‘മലയാളത്തിലെ ഭാഗ്യരാജ് ‘എന്ന വിശേഷണത്തിന് ശേഷമാണ് ഞാൻ ഭാഗ്യരാജിൻ്റെ സിനിമ കാണുന്നത്- ബാലചന്ദ്രമേനോൻ

മലയാളത്തിലെ ഭാഗ്യരാജ് ‘എന്ന ചെല്ലപ്പേരിൽ മാധ്യമ സുഹൃത്തുക്കൾ  എന്നെ വിശേഷിപ്പിച്ചു തുടങ്ങിയതിനു ശേഷമാണ് ഞാൻ ഒരു ഭാഗ്യരാജ് സിനിമ കാണുന്നതെന്ന് നടനും സംവിധായകനുമായ ബാല ചന്ദ്രമേനോൻ. രണ്ടുപേരും കഥ, തിരക്കഥ, സംഭാഷണം, അഭിനയം, സംവിധാനം എല്ലാം  ഒരുമിച്ചു ചെയ്യുന്നു എന്നതൊഴിച്ചാൽ ആ താരതമ്യത്തിന് വലിയ അർത്ഥമില്ലെന്ന് ഞങ്ങളുടെ  സിനിമകൾ കണ്ടാൽ അറിയാമെന്നും ബാലചന്ദ്ര മേനോൻ പറഞ്ഞു.

തമിഴ് നടനും സംവിധായകനുമായ ഭാഗ്യരാജിൻ്റെ വിയോഗത്തിൽ ഫേസ്ബുക്കിൽ എഴുതിയ ഓർമ്മക്കുറിപ്പിലാണ് ബാലചന്ദ്ര മേനോൻ ഭാഗ്യരാജിനെ അനുസ്മരിച്ചത്. ബാലചന്ദ്ര മേനോൻ്റെ ഫേസ്ബുക്ക് അനുസ്മരണം:

‘മലയാളത്തിലെ ഭാഗ്യരാജ് ‘എന്ന ചെല്ലപ്പേരിൽ ഇന്നാട്ടിലെ മാധ്യമ സുഹൃത്തുക്കൾ എന്നെ വിശേഷിപ്പിച്ചു തുടങ്ങിയതിനു ശേഷമാണ്  ഞാൻ ഒരു ഭാഗ്യരാജ് സിനിമ കാണുന്നത് .രണ്ടുപേരും കഥ-തിരക്കഥ – സംഭാഷണം -അഭിനയം – സംവിധാനം  ഒരുമിച്ചു ചെയ്യുന്നു എന്നതൊഴിച്ചാൽ ആ താരതമ്യത്തിന് വലിയ അർത്ഥമില്ലെന്ന്  ഞങ്ങൾ രണ്ടു പേരുടെയും സിനിമകൾ കണ്ടാൽ അറിയാം. പിന്നെ എന്തെങ്കിലും സാമ്യത എന്ന് അവകാശപ്പെടാൻ  രണ്ടു പേർക്കുമുണ്ടായിരുന്നത് ജനകീയതയായിരുന്നു.

അങ്ങനെ ഇരിക്കെയാണ് ഞാൻ  വി ആൻ്റ് വി യുടെ ബാനറിൽ നിർമ്മിച്ച “ഒരു പൈങ്കിളി കഥ” എന്ന ചിത്രം നൂറു ദിവസം പൂർത്തിയാക്കുന്ന അവസരം ഒത്തു വന്നത്. കൊച്ചിയിൽ സംഘടിക്കപ്പെട്ട ആ സായാഹ്നത്തിലെ  മുഖ്യാതിഥിയായി ഞാൻ ഭാഗ്യരാജിനെ തന്നെ ക്ഷണിച്ചു ഒപ്പം ശ്രീ പ്രേംനസീറിനെയും. രാജേന്ദ്രമൈതാനത്ത് കൂടിയ സായാഹ്നത്തിൽ ഭാഗ്യരാജ് ഇങ്ങനെ പറഞ്ഞു :

“നിങ്ങൾ എന്തിനാണ് ഇദ്ദേഹത്തെ ‘മലയാളത്തിലെ ഭാഗ്യരാജ് ‘എന്ന് വിളിക്കുന്നത്. ഒന്നാമത് എനിക്കു  ഒരു വർഷം മുൻപ് സംവിധായകനായതാണ് അദ്ദേഹം. തന്നെയുമല്ല, ഞങ്ങൾ എടുക്കുന്ന സിനിമകൾ തമ്മിൽ കഥയിലോ അവതരണത്തിലോ  ഒരു സാമ്യവുമില്ല. എന്നെയും കുറച്ചുനാൾ ‘മദ്രാസിലെ രാജ്കപൂർ’ എന്ന് ചിലർ വിളിച്ചിരുന്നു.  പത്രക്കാരുടെ ഒരു ക്രൂരതയാണ് അത്. ഞാൻ അത് ഇഷ്ടപ്പെട്ടിരുന്നില്ല.  ഇവിടെ മിസ്റ്റർ മേനോൻ ഇത് കേട്ട്  മിണ്ടാതിരിക്കുന്നത്  അദ്ദേഹത്തിന്റെ വിശാലമനസ്ഥിതി കൊണ്ടാണ് ….” വേദിയിലിരുന്ന നസീർ സാർ കയ്യടിച്ചു.

എന്നാൽ ഞാനും ഭാഗ്യരാജും  നല്ല ചങ്ങാതിമാരായി തന്നെ തുടർന്നു. അദ്ദേഹത്തിന്റെ പത്‌നി പൂർണ്ണിമ  എന്റെ സിനിമകളിൽ പങ്കാളി ആയിരുന്നതുകൊണ്ട്  ഞങ്ങൾ  കുടുംബ സുഹൃത്തുക്കളായി. ഏറ്റവും ഒടുവിൽ ഞങ്ങൾ കൂടുന്നത് ദുബായിലെ ‘മോർ കഫെ’ യിൽ വെച്ചാണ് ( Mall of the Emirates ). അന്ന് ഒത്തിരി നേരം ഞങ്ങൾ ഉള്ളു തുറന്നു സംസാരിച്ചു. ആ ഫോട്ടോ ആണ്  ഇവിടെ ചേർക്കുന്നത്.

ഭാഗ്യരാജിന്റെ പെട്ടന്നുള്ള ദേഹവിയോഗം  ഒരു ഞെട്ടലോടെയാണ് ഞാൻ കേട്ടത്. അതിലും വേദനിപ്പിച്ച മറ്റൊന്നുണ്ട്. ഞാൻ സഹകരിക്കുന്ന അടുത്ത ചിത്രത്തിന്റെ  കഥാചർച്ച നടക്കുകായായിരുന്നു. ദമ്പതിമാരുടെ കഥ! അതിൽ ഒരു ദാമ്പത്യ കുടുംബമായി ഞങ്ങൾ രഹസ്യമായി പ്ലാൻ ചെയ്തിരുന്നത്  ഭാഗ്യരാജ് – പൂർണ്ണിമ ദമ്പതിമാരായിരുന്നു.

അതോർക്കുമ്പോൾ ഈ വേർപാട് സൃഷ്ട്ടിക്കുന്ന മനോവ്യഥയെ നേരിടാനുള്ള ശേഷി സർവ്വശക്തനായ ദൈവം പൂർണ്ണിമക്കും കുട്ടികൾക്കും നൽകട്ടെ എന്ന് ഞാൻ പ്രാർത്ഥിക്കുന്നു.
നാളെ രാവിലത്തെ ഫ്ലൈറ്റിൽ ഞാൻ സംസ്ക്കാര ചടങ്ങുകളിൽ പങ്കെടുക്കാൻ ചെന്നൈക്ക്  പോകണമെന്നു വിചാരിക്കുന്നു. മറ്റുള്ളവരിൽ നിന്ന് വേറിട്ട് ഭാഗ്യരാജ് എന്നെ വിളിച്ചിരുന്നത് ‘മേനോൻ ‘ എന്നല്ല. ‘മേനൻ ‘എന്നാണ്. ഭാഗ്യരാജിന്റെ ആ പ്രത്യേക ശബ്ദത്തിൽ ഇപ്പോഴും  മുഴങ്ങുന്നു …’മേനൻ …മേനൻ…. മേനൻ’….