കേരള തീരത്തെ കള്ളക്കടൽ പ്രതിഭാസം മെല്ലെ ദുർബലമാകും

കള്ളക്കടൽ (swell surge) പ്രതിഭാസത്തിന്റെ ഭാഗമായി കേരള തീരത്ത് ഏപ്രിൽ രണ്ടിന് രാത്രി 11.30 വരെ 0.5 മുതൽ 1.6 മീറ്റർ വരെ ഉയർന്ന തിരമാലയ്ക്കും കടലാക്രമണത്തിനും സാധ്യതയുണ്ടെന്ന്  ദേശീയ സമുദ്രസ്ഥിതി പഠന ഗവേഷണ കേന്ദ്രം (INCOIS) അറിയിച്ചു.

തെക്കൻ തമിഴ്‌നാട് തീരത്തും വടക്കൻ . തമിഴ്നാട് തീരത്തും  ഉയർന്ന തിരമാലയ്ക്ക് സാധ്യതയുണ്ടെന്ന് ഗവേഷണ കേന്ദ്രം  അറിയിച്ചു. മത്സ്യത്തൊഴിലാളികളും തീരദേശവാസികളും ജാഗ്രത പാലിക്കണം. കടൽക്ഷോഭം രൂക്ഷമാകാൻ സാധ്യതയുള്ളതിനാൽ അപകട മേഖലകളിൽ നിന്ന് അധികൃതരുടെ നിർദേശാനുസരണം മാറി താമസിക്കണം.

എന്താണ്  ‘കള്ളക്കടൽ ‘

കേരളത്തിന്റെ തീരപ്രദേശങ്ങളിൽ മാർച്ച് 31 മുതൽ കണ്ടുവരുന്ന കടൽ കയറുന്ന പ്രതിഭാസം ‘കള്ളക്കടൽ’ (swell surge) ആണെന്ന് ദേശീയ സമുദ്രസ്ഥിതി ഗവേഷണ കേന്ദ്രം സ്ഥിതീകരിച്ചു. തെക്കൻ അറ്റ്ലാന്റിക് സമുദ്രത്തിൽ 2024 മാർച്ച് 23 ന് ഇന്ത്യൻ തീരത്ത് നിന്ന് 10,000 കിലോമീറ്റർ അകലെ  ന്യൂനമർദ്ദം രൂപപ്പെടുകയും മാർച്ച് 25 ഓടെ ഈ ന്യൂനമർദ്ദം ഇന്ത്യൻ മഹാസമുദ്രത്തിന്റെ തെക്ക് ഭാഗത്തേക്ക് നീങ്ങുകയുമുണ്ടായി.

ഇതിന്റെ  ഫലമായി തെക്കൻ ഇന്ത്യൻ മഹാസമുദ്രത്തിൽ  വളരെ ഉയർന്ന തിരമാലകൾ (11മീറ്റർ) സൃഷ്ടിക്കുകയും ആ തിരമാലകൾ  പിന്നീട് ഇന്ത്യൻ തീരത്തേക്ക് എത്തുകയും ചെയ്തു. കേരള തീരത്തും ലക്ഷദ്വീപിലും മാർച്ച് 31ന് രാവിലെയാണ് ഉയർന്ന തിരമാലകൾ ആദ്യമായി അനുഭവപ്പെട്ടത്. അടുത്ത രണ്ട് ദിവസത്തേക്ക് ഇന്ത്യയുടെ പടിഞ്ഞാറൻ തീരത്ത് ഈ പ്രവണത തുടരുമെന്നും മെല്ലെ ഇവ ദുർബലമാകുമെന്നും ഗവേഷണ കേന്ദ്രം അറിയിച്ചിരുന്നു.

ഇന്ത്യയുടെ  കിഴക്കൻ തീരങ്ങളിലും (ആന്ധ്രപ്രദേശ്, ഒഡീഷ, പശ്ചിമ ബംഗാൾ) ആൻഡമാൻ നിക്കോബാർ ദ്വീപുകളിലും കള്ളക്കടൽ അലേർട്ട്  ഏപ്രിൽ രണ്ടു വരെ തുടരാൻ സാധ്യതയുണ്ടെന്നും ഗവേഷണ കേന്ദ്രം അറിയിച്ചു.

ഇന്ത്യൻ മഹാസമുദ്രത്തിലെ തെക്കുഭാഗത്തായി  ചില പ്രത്യേക സമയങ്ങളിൽ ഉണ്ടാവുന്ന ശക്തമായ കാറ്റിന്റെ ഫലമായി ഉയർന്ന തിരകൾ ഉണ്ടാവുകയും അവ വടക്കോട്ട് സഞ്ചരിച്ച് ഇന്ത്യയുടെ തെക്കൻ തീരങ്ങളിൽ എത്തുകയും ചെയ്യും. ഈ തിരകൾ പ്രത്യേകിച്ച് ലക്ഷണങ്ങൾ ഉണ്ടാവാതെ പെട്ടന്ന് തന്നെ ഉണ്ടാവുകയാണ് പതിവ്.

ലക്ഷണങ്ങൾ കാണിക്കാതെ തിരകൾ പെട്ടന്ന് വരുന്നതുകൊണ്ടാണ് ഇവയെ കള്ളക്കടൽ എന്ന് വിളിക്കുന്നത്‌. ഈ തിരകൾ മൂലം തീരപ്രദേശങ്ങളിൽ കടൽ ഉൾവലിയാനും കയറാനും കാരണമാകും
കള്ളക്കടൽ സംബന്ധിച്ച കൂടുതൽ വിവരങ്ങളും അപ്ഡേറ്റുകളും INCOIS വെബ്‌സൈറ്റ്  www.incois.gov.in/portal/osf/osf.jsp ൽ ലഭ്യമാണ്.

Leave a Reply

Your email address will not be published. Required fields are marked *