ഭൂജല വകുപ്പിന് പുതിയ ആറ് കുഴൽ കിണർ നിർമ്മാണ യൂണിറ്റുകൾ

സംസ്ഥാന ഭൂജല വകുപ്പിന്റെ അത്യാധുനിക രീതിയിലുള്ള പുതിയ ആറ് കുഴൽ കിണർ നിർമ്മാണ യൂണിറ്റുകൾ  ജലവിഭവ മന്ത്രി റോഷി അഗസ്‌റ്റിൻ ഫ്ലാഗ് ഓഫ്‌ ചെയ്തു. കാർഷിക ആവശ്യത്തിനും കുടിവെള്ള ക്ഷാമം നേരിടുന്ന  പ്രദേശങ്ങളിലും  വേഗത്തിൽ കുഴൽ കിണറുകൾ നിർമ്മിക്കാൻ പുതിയ  യൂണിറ്റുകൾ ഉപയോഗിച്ച് സാധിക്കുമെന്ന് മന്ത്രി പറഞ്ഞു. 13 വർഷങ്ങൾക്ക് ശേഷമാണ് വകുപ്പിന് പുതിയ റിഗ്ഗുകൾ ലഭിക്കുന്നതെന്ന് മന്ത്രി പറഞ്ഞു’

കുഴൽ കിണർ നിർമ്മാണത്തിനായി വകുപ്പിനെ സമീപിക്കുന്ന ചെറുകിട കർഷകർക്ക് സമയബന്ധിതമായി സേവനം ലഭ്യമാക്കുക എന്ന ലക്ഷ്യത്തോടെയാണ് പദ്ധതി നടപ്പിലാക്കിയത്. 12 ട്രക്കുകളിലായി  ഘടിപ്പിച്ച ആറ് കുഴൽ കിണർ നിർമ്മാണ യൂണിറ്റുകളാണ് ഉള്ളത്.

സംസ്ഥാന സർക്കാരിന്റെ ബഡ്ജറ്റ് വിഹിതത്തിൽ നിന്നും 6.74 കോടി രൂപ ചെലവിലാണ് ഏറ്റവും ആധുനിക രീതിയിലുള്ളതും കുറഞ്ഞ സമയത്തിൽ കുഴൽ കിണർ നിർമ്മാണം പൂർത്തിയാക്കാൻ സാധിക്കുന്നതുമായ റിഗ്ഗുകൾ വാങ്ങിയത്. റിഗ്ഗുകൾ നിർമ്മിച്ചു നൽകിയ ഇൻഡോറിലുള്ള ശ്രീകൃഷ്ണ എൻജിനീയറിങ് ആൻഡ് ഹൈഡ്രോളിക് കമ്പനി അധികൃതരെ മന്ത്രി ചടങ്ങിൽ ആദരിച്ചു.

തിരുവനന്തപുരം ജലവിജ്ഞാന ഭവൻ അങ്കണത്തിൽ നടന്ന ചടങ്ങിൽ  ജലവിഭവ വകുപ്പ് ഡയറക്ടർ ബോർഡ് അംഗം കൂടിയായ റാന്നി എം.എൽ.എ പ്രമോദ് നാരായണൻ, ഭൂജല വകുപ്പ് ഡയറക്ടർ ഡി. ധർമ്മലശ്രീ തുടങ്ങിയവർ സന്നിഹിതരായിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *