‘മാതൃകാ ജൈവവൈവിധ്യ സൗഹൃദ ഗ്രാമങ്ങൾ’പദ്ധതി തുടങ്ങി

അന്താരാഷ്ട്ര ജൈവവൈവിധ്യ ദിനാചരണത്തോടനുബന്ധിച്ച് സംസ്ഥാന ജൈവവൈവിധ്യ ബോർഡ് ‘മാതൃകാ ജൈവവൈവിധ്യ സൗഹൃദ ഗ്രാമങ്ങൾ’ പദ്ധതി ആരംഭിച്ചു. തിരുവനന്തപുരം ഐ.എം.ജി പത്മം ഹാളിൽ നടന്ന സംസ്ഥാനതല ശില്പശാല ആരോഗ്യ മന്ത്രി കെ. മുരളീധരൻ ഉദ്ഘാടനം ചെയ്തു.

ജൈവ വൈവിധ്യ ബോർഡ് അംഗം ഡോ. മിനിമോൾ ജെ.എസ്., ജൈവ വൈവിധ്യ ബോർഡ് മുൻ ചെയർമാൻ ഡോ. ഉമ്മൻ വി. ഉമ്മൻ, ടോക്കിയോ യൂണൈറ്റഡ് നേഷൻസ് യൂണിവേഴ്സിറ്റി ഫാക്കൽറ്റി ഡോ. സുനിത എം. സുബ്രഹ്മണ്യം, മുൻ ചീഫ് സെക്രട്ടറി എസ്. എം. വിജയാനന്ദ് , പത്തനംതിട്ട ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ദീനാമ്മ റോയ് എന്നിവർ  പങ്കെടുത്തു.

പ്രാദേശിക പ്രവർത്തനങ്ങൾ – ആഗോള പ്രതിഫലനം എന്ന പ്രമേയത്തിൽ നടന്ന പരിപാടിയിൽ പരിസ്ഥിതി സംരക്ഷണവും വികസന പ്രവർത്തനങ്ങളും ഏകോപിപ്പിച്ചുള്ള പദ്ധതികൾക്ക് സർക്കാർ ശക്തമായ പിന്തുണ നൽകുമെന്ന് മന്ത്രി അറിയിച്ചു. തദ്ദേശസ്വയംഭരണ സ്ഥാപനങ്ങൾ കേരള സംസ്ഥാന ജൈവവൈവിധ്യ ബോർഡിന്റെ സഹകരണത്തോടെ നടപ്പാക്കുന്ന ജൈവവൈവിധ്യ സംരക്ഷണ പ്രവർത്തനങ്ങൾക്ക് കൂടുതൽ പ്രാധാന്യം നൽകുമെന്നും അദ്ദേഹം പറഞ്ഞു.

കേരളത്തെ രാജ്യത്തെ മികച്ച ജൈവവൈവിധ്യ സൗഹൃദ സംസ്ഥാനമാക്കുന്നതിനുള്ള പ്രവർത്തനരേഖ, പ്രാദേശിക തലത്തിലുള്ള സംരക്ഷണ പ്രവർത്തനങ്ങളിൽ തദ്ദേശ സ്ഥാപനങ്ങളുടെ പങ്ക്, കാലാവസ്ഥാ പ്രതിരോധ ശേഷിയുള്ള കാർഷിക ജൈവവൈവിധ്യ സംരക്ഷണം, തണ്ണീർത്തട പുനഃസ്ഥാപനം, നാട്ടുവനം വികസനം തുടങ്ങിയ പ്രകൃതി അധിഷ്ഠിത പരിഹാരങ്ങൾ, ഏകാരോഗ്യ സമീപനത്തിന്റെ പ്രസക്തി തുടങ്ങിയ വിഷയങ്ങൾ ശില്പശാലയിൽ  ചർച്ചയായി.