മലബാര്‍ റിവര്‍ ഫെസ്റ്റിവല്‍: വൈറ്റ് വാട്ടര്‍ കയാക്കിങ് തുടങ്ങി
മലബാര്‍ റിവര്‍ ഫെസ്റ്റിവലിന്റെ ഭാഗമായ അന്താരാഷ്ട്ര വൈറ്റ് വാട്ടര്‍ കയാക്കിങ് മത്സരങ്ങള്‍ക്ക് കോഴിക്കോട് ചാലിപ്പുഴയില്‍ തുടക്കമായി. മത്സരങ്ങൾ സി.കെ കാസിം എം.എല്‍.എ ഫ്ലാഗ് ഓഫ് ചെയ്തു. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് അന്നക്കുട്ടി ദേവസ്യ അധ്യക്ഷയായി.
ചാലിപ്പുഴയില്‍ പുരുഷ-വനിത വിഭാഗങ്ങളിലായി ഇന്റര്‍മീഡിയറ്റ് കാറ്റഗറി എക്‌സ്ട്രീം സ്ലാലം മത്സരങ്ങളാണ് വെള്ളിയാഴ്ച അരങ്ങേറിയത്. പുരുഷ വിഭാഗത്തില്‍ ഇറ്റാലിയന്‍ താരം ജിയോവാനി ജിയോര്‍ഗി ഒന്നാം സ്ഥാനവും ഇന്ത്യന്‍ താരങ്ങളായ നചികേത്ത ഗുപ്ത, നവീന്‍ യാദവ് എന്നിവര്‍ രണ്ടും മൂന്നും സ്ഥാനവും നേടി.
വനിതാ വിഭാഗത്തില്‍ കര്‍ണാടകയില്‍നിന്നുള്ള എസ്. മസ്‌കാന്‍ ഒന്നും എറണാകുളത്തുനിന്നുള്ള 13കാരി ഡോണ മാര്‍സല രണ്ടും കര്‍ണാടകയില്‍നിന്നുള്ള സ്പൂര്‍ത്തി ലോകേഷ് മൂന്നും സ്ഥാനം നേടി. വൈകീട്ട് പുലിക്കയത്ത് റോക്ക് സ്റ്റാര്‍ കൗഷിക് ടീമിന്റെ സംഗീതവിരുന്നും അരങ്ങേറി.




















