കോഴിക്കോട് മെഡി.കോളേജിലെ മലിനജല സംസ്‌ക്കരണ പ്ലാന്റ് ഉദ്ഘാടനം ചെയ്തു 

ഒരു വര്‍ഷത്തിനുള്ളില്‍ കേരളത്തെ സമ്പൂര്‍ണ മാലിന്യ മുക്തമാക്കുമെന്ന് മന്ത്രി എം.ബി.രാജേഷ് പറഞ്ഞു. മെഡിക്കല്‍ കോളേജ് മലിനജല സംസ്‌ക്കരണ പ്ലാന്റിന്റെ ഉദ്ഘാടനം നിര്‍വഹിക്കുകയായിരുന്നു മന്ത്രി.

മാലിന്യ സംസ്‌കരണം ഓരോ വ്യക്തിയുടെയും ഉത്തരവാദിത്തമാണ്. ഇത്തരത്തിലുളള മലിനജല സംസ്‌കരണ പ്ലാന്റുകള്‍ എല്ലാ മുനിസിപ്പാലിറ്റികളിലും കോര്‍പ്പറേഷനിലും വേണമെന്നും മന്ത്രി പറഞ്ഞു.

ഖരമാലിന്യ സംസ്‌കരണവും ദ്രവമാലിന്യ സംസ്‌കരണവും സര്‍ക്കാര്‍ ഊന്നല്‍ നല്‍കുന്ന മേഖലയാണ്. നിയമലംഘനങ്ങള്‍ക്കെതിരെ നിയമ നടപടി കര്‍ശനമായി നടപ്പാക്കും. മാലിന്യം വലിച്ചെറിയുന്നവര്‍ക്കെതിരെ 5000 രൂപ പിഴ ഈടാക്കും. ജലം മലിനമാക്കുന്നവര്‍ക്കെതിരെ ഒരു ലക്ഷം പിഴ കൂടാതെ ഒരു വര്‍ഷം വരെ തടവ് ലഭിക്കുന്ന രീതിയില്‍ നിയമം കര്‍ശനമാക്കുമെന്നും മന്ത്രി പറഞ്ഞു.

മെഡിക്കല്‍ കോളേജിലെ മാലിന്യ പ്രശ്‌നത്തിന് ശാശ്വത പരിഹാരം കാണുന്നതിന്റെ ഭാഗമായി കോഴിക്കോട് കോര്‍പ്പറേഷന്‍ അമൃത് പദ്ധതിയില്‍ ഉള്‍പ്പെടുത്തി നിർമ്മിച്ച ഒരു ദശലക്ഷം ലിറ്റര്‍ ശേഷിയുള്ള രണ്ടാമത്തെ മലിനജല സംസ്‌ക്കരണ പ്ലാന്റാണ് ഉദ്ഘാടനം ചെയ്തത്.

നേഴ്‌സിങ് കോളേജിന് സമീപം പ്രവര്‍ത്തന സജ്ജമായ പ്ലാന്റില്‍ ഡെന്റല്‍ കോളേജ്, നേഴ്‌സിങ് കോളേജ്, പേ വാര്‍ഡ്, നേഴ്‌സിങ് ഹോസ്റ്റല്‍, ലെക്ചര്‍ കോംപ്ലക്‌സ് എന്നിവ ഉള്‍പ്പെടുന്ന കെട്ടിടങ്ങളിലെ ശുചിമുറി മാലിന്യമാണ് സംസ്‌ക്കരിക്കുക. ഇതിനായി 900 മീറ്ററോളം പൈപ്പ്ലൈന്‍ സ്ഥാപിച്ചിട്ടുണ്ട്. ഇലക്ട്രോലിറ്റിക് ടെക്‌നോളജി ഉപയോഗിച്ച് ദ്രവമാലിന്യം സംസ്‌കരിക്കുന്ന രീതിയിലാണ് പദ്ധതി ആവിഷ്‌കരിച്ചത്.

മേയര്‍ ബീന ഫിലിപ്പ് അധ്യക്ഷത വഹിച്ചു.മന്ത്രി പി എ മുഹമ്മദ് റിയാസ് ഓണ്‍ലൈനായി ആശംസ അറിയിച്ചു. തോട്ടത്തില്‍ രവീന്ദ്രന്‍ എം.എല്‍.എ വിശിഷ്ടാതിഥിയായി. കോര്‍പ്പറേഷന്‍ സെക്രട്ടറി കെ.യു.ബിനി റിപ്പോര്‍ട്ട് അവതരിപ്പിച്ചു.ഡെപ്യൂട്ടി മേയര്‍ സി.പി.മുസാഫര്‍ അഹമ്മദ് സ്വാഗതവും എം.സി.എച്ച് പ്രിന്‍സിപ്പല്‍ ഡോ.എന്‍. അശോകന്‍ നന്ദിയും പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *