സിയാലിൽ കയറ്റിറക്ക് തൊഴിലാളികൾക്ക് സഹ. സൊസൈറ്റി 

കൊച്ചി വിമാനത്താവളത്തിൽ രണ്ടു ദശാബ്ദത്തിലേറെയായി കാർഗോ കയറ്റിറക്ക് തൊഴിലിൽ ഏർപ്പെട്ടിരുന്ന അസംഘടിത തൊഴിലാളികൾക്കായി സിയാലിന്റെ മേൽനോട്ടത്തിൽ രൂപം നൽകിയ സഹകരണ സൊസൈറ്റി പ്രവർത്തനം തുടങ്ങി. ‘കൊച്ചിൻ ഇന്റർനാഷണൽ എയർപോർട്ട് എയർ കാർഗോ കയറ്റിറക്ക് തൊഴിലാളി കോപ്പറേറ്റീവ് സൊസൈറ്റി ലിമിറ്റഡ്’ വ്യവസായ മന്ത്രിയും സിയാൽ ഡയറക്ടറുമായ പി. രാജീവ് ഉദ്ഘാടനം ചെയ്തു.

മുഖ്യമന്ത്രി പിണറായി വിജയന്റെ നിർദേശത്താൽ സിയാൽ ഡയറക്ടർ ബോർഡ്, കയറ്റിറക്ക് തൊഴിലാളികളുടെ സഹകരണ സൊസൈറ്റി രൂപം നൽകാനായി 10 ലക്ഷം രൂപയുടെ ഓഹരിയെടുക്കാൻ തീരുമാനമെടുത്തതോടെയാണ് സഹകരണ സൊസൈറ്റി എന്ന ആശയം സാധ്യമായത്. അസംഘടിത മേഖലയിൽ ജോലി ചെയ്യുന്നവരുടെ ദീർഘകാലത്തെ സ്വപ്‌നമാണ് യാഥാർത്ഥ്യമായതെന്ന് മന്ത്രി പി.രാജീവ് പറഞ്ഞു. തൊഴിലാളികൾക്ക് അന്തസ്സോടെ ജോലി ചെയ്യാൻ സഹകരണ സൊസൈറ്റി അവസരമൊരുക്കുമെന്നും അദ്ദേഹം പറഞ്ഞു.

കൊച്ചി വിമാനത്താവളത്തിൽ 2004-05 മുതൽ എയർ കാർഗോ ഏജന്റുമാർക്കായി  ചരക്കുകൾ കയറ്റിറക്ക് നടത്തിയിരുന്നത് 290 -ഓളം തൊഴിലാളികളാണ്. നിലവിൽ ഈ തൊഴിൽ ചെയ്യുന്നത് 120 പേരാണ്. സാമൂഹ്യ സുരക്ഷയോ കൃത്യമായ സേവന-വേതന വ്യവസ്ഥയോ ഇല്ലാത്ത ഇവരുടെ പ്രശ്‌നങ്ങൾക്ക് പരിഹാരം കാണാനും കൃത്യമായ വ്യവസ്ഥകളും ആനുകൂല്യങ്ങളും നൽകാനുമായി
വളരെ കാലമായി ശ്രമങ്ങൾ നടന്നു വന്നിരുന്നു.

അതിന്റെ ഫലമെന്നോണമാണ് സഹകരണ സംഘം രൂപീകൃതമായത്.  ഇതിനായി  സിയാൽ ഡയറക്ടർ ബോർഡ് അംഗവും സബ് കമ്മിറ്റി ചെയർമാനുമായ മന്ത്രി പി. രാജീവ് മുൻ കൈയെടുക്കുകയും സിയാൽ മാനേജിങ് ഡയറക്ടർ എസ്. സുഹാസിന് നിർദേശങ്ങൾ നൽകുകയും ചെയ്തു.

സിയാൽ മാനേജിങ് ഡയറക്ടർ എസ്. സുഹാസ് ചടങ്ങിൽ മുഖ്യാതിഥിയായിരുന്നു. സിയാൽ ഡയറക്ടർ എൻ.വി.ജോർജ്, എറണാകുളം കോപ്പറേറ്റീവ് സൊസൈറ്റീസ് ഡെപ്യൂട്ടി രജിസ്ട്രാർ സുജിത് കരുൺ, സിയാൽ എക്‌സിക്യൂട്ടീവ് ഡയറക്ടർമാരായ സജി കെ. ജോർജ്, ജയരാജൻ വി, ചീഫ് ഫിനാൻഷ്യൽ ഓഫീസർ സജി ഡാനിയേൽ, സൊസൈറ്റി പ്രസിഡന്റും സിയാൽ പ്രതിനിധിയുമായ മനോജ് പി. ജോസഫ്, സൊസൈറ്റി ബോർഡ് മെമ്പർ സുഭാഷ് ഇ.കെ. തുടങ്ങിയവരും ചടങ്ങിൽ പങ്കെടുത്തു.

Leave a Reply

Your email address will not be published. Required fields are marked *