അയോദ്ധ്യ വിമാനത്താവളം പ്രധാനമന്ത്രി  ഉദ്ഘാടനം ചെയ്തു

അയോധ്യയിൽ പുതുതായി നിര്‍മ്മിച്ച അന്താരാഷ്ട്ര വിമാനത്താവളം പ്രധാനമന്ത്രി  നരേന്ദ്ര മോദി ഉദ്ഘാടനം ചെയ്തു. മഹര്‍ഷി വാല്‍മീകി അന്താരാഷ്ട്രവിമാനത്താവളം എന്നാണ് വിമാനത്താവളത്തിൻ്റെ പേര്.
മഹര്‍ഷി വാല്‍മീകിയുടെ പേര് അയോദ്ധ്യ വിമാനത്താവളത്തിന് നല്‍കിയതിലുള്ള സന്തോഷം പിന്നീട് ഒരു പൊതുപരിപാടിയില്‍ സംസാരിച്ചുകൊണ്ട് പ്രധാനമന്ത്രി പ്രകടിപ്പിച്ചു.

ശ്രീരാമനുമായി നമ്മെ ബന്ധിപ്പിക്കുന്ന അറിവിന്റെ പാതയാണ് മഹര്‍ഷി വാല്മീകിയുടെ രാമായണം എന്ന് അദ്ദേഹം പറഞ്ഞു. ആധുനിക


ഇന്ത്യയിലെ മഹര്‍ഷി വാല്‍മീകി അന്താരാഷ്ട്ര വിമാനത്താവളം നമുക്ക് അയോദ്ധ്യധാമിലേക്കും പുതിയ ദിവ്യ മഹാ രാമക്ഷേത്രത്തിലേക്കും വഴിയൊരുക്കും- പ്രധാനമന്ത്രി പറഞ്ഞു.

ആദ്യ ഘട്ടത്തില്‍ വിമാനത്താവളത്തിന് പ്രതിവര്‍ഷം 10 ലക്ഷം യാത്രക്കാർക്ക് സേവനം നൽകാൻ കഴിയും. രണ്ടാം ഘട്ടത്തിൽ  പ്രതിവര്‍ഷം 60 ലക്ഷം യാത്രക്കാരുടെ ആവശ്യങ്ങള്‍ നിറവേറ്റാനാകും.
അത്യാധുനിക സൗകര്യമുള്ള വിമാനത്താവളത്തിന്റെ ഒന്നാം ഘട്ടം 1450 കോടിയിലധികം രൂപ ചെലവഴിച്ചാണ് പൂർത്തിയാക്കിയത്.

വിമാനത്താവളത്തിന്റെ ടെര്‍മിനല്‍ കെട്ടിടത്തിന് 6500 ചതുരശ്ര മീറ്റര്‍ വിസ്തീര്‍ണ്ണമുണ്ട്. ടെര്‍മിനല്‍ കെട്ടിടത്തിന്റെ മുന്‍ഭാഗം അയോദ്ധ്യയില്‍ ഉയരുന്ന ശ്രീരാമ ക്ഷേത്ര വാസ്തുവിദ്യയെ ചിത്രീകരിക്കുന്നതാണ്.
ടെര്‍മിനല്‍ ബില്‍ഡിംഗിന്റെ അകത്തളങ്ങള്‍ ശ്രീരാമന്റെ ജീവിതത്തെ ചിത്രീകരിക്കുന്ന പ്രാദേശിക കലകള്‍, പെയിന്റിംഗുകള്‍, ചുവര്‍ചിത്രങ്ങള്‍ എന്നിവയാല്‍ അലങ്കരിച്ചിരിക്കുന്നു.

ഇന്‍സുലേറ്റഡ് റൂഫിംഗ് സിസ്റ്റം, എല്‍.ഇ.ഡി ലൈറ്റിംഗ്, മഴവെള്ള സംഭരണം, ജലധാരകളോടുകൂടിയ ലാന്‍ഡ്‌സ്‌കേപ്പിംഗ്, വാട്ടര്‍ ട്രീറ്റ്‌മെന്റ് പ്ലാന്റ്, സീവേജ് ട്രീറ്റ്‌മെന്റ് പ്ലാന്റ്, സൗരോര്‍ജ്ജ പ്ലാന്റ് തുടങ്ങിയവ അയോദ്ധ്യ വിമാനത്താവളത്തിന്റെ ടെര്‍മിനല്‍ ബില്‍ഡിംഗില്‍ സജ്ജീകരിച്ചിട്ടുണ്ട്. വിമാനത്താവളം മേഖലയിലെ ബന്ധിപ്പിക്കല്‍ മെച്ചപ്പെടുത്തും, ഇത് ടൂറിസം, ബിസിനസ് പ്രവര്‍ത്തനങ്ങള്‍, തൊഴിലവസരങ്ങള്‍ എന്നിവയ്ക്ക് ഉത്തേജനം നല്‍കും.

Leave a Reply

Your email address will not be published. Required fields are marked *