സ്വാതി സംഗീത പുരസ്‌ക്കാരം പി.ആര്‍.കുമാര കേരളവര്‍മ്മയ്ക്ക്

കേരള സര്‍ക്കാറിൻ്റെ സാംസ്‌കാരിക വകുപ്പ് നൽകുന്ന 2021ലെ സ്വാതി സംഗീത പുരസ്‌ക്കാരം കര്‍ണ്ണാടക സംഗീതജ്ഞന്‍ പി.ആര്‍.കുമാര കേരളവര്‍മ്മയ്ക്ക്. ഇന്ത്യന്‍ സംഗീതരംഗത്ത് അവിസ്മരണീയമായ സംഭാവനകള്‍ നല്‍കിയ സംഗീത പ്രതിഭകള്‍ക്ക്  നല്‍കുന്ന പരമോന്നത അംഗീകാരമാണിത്.

കര്‍ണ്ണാടക സംഗീതത്തിന്റെ വിവിധ മേഖലകളില്‍ നല്‍കിയ സംഭാവനകള്‍ പരിഗണിച്ചാണ് കുമാര കേരളവര്‍മ്മയെ പുരസ്‌ക്കാരത്തിന് തെരഞ്ഞെടുത്തത്. രണ്ട് ലക്ഷം രൂപയും സര്‍ട്ടിഫിക്കറ്റും പ്രശസ്തി പത്രവും പൊന്നാടയും അടങ്ങുന്നതാണ് പുരസ്‌ക്കാരം.

ഡോ.കെ.ഓമനക്കുട്ടി ചെയര്‍പേഴ്‌സണും കേരള സംഗീത നാടക അക്കാദമി സെക്രട്ടറി കരിവെള്ളൂര്‍ മുരളി മെമ്പര്‍ സെക്രട്ടറിയും സംഗീതജ്ഞന്മാരായ പാര്‍വ്വതീപുരം എച്ച്.പത്മനാഭ അയ്യര്‍, കാഞ്ഞങ്ങാട് രാമചന്ദ്രന്‍ എന്നിവര്‍ അംഗങ്ങളുമായുള്ള പുരസ്‌ക്കാര നിര്‍ണ്ണയ സമിതിയാണ്‌ പുരസ്‌ക്കാര ജേതാവിനെ തെരഞ്ഞെടുത്തത്.

ഏറ്റവുമധികം സ്വാതിതിരുനാൾ കൃതികൾ പാടിയിട്ടുള്ള സംഗീതജ്ഞനും മുത്തുസ്വാമി ദീക്ഷിതർ, ത്യാഗരാജ സ്വാമികൾ, ശ്യാമശാസ്ത്രികൾ എന്നിവരുടെ കൃതികൾ ചിട്ടപ്പെടുത്തി പുസ്തകമായി പ്രസിദ്ധീകരിക്കുകയും ചെയ്ത പ്രതിഭയുമാണ്‌ കുമാര കേരളവർമ്മയെന്നും ഈ പുസ്തകങ്ങൾ ഭാവിതലമുറയ്ക്കുള്ള മികച്ച പാഠപുസ്തകം കൂടിയാണെന്നും പുരസ്‌കാര നിർണ്ണയ സമിതി ചെയർപേഴ്സൺ ഡോ.കെ.ഓമനക്കുട്ടി അഭിപ്രായപ്പെട്ടു.

തിരുവനന്തപുരം സ്വദേശിയായ കുമാര കേരളവർമ്മ വളരെ ചെറുപ്രായത്തിൽ തന്നെ കച്ചേരികൾ നടത്തി സംഗീത രംഗത്ത്‌ അരങ്ങേറ്റം നടത്തിയിരുന്നു. എണ്ണക്കാട് കൊട്ടാരത്തിലെ ഇ.രാമവർമ്മ രാജയുടെയും പള്ളം കൊട്ടാരത്തിലെ സീതാദേവി തമ്പുരാട്ടിയുടെയും മകനായി ജനിച്ച അദ്ദേഹം തിരുവനന്തപുരം  സ്വാതി തിരുനാൾ കോളേജിൽ നിന്നും സംഗീതത്തിൽ ഗാനഭൂഷൺ, സംഗീത വിദ്വാൻ, ഗാനപ്രവീണ കോഴ്‌സുകൾ  ഫസ്റ്റ് ക്ലാസ്സോടെ പൂർത്തിയാക്കി.

1962 ൽ കേന്ദ്രസാംസ്‌കാരിക മന്ത്രാലയത്തിൽ നിന്നും  സംഗീതത്തിൽ ദേശീയ സ്‌കോളർഷിപ്പും കരസ്ഥമാക്കിയിട്ടുണ്ട്. ശെമ്മാങ്കുടി ശ്രീനിവാസ അയ്യരുടെ കീഴിൽ ഗുരുകുലസമ്പ്രദായത്തിൽ  സംഗീതത്തിൽ പ്രത്യേക പരിശീലനം പൂർത്തിയാക്കി.1966 ൽ സ്വാതി തിരുനാൾ സംഗീത കോളേജിൽ അധ്യാപകനായി ജോലിയിൽ പ്രവേശിച്ചു. പാലക്കാട് ചെമ്പൈ സംഗീത കോളേജിൽ പ്രിൻസിപ്പലായും സേവനം  അനുഷ്ഠിച്ചിട്ടുണ്ട്.

28 വർഷത്തെ സേവനത്തിനുശേഷം സ്വാതിതിരുനാൾ സംഗീത കോളേജിൽ  നിന്നും പ്രിൻസിപ്പലായാണ് വിരമിച്ചത്. കർണ്ണാടക സംഗീതരംഗത്ത് നൽകിയ സംഭാവനകൾ പരിഗണിച്ച് കേരള സംഗീത നാടക അക്കാദമി 1993 ൽ അക്കാദമി അവാർഡും 2017 ൽ ഫെലോഷിപ്പും നൽകി ആദരിച്ചിട്ടുണ്ട്. ഇന്ത്യയിലെ വിവിധ സർവ്വകലാശാലകളിൽ പരീക്ഷാ വിഭാഗത്തിന്റെ അധ്യക്ഷനായും പ്രവർത്തിച്ചു.

Leave a Reply

Your email address will not be published. Required fields are marked *