ടെക്നോപാർക്കിൽ നയാഗ്ര ബിൽഡിംഗ് ഉദ്ഘാടനം ചെയ്തു

പുതിയ പദ്ധതികൾ ആരംഭിക്കുന്നതോടെ ഇന്ത്യയിലെ പ്രധാന ഐ.ടി ഹബ്ബായി തിരുവനന്തപുരം ടെക്നോപാർക്ക് മാറുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. ടോറസ് ഡൗൺടൗൺ പ്രോജക്ടിന്റെ ഭാഗമായുള്ള നയാഗ്ര ബിൽഡിംഗ് ഉദ്ഘാടനം ചെയ്യുകയായിരുന്നു മുഖ്യമന്ത്രി.

ഇക്വിഫാക്സ് അനലിറ്റിക്സ് പ്രൈവറ്റ് ലിമിറ്റഡ് പോലുള്ള ആഗോള ബ്രാൻഡുകൾ ഇതിനകം സംസ്ഥാനത്ത് പ്രവർത്തനമാരംഭിച്ചു. മികച്ച മാർക്കറ്റിംഗ് തന്ത്രങ്ങളിലൂടെയും പ്രവർത്തനാന്തരീക്ഷം ഒരുക്കിയും കൂടുതൽ നിക്ഷേപം സംസ്ഥാനത്ത് എത്തിക്കുന്നതിനാണ് ഗവൺമെന്റ് ശ്രമിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

സംസ്ഥാനത്തെ ഐ.ടി ഹബ്ബിന്റെ വളർച്ചയ്ക്ക് പുത്തന്‍ സാധ്യതകള്‍ തുറക്കുന്നതാണ് ടോറസ് ഡൗൺടൗൺ ട്രിവാൻഡ്രം പദ്ധതിയിൽ നിർമ്മിച്ച ആധുനിക ഓഫീസ് സമുച്ചയമായ ‘നയാഗ്ര.’ യു.എസ്സിലെ ബോസ്റ്റൺ ആസ്ഥാനമായുള്ള എംബസി ടോറസ് ടെക്‌സോണിന്റെ ഇന്ത്യയിലെ ഒരു പ്രധാന പദ്ധതിയാണ് ടോറസ് ഡൗൺടൗൺ ട്രിവാൻഡ്രം.

ടെക്‌നോപാർക്ക് ETTZ-ൽ ആരംഭിച്ച ഈ സമുച്ചയം കേരളം ലക്ഷ്യസ്ഥാനമായി കാണുന്ന ലോകോത്തര ഐ.ടി കമ്പനികളെ ആകർഷിക്കും. എംബസി ടോറസ് ടെക്‌സോൺ പ്രത്യേക സാമ്പത്തിക മേഖലയിൽ സ്ഥാപിച്ച ഇന്ത്യയിലെതന്നെ ആദ്യ ഓഫീസ് സമുച്ചയമാണ് നയാഗ്ര.

1.5 ദശലക്ഷം ചതുരശ്ര അടി വിസ്തീർണമുള്ള നയാഗ്ര പ്രവര്‍ത്തനം ആരംഭിക്കുന്നതിലൂടെ ലോകോത്തര ഐ.ടി കമ്പനികൾ സ്ഥാപിക്കപ്പെടുകയും ഇതിലൂടെ കേരളത്തിൽ വികസനത്തിന്‍റെ പുത്തൻ പാതകൾ തുറക്കുകയും ചെയ്യും. സെൻട്രം ഷോപ്പിംഗ് മാള്‍, നോൺ-സെസ് ഓഫീസ് കെട്ടിടം, ടോറസ് യോസെമൈറ്റ്, അസറ്റ് ഐഡന്റിറ്റി, ബിസ്സിനസ്സ് ഹോട്ടല്‍ എന്നിവ ഉള്‍ക്കൊള്ളുന്നതാണ് അഞ്ച് ദശലക്ഷം ചതുരശ്ര അടി വിസ്തീർണത്തില്‍ നിർമിച്ച ടോറസ് സമുച്ചയം.

11.45 ഏക്കർ സ്ഥലത്ത് ടോറസ് ഇൻവെസ്റ്റ്‌മെന്റ് ഹോൾഡിംഗ്‌സും എംബസി ഗ്രൂപ്പും പൂര്‍ത്തീകരിച്ച എംബസി ടോറസ് ടെക് സോൺ എന്ന അത്യാധുനിക ഓഫീസ് മൂന്ന് ദശലക്ഷം ചതുരശ്ര അടിയിൽ  പരന്നുകിടക്കുന്നു. ഇതില്‍ 1.5 ദശലക്ഷം ചതുരശ്ര അടി വീതമുള്ള രണ്ട് കെട്ടിടങ്ങളാണുള്ളത്. ആദ്യത്തെ കെട്ടിടമായ നയാഗ്രയ്ക്ക് 13 നിലകളാണുള്ളത്. അതിൽ ഏഴ് നിലകളിലായി 1350 കാർ പാർക്കിംഗ് സൗകര്യമുണ്ട്. പദ്ധതിയുടെ അടുത്ത ഘട്ടത്തിൽ 1.5 മില്യൺ ചതുരശ്ര അടി വിസ്തീർണ്ണം കൂടി വികസിപ്പിക്കാൻ സാധ്യതയുണ്ട്.

വ്യവസായങ്ങൾക്കും നിക്ഷേപകർക്കും പുതിയ അവസരങ്ങൾ സൃഷ്ടിച്ചുകൊണ്ട് ആഗോള കമ്പനികൾക്ക് നങ്കൂരമിടാനുള്ള അടുത്ത ഐ.ടി ലക്ഷ്യ സ്ഥാനങ്ങളിലൊന്നായി സംസ്ഥാനത്തെ മാറ്റുന്നതിൽ ‘നയാഗ്ര’ വലിയ പങ്കുവഹിക്കും. നയാഗ്ര ബിൽഡിംഗിൽ നടന്ന ചടങ്ങിൽ കടകംപള്ളി സുരേന്ദ്രൻ എം.എൽ.എ, മേയർ ആര്യ രാജേന്ദ്രൻ, ഇലക്ട്രോണിക്സ്, ഐ.ടി വകുപ്പ് സെക്രട്ടറി ഡോ. രത്തൻ യു. ഖേൽക്കർ, ടെക്നോപാർക്ക് സി.ഇ.ഒ സഞ്ജീവ് നായർ, അസറ്റ് ഹോംസ് എം.ഡി സുനിൽകുമാർ, ടോറസ് ഇൻവസ്റ്റ്മെന്റ് പ്രസിഡന്റ് എറിക് ആർ. റിജൻബോട്ട്, സി.ഒ.ഒ. ആർ. അനിൽകുമാർ എന്നിവർ സംബന്ധിച്ചു.

Leave a Reply

Your email address will not be published. Required fields are marked *