എസ്എസ്എൽസി ഫലം പ്രഖ്യാപിച്ചു; വിജയ ശതമാനം 99.07
4,10,456 പേർ ഉന്നത വിദ്യാഭ്യാസത്തിന് യോഗ്യത നേടി
2026ലെ എസ്എസ്എൽസി പരീക്ഷയിൽ 99.07 ശതമാനം വിജയം. പരീക്ഷ എഴുതിയ 4,14,290 വിദ്യാർഥികളിൽ 4,10,456 പേർ ഉന്നത വിദ്യാഭ്യാസത്തിനു യോഗ്യത നേടി.
ഇത്തവണ പരീക്ഷയെഴുതിയവരിൽ 30514 പേർ (20,771 പെൺകുട്ടികളും 9,743 ആൺകുട്ടികളും) എല്ലാ വിഷയങ്ങൾക്കും എ പ്ലസ് നേടിയതായി ഫലപ്രഖ്യാപന വേളയിൽ പൊതുവിദ്യാഭ്യാസ വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി ഡോ. ശർമിള മേരി ജോസഫ് അറിയിച്ചു.
767 സർക്കാർ സ്‌കൂളുകളും 930 എയ്ഡഡ് സ്‌കൂളുകളും 408 അൺ എയ്ഡഡ് സ്‌കൂളുകളും ഉൾപ്പടെ 2105 സ്‌കൂളുകൾക്ക് നൂറ് ശതമാനം വിജയം ലഭിച്ചു. വിജയശതമാനത്തിൽ മുന്നിൽ നിൽക്കുന്ന റവന്യൂ ജില്ല പത്തനംതിട്ടയാണ് (99.5%). നൂറ് ശതമാനം വിജയവുമായി വിദ്യാഭ്യാസ ജില്ലകളിൽ കുട്ടനാട് ഒന്നാമതെത്തി.
കൊല്ലം ജില്ലയാണ് കൂടുതൽ എ പ്ലസ് ശതമാനം കരസ്ഥമാക്കിയത് (11.6%). ഏറ്റവും കുറഞ്ഞ വിജയശതമാനം തിരുവനന്തപുരം ജില്ലയിലാണ് (97.99%). 377 വിദ്യാർഥികളാണ് ലക്ഷദ്വീപിൽ വിജയിച്ചത് (97.67%). ഗൾഫ് മേഖലയിലെ എല്ലാ വിദ്യാർഥികളും വിജയിച്ചു (631 പേർ).
ഏറ്റവുമധികം വിദ്യാർഥികൾ പരീക്ഷ എഴുതിയത് മലപ്പുറം ജില്ലയിലാണ് (80,108 പേർ). ഏറ്റവും കൂടുതൽ വിദ്യാർഥികൾ പരീക്ഷ എഴുതിയത് മലപ്പുറം എടരിക്കോട് പികെഎംഎംഎച്ച്എസ്എസിലാണ്. 2030 വിദ്യാർഥികൾ പരീക്ഷയെഴുതിയതിൽ 2026 വിദ്യാർഥികൾ വിജയിച്ചു (99.08%).
എസ്.സി വിഭാഗത്തിൽ 39,391 വിദ്യാർത്ഥികൾ പരീക്ഷ എഴുതിയതിൽ 97.82 ശതമാനം പേർ വിജയിച്ചു (871 പേർക്ക് മുഴുവൻ വിഷയങ്ങളിലും എ പ്ലസ്). എസ്.ടി വിഭാഗത്തിൽ 7,172 വിദ്യാർഥികൾ പരീക്ഷ എഴുതിയതിൽ 97.91 ശതമാനം പേർ ഉന്നത വിദ്യാഭ്യാസത്തിന് യോഗ്യത നേടി (56 പേർക്ക് മുഴുവൻ വിഷയങ്ങളിലും എ പ്ലസ്).




















