1200 കുട്ടികൾ വർണ്ണ ബോർഡുകൾ ഉയർത്തി; ഗാന്ധി ചിത്രം തെളിഞ്ഞു
സ്ക്കൂൾ ഗ്രൗണ്ടിൽ 1200 കുട്ടികൾ ഒത്തുചേർന്ന് വർണ്ണ ബോർഡുകൾ ഉയർത്തിപ്പിടിച്ചപ്പോൾ തെളിഞ്ഞത് ഗാന്ധിജിയുടെ ചിത്രം. തൃശ്ശൂർ എറിയാട് ഗവൺമെൻ്റ് കേരള വർമ്മ ഹയർ സെക്കൻഡറി സ്കൂളിലാണ് ഗാന്ധി ജയന്തിയോടനുബന്ധിച്ച് കുട്ടികൾ ഗാന്ധിജിയുടെ ചിത്രം തീർത്തത്. രണ്ടടി വലുപ്പത്തിലുള്ള1200 വർണ്ണ ബോർഡുകൾ ചേർത്ത് വെച്ച് മുകളിലേയ്ക്ക് ഉയർത്തിപ്പിടിക്കുമ്പോൾ കിട്ടുന്ന ആകാശ ദൃശ്യത്തിലാണ് ഗാന്ധിജിയുടെ മുഖം തെളിഞ്ഞത്.
എൺപതടി വലുപ്പമുള്ള ഗാന്ധിയുടെ ചിത്രമാണ് കുട്ടികൾ ദൃശ്യവിരുന്നായി ഒരുക്കിയത്. കുട്ടികൾ പിടിച്ച ഇതേ ബോർഡുകൾ തന്നെ തിരിച്ചു പിടിക്കുമ്പോൾ സ്ക്കൂൾ വാർഷികത്തിൻ്റെ ചിത്രവും തെളിയും. സ്കൂളിൻ്റെ നൂറാം വാർഷികാഘോഷങ്ങളുടെ വിളംബര
മായാണ് ഇത്തരത്തിൽ വ്യത്യസ്തമായ ചിത്രം തീർത്തത്. കൂടാതെ ലഹരിക്കെതിരെ ‘സെ നോ ടു ഡ്രഗ്ഗ്സ് ‘ എന്ന സന്ദേശം എഴുതിയ നൂറടി നീളത്തിലുള്ള ബാനറും കുട്ടികൾ ഉയർത്തി പ്രതിജ്ഞയെടുത്തു. കുട്ടികളും അധ്യാപകരും രക്ഷിതാക്കളും പൂർവ്വ വിദ്യാർത്ഥികളും ഉൾപ്പെടെ വലിയൊരു ജനക്കൂട്ടം സ്കൂൾ ഗ്രൗണ്ടിൽ എത്തിയിരുന്നു.
ശില്പിയും ചിത്രകാരനുമായ ഡാവിഞ്ചി സുരേഷാണ് ചിത്രത്തിനു പിന്നിൽ പ്രവർത്തിച്ചത്. കട്ടികുറഞ്ഞ ബോർഡിൽ തുണിയൊട്ടിച്ച്
സ്പ്രേ ഗൺ ഉപയോഗിച്ച് വര്‍ണ്ണങ്ങള്‍ ചാലിച്ച് 12 ദിവസത്തോളം പണിപ്പെട്ടാണ് സുരേഷും സുഹൃത്തുക്കളും ചിത്രം ഒരുക്കിയത്.
അലുംനി അസോസിയേഷൻ്റെയും പി.ടി.എ.യുടെയും സംഘാടക സമിതിയുടെയും സഹായത്തോടെയാണ് ‘ചിത്ര ദൃശ്യവിസ്മയം’ പേരിൽ ചിത്രം ഒരുക്കിയത്. സ്ക്കൂളിലെ പൂർവ്വ വിദ്യാർത്ഥി കൂടിയാണ് ഡാവിഞ്ചി സുരേഷ്. വ്യത്യസ്ത മീഡിയങ്ങളിൽ ചിത്രങ്ങൾ ഉണ്ടാക്കുന്ന സുരേഷിൻ്റെ എൺപത്തി എട്ടാമത്തെ മീഡിയമാണിത്. ഈ ആകാശ ദൃശ്യം ജനങ്ങളിലെത്തിക്കാൻ ഡ്രോണുമായി ക്യാമറാമാൻ സിമ്പാദും സംഘവുമാണ് ഒപ്പമുണ്ടായിരുന്നത്.
💖💖💖
Good