കോക്കോ ഫിലിം ഫെസ്റ്റിൽ 40 ചിത്രങ്ങൾ പ്രദർശിപ്പിക്കും 

സാഹിത്യനഗര പ്രഖ്യാപനത്തോടനുബന്ധിച്ച് കോഴിക്കോട് കോർപ്പറേഷൻ  കോക്കോ ഫിലിം ഫെസ്റ്റിവൽ സംഘടിപ്പിക്കുന്നു. ജനുവരി അഞ്ചു മുതൽ 11 വരെയാണിത്. ശ്രീ തീയ്യറ്ററിലും ശ്രീ തീയ്യറ്റർ കോമ്പൗണ്ടിലുള്ള വേദി മിനി തിയ്യറ്ററിലുമായിട്ടാണ് നാൽപ്പതോളം സിനിമകൾ പ്രദർശിപ്പിക്കുക. പ്രദർശനം സൗജന്യമാണ്.
കോഴിക്കോട്ടെ സാഹിത്യകാരന്മാരുടെയും ചലച്ചിത്ര പ്രവർത്തകരുടെയും സംഭാവനകളായ മലയാള ചിത്രങ്ങളാണ് പ്രധാനമായും പ്രദർശിപ്പിക്കുന്നത്. കഴിഞ്ഞ വർഷങ്ങളിലെ കേരള അന്താരാഷ്ട്ര ചലച്ചിത്രോത്സവത്തിൽ പുരസ്കാരം ലഭിച്ച സിനിമകളും ഉണ്ട്.

വെള്ളിയാഴ്ച വൈകുന്നേരം 4.30 ന് സംസ്ഥാന ചലച്ചിത്ര അക്കാദമി വൈസ് ചെയർമാൻ പ്രേംകുമാർ ചലച്ചിത്രോത്സവം ഉദ്ഘാടനം ചെയ്യും. മേയർ ബീന ഫിലിപ്പ് അധ്യക്ഷത വഹിക്കും. മുതിർന്ന ഫിലിം സൊസൈറ്റി പ്രവർത്തകൻ ചെലവൂർ വേണുവിനെ പരിപാടിയിൽ ആദരിക്കും.

നീലക്കുയിൽ, ഭാർഗവീനിലയം, ഉത്തരായനം, നിർമ്മാല്യം, ഒരു വടക്കൻ വീരഗാഥ, ഓപ്പോൾ,1921, ഓളവും തീരവും തുടങ്ങിയ മലയാള സിനിമകൾക്കൊപ്പം ക്ലാര സോള, ക്ലാഷ്, ഐ സ്റ്റിൽ ഹൈഡ് ടു സ്‌മോക്ക്, ദി ജാപ്പനീസ് വൈഫ്, എൻഡ്ലെസ്സ് പോയട്രി തുടങ്ങിയ വിദേശ സിനിമകളും പ്രദർശിപ്പിക്കും. എല്ലാ ദിവസവും ഓപ്പൺ ഫോറം ഉണ്ടായിരിക്കും. www.kocofilmfest. eventupdates.online എന്ന വെബ്സൈറ്റ് വഴി രജിസ്റ്റർ ചെയ്യാം.

Leave a Reply

Your email address will not be published. Required fields are marked *