ദീപാലംകൃത ഫറോക്ക് പാലത്തിലെ കാഴ്ച്ചകൾ കാണാൻ തിരക്ക്

ഫറോക്കിലെ ഗതാഗത കുരുക്കിന് പരിഹാരം കാണുമെന്ന് പൊതുമരാമത്ത് വിനോദ സഞ്ചാര വകുപ്പ് മന്ത്രി പി.എ. മുഹമ്മദ് റിയാസ് പറഞ്ഞു. കേരളത്തിലെ പ്രധാന പാലങ്ങൾ
ദീപാലംകൃതമാക്കുന്നതിന്റെ സംസ്ഥാനതല ഉദ്ഘാടനം കോഴിക്കോട് ഫറോക്ക് പഴയ പാലത്തിൽ നിർവ്വഹിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി.

ജനങ്ങൾക്ക് ആഹ്ലാദിക്കാനും സന്തോഷിക്കാനും ദുഷ്ടമനസ്സില്ലാത്ത എല്ലാവർക്കും കയ്യടിക്കാനുളള ഒന്നാണ് ഈ  ദീപാലംകൃത പാലം. ഇത് എല്ലാ ജനങ്ങൾക്കുമുള്ള പദ്ധതിയാണെന്നും എല്ലാവർക്കും ഒത്ത് കൂടാനുള്ള ഇടമാണന്നും മന്ത്രി പറഞ്ഞു.

കക്ഷിഭേദമന്യേ എല്ലാവരും ഒന്നിക്കുന്നത് കൊണ്ടാണ് ഈ പാർക്കിന് ‘വി’ നമ്മൾ എന്ന പേര് നൽകിയത്. പാർക്കിലെ സ്റ്റേജ് പ്രദേശത്തെ കലാകാരൻമാർക്ക് സ്വതന്ത്രമായി പരിപാടികൾ അവതരിപ്പിക്കാൻ നൽകും. പാലവും പാർക്കും പോസിറ്റീവ് എനർജി ലഭിക്കുന്ന ഇടമാക്കി മാറ്റുകയാണ് ലക്ഷ്യമെന്നും മന്ത്രി കൂട്ടിച്ചേർത്തു.

പാലത്തിലെ ദീപാലങ്കാരം കാണാൻ സന്ധ്യയായാൽ നല്ല തിരക്കാണ്. പൊതുമരാമത്ത് വകുപ്പ് ഇലക്ട്രിക്കൽ വിഭാഗമാണ് പാലത്തിൽ വൈദ്യുത ദീപാലങ്കാരം ഒരുക്കിയത്. പദ്ധതി നിർവഹണത്തിനുള്ള 1.65 കോടി രൂപ  ആർ.ബി.ഡി.സി.കെയാണ് ചെലവഴിച്ചത്.

പാലത്തിൽ സെൽഫി പോയിന്റിനു പുറമേ വീഡിയോ വാൾ, കഫെറ്റീരിയ, സ്ട്രീറ്റ് ലൈബ്രറി, ഗാർഡൻ മ്യൂസിക്, കുട്ടികളുടെ പാർക്ക്, സൗജന്യ വൈ ഫൈ, വി ആർ ഹെഡ്സെറ്റ് മൊഡ്യൂൾ, ടോയ് ലെറ്റ് ബ്ലോക്ക്, നിർമ്മിത ബുദ്ധിയിൽ പ്രവർത്തിക്കുന്ന ഓട്ടോമേറ്റഡ് ട്രാഫിക് സിഗ്നൽ തുടങ്ങിയ  സംവിധാനങ്ങളുമുണ്ട്.

ചടങ്ങിൽ മേയർ ബീന ഫിലിപ്പ്, ഡെപ്യൂട്ടി മേയർ സി.പി. മുസാഫർ അഹമ്മദ്, ഫറോക്ക് നഗരസഭ ചെയർമാൻ എൻ.സി. അബ്ദുൽ റസാഖ്, ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് പി. ഗവാസ്, ജില്ലാ കളക്ടർ സ്നേഹിൽ കുമാർ സിംഗ്, പി.ഡബ്യൂ.ഡി ബ്രിഡ്ജസ് വിഭാഗം എക്സിക്യൂട്ടീവ് എഞ്ചിനീയർ സി.എസ് അജിത്ത് തുടങ്ങിയവർ പങ്കെടുത്തു. തുടർന്ന്   സംഗീത പരിപാടിയും അരങ്ങേറി.

Leave a Reply

Your email address will not be published. Required fields are marked *