15 ഏക്കർ കൃഷിഭൂമിയിൽ കൊയ്ത്തുത്സവം

15 ഏക്കർ കൃഷിഭൂമിയിൽ ഹരിതരശ്മി പദ്ധതിയുടെ ഭാഗമായുള്ള  കൊയ്ത്തുത്സവം. വയനാട് പനമരം പഞ്ചായത്തിലെ മാങ്കാണി തറവാട്ടിലാണിത്. ഹരിതരശ്മി പദ്ധതിയില്‍ ഗുണഭോക്താക്കളായ മാങ്കാണി സംഘമാണ് 15 ഏക്കറില്‍ കൃഷിയിറക്കിയത്. പദ്ധതിയില്‍ വയനാട് ജില്ലയില്‍ 140 സ്വാശ്രയ സംഘങ്ങളിലായി 3000 കര്‍ഷകരാണുള്ളത്.

പട്ടികവര്‍ഗ്ഗ വികസന വകുപ്പ്, സെന്റര്‍ ഫോര്‍ മാനേജ്മെന്റ് ഡെവലപ്പ്‌മെന്റ്  മുഖേന നടപ്പാക്കുന്ന ഹരിതരശ്മി പദ്ധതിയാണ് കൃഷിക്കാവശ്യമായ സഹായങ്ങളും പിന്തുണയും നല്‍കിയത്. വയനാട് ജില്ലയില്‍ 500 ഏക്കറിലാണ്  പദ്ധതിയുടെ ഭാഗമായി നെല്‍ക്കൃഷി ചെയ്തത്.

വയനാടിന്റെ തനത് നെല്ലിനങ്ങളായ ഗന്ധകശാല, കുള്ളന്‍ തൊണ്ടി, ആയിരം കണ, ജീരകശാല, അടുക്കന്‍, പാല്‍തൊണ്ടി, മുള്ളന്‍കൈമ എന്നീ വിത്തുകളാണ് കൃഷിയിറക്കിയത്. നെല്‍കൃഷി പ്രോത്സാഹനത്തോടൊപ്പം പരമ്പരാഗത നെല്‍വിത്തുകളുടെ സംരക്ഷണവും പദ്ധതി ലക്ഷ്യമിടുന്നുണ്ട്.

കൊയ്ത്തുത്സവം  ഒ.ആര്‍ കേളു എം. എല്‍.എ  ഉദ്ഘാടനം ചെയ്തു. മാനന്തവാടി ട്രൈബല്‍ ഡെവലപ്പ്‌മെന്റ് ഓഫീസര്‍ സി. ഇസ്മയില്‍ അധ്യക്ഷനായി. സെന്റര്‍ ഫോര്‍ മാനേജ്‌മെന്റ് ഡെവലപ്‌മെന്റ് ഡയറക്ടര്‍ ബിനോയ് കാറ്റാടിയില്‍ മുഖ്യാതിഥിയായി. ഹരിതരശ്മി പദ്ധതി സംസ്ഥാന കോര്‍ഡിനേറ്റര്‍ പി.ജി. അനില്‍, പനമരം ട്രൈബല്‍ എക്സ്റ്റന്‍ഷന്‍ ഓഫീസര്‍ ടി. നജ്മുദ്ധീന്‍, വാര്‍ഡ് മെമ്പര്‍ ലക്ഷ്മി അലക്കമുറ്റം, ഹരിതരശ്മി മാനന്തവാടി ഫെഡറേഷന്‍ പ്രസിഡന്റ് ബാബുരാജ്, പി.സി ബാലന്‍, സി.സജിത തുടങ്ങിയവര്‍ സംസാരിച്ചു.

Leave a Reply

Your email address will not be published. Required fields are marked *