കൊച്ചി മെട്രോ യാത്രക്കാരുടെ എണ്ണം10 കോടി കവിഞ്ഞു

അപൂർവ്വ നേട്ടവുമായി കൊച്ചി മെട്രോ. മെട്രോയിൽ  ഇതുവരെ യാത്ര ചെയ്തവരുടെ എണ്ണം പത്ത് കോടി കവിഞ്ഞു.10,33,59,586 ആളുകളാണ് കൊച്ചി മെട്രോ സർവ്വീസ് ആരംഭിച്ച 2017 ജൂൺ 19 മുതൽ 2023 ഡിസംബർ 29 വരെ യാത്ര ചെയ്തത്. ആറര വർഷത്തിനിടയിലാണ് കൊച്ചി മെട്രോ ഈ നേട്ടം കൈവരിച്ചത്.

2021 ഡിസംബർ 21 നാണ് യാത്രക്കാരുടെ എണ്ണം അഞ്ച് കോടി കടന്നത്. ഇതിന് ശേഷം ഏഴ് മാസത്തിനകം 2022 ജൂലൈ 14ന് യാത്രക്കാരുടെ എണ്ണം ആറ് കോടി പിന്നിട്ടു. കഴിഞ്ഞ ഒന്നര വർഷത്തിനിടെ നാല് കോടിയാളുകളാണ് കൊച്ചി മെട്രോയിൽ യാത്ര ചെയ്തത്. സർവ്വീസ് ആരംഭിച്ച് അഞ്ച് വർഷത്തിനുള്ളിൽ പ്രവർത്തനച്ചെലവുകൾ വരുമാനത്തിൽ നിന്ന് തന്നെ നിറവേറ്റാൻ കഴിഞ്ഞ സാമ്പത്തിക വർഷം കെ.എം.ആർ.എല്ലിന് സാധിച്ചു.

2023 ൽ യാത്രക്കാരുടെ എണ്ണത്തിൽ ഗണ്യമായ വർദ്ധനയാണ് ഉണ്ടായത്. വിദ്യാർത്ഥികൾക്കുൾപ്പെടെയുള്ള വിവിധ യാത്ര പാസ്സുകൾ, ഓഫറുകൾ എന്നിവ ഉൾപ്പെടുത്തി പൊതുജനങ്ങളെ കൊച്ചി മെട്രോയിലേക്ക് ആകർഷിക്കാൻ കെ.എം.ആർ.എൽ  നടത്തിയ പരിശ്രമങ്ങൾ ഫലം കണ്ടുവെന്ന്  മാനേജിംഗ് ഡയറക്ടർ ലോക്നാഥ് ബെഹ്റ അറിയിച്ചു.

2023 ജനുവരിയിൽ 79130 ആയിരുന്ന ശരാശരി യാത്രക്കാരുടെ എണ്ണം ഡിസംബറിൽ 94000 ആയി ഉയർന്നിരിക്കുന്നു. ഈ വർഷം 40 ദിവസമാണ് യാത്രക്കാരുടെ എണ്ണം ഒരു ലക്ഷം പിന്നിട്ടത്. 2023 ഒക്ടോബർ 21നാണ് കൊച്ചി മെട്രോയിൽ  ഈ വർഷം ഇതുവരെ ഏറ്റവുമധികം ആളുകൾ യാത്ര ചെയ്തത്. 132,161 ആളുകളാണ് അന്ന്
യാത്ര ചെയ്തത്.

ടിക്കറ്റ് ഇനത്തിൽ കൊച്ചി മെട്രോ ഏറ്റവുമധികം വരുമാനം നേടിയതും 2023 ഒക്ടോബർ 21നാണ്. നിർമ്മാണം പൂർത്തിയായി തൃപ്പൂണിത്തുറ സ്റ്റേഷനിലേക്ക് കൂടി സർവ്വീസ് ആരംഭിക്കുന്നതോടെ ദിനംപ്രതി യാത്രക്കാരുടെ എണ്ണം ഒരു ലക്ഷം പിന്നിടുമെന്നാണ് പ്രതീക്ഷ.

സാങ്കേതിക വിദ്യയിൽ മറ്റ് മെട്രോകളെ പിന്നിലാക്കി കൊച്ചി മെട്രോ മുന്നോട്ടു വെച്ച മാതൃകയിലൂടെ കെ.എം.ആർ.എല്ലിന് പ്രവർത്തന ചെലവുകളെ പിടിച്ചുനിർത്താൻ സാധിച്ചു. പരിസ്ഥിതിക്ക് പ്രാധാന്യം നൽകുന്ന മഴവെള്ള സംഭരണം, സൗരോർജ്ജ പദ്ധതികൾ എന്നിവയും കൊച്ചി മെട്രോയെ വേറിട്ടതാക്കുന്നു.

ഡിജിറ്റൽ ടിക്കറ്റിംഗിലും കൊച്ചി മെട്രോ ബഹുദൂരം പിന്നിട്ടുകഴിഞ്ഞു. കൊച്ചി വൺ ആപ്പ് വഴിയുള്ള ഗ്രൂപ്പ് ബുക്കിംഗ് സൗകര്യം നിരവധി ആളുകൾ ഉപയോഗിക്കുന്നുണ്ട്. വാട്സ്ആപ്പ് വഴി ടിക്കറ്റ് ബുക്ക് ചെയ്യാനുള്ള സേവനം ഉടൻ നിലവിൽ വരുമെന്നും കെ.എം.ആർ.എൽ അധികൃതർ അറിയിച്ചു.

Leave a Reply

Your email address will not be published. Required fields are marked *