന്ന സർവ്വകലാശാലകളിലെ വിദ്യാർത്ഥികളുടെ പ്രകടനം മോശമാകാറുണ്ട്.
ജിയോളജിസ്റ്റ് തസ്തികയ്ക്കുള്ള അഭിമുഖത്തിന് പോകുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ :
1. അഭിമുഖത്തിന്റെ ലക്ഷ്യം ഉദ്യോഗാർത്ഥികളുടെ അജ്ഞത പരീക്ഷിക്കുകയല്ല , അവരുടെ കഴിവ്, വിഷയത്തിലുള്ള അഭിരുചി എന്നിവ വിലയിരുത്തുകയാണ്
2. വിഷയം മനസ്സിലാക്കി കാര്യങ്ങൾ നിരീക്ഷിച്ച് ഫീൽഡ് വർക്ക് ചെയ്യാനുള്ള കഴിവുണ്ടോയെന്ന പരിശോധന അഭിമുഖത്തിലുണ്ടാകും.
3. ഭൗമശാസ്ത്രത്തിൽ മാത്രമല്ല ഇന്ത്യയുടെ ചരിത്ര-സാംസ്ക്കാരികപരമായ കാര്യങ്ങളിലും പൊതുവായ അറിവുണ്ടോ എന്ന അന്വേഷണമുണ്ടാകും. ( ഇന്ത്യാചരിത്രം പഠിക്കണമെന്നല്ല ഇതിനർത്ഥം ). നമ്മുടെ പ്രദേശത്തെ കാര്യങ്ങൾ അറിഞ്ഞിരിക്കണം. ഉദാഹരണത്തിന്, ഒരു ഉദ്യോഗാർത്ഥി സൂറത്തിൽ നിന്നാണ് വരുന്നതെങ്കിൽ സൂറത്ത് ലോകത്തിലെ തന്നെ ഡയമണ്ട് കട്ടിംഗ് പോളിഷിങ്ങ് കേന്ദ്രമാണെന്നത് അറിഞ്ഞിരിക്കണം.
4. കൂടാതെ, ഉദ്യോഗാർത്ഥികൾ ധൈര്യമുള്ളവരും തെറ്റുകൾ അല്ലെങ്കിൽ അജ്ഞത സമ്മതിക്കാൻ ആത്മാർത്ഥതയുള്ളവരുമായിരിക്കണം
5. ഒരിക്കലും തെറ്റ് പറഞ്ഞ് പിടിച്ചു നിൽക്കാൻ വേണ്ടി വാദിക്കരുത്
6. ബഹുമാനിക്കാനുള്ള കഴിവ് നല്ല പെരുമാറ്റം തുടങ്ങിയവ സ്വയം ആർജിക്കണം.
7. അമിത മിടുക്ക് കാണിച്ച് സ്വയം വലുതാവാൻ ശ്രമിക്കരുത്. മറ്റുള്ളവരെ വിഡ്ഡികളാക്കുന്ന രീതിയിൽ പെരുമാറാനും പാടില്ല.




















