കേരള സയൻസ് കോൺഗ്രസ്സ് ഫെബ്രു. 8 മുതൽ കാസർകോട്ട്

രസതന്ത്ര നോബൽ സമ്മാന ജേതാവ് അടക്കം പ്രമുഖ ശാസ്ത്രജ്ഞർ ആശയങ്ങൾ പങ്കിടും 

കേരളത്തിലെ ഏറ്റവും വലിയ ശാസ്ത്ര സമ്മേളനത്തിന് കാസർകോട് ഗവ.കോളേജ് വേദിയാകുന്നു. 36-ാമത് കേരള സയൻസ് കോൺഗ്രസ്  ഫെബ്രുവരി എട്ടു മുതൽ 11 വരെ കാസർകോട് ഗവ.കോളജിൽ നടക്കും. നാഷണൽ സയൻസ് എക്‌സ്‌പോയുടെ ഉദ്ഘാടനത്തോടെയാണ് സയൻസ് കോൺഗ്രസ് ആരംഭിക്കുക.

ഒമ്പതിന് മുഖ്യമന്ത്രി പിണറായി വിജയൻ സയൻസ് കോൺഗ്രസ് ഉദ്ഘാടനം ചെയ്യും. രസതന്ത്ര നോബൽ സമ്മാന ജേതാവ് പ്രൊഫ. മോർട്ടൻ മെൽഡൽ പ്രഭാഷണം നടത്തുകയും വിദ്യാർത്ഥികളുമായി സംവദിക്കുകയും ചെയ്യും. ‘കേരള സമ്പദ് വ്യവസ്ഥയുടെ പരിവർത്തനം-ഏകാരോഗ്യ കാഴ്ചപ്പാടിലൂടെ’ എന്നതാണ് കേരളസയൻസ് കോൺഗ്രസിന്റെ വിഷയം.

വിവിധവിഷയങ്ങളിൽ പ്രമുഖ ശാസ്ത്രജ്ഞരുടെ പ്രഭാഷണങ്ങൾ, അനുസ്മരണ പ്രഭാഷണങ്ങൾ, ശാസ്ത്രാധിഷ്ഠിത പ്രശ്‌നപരിഹാരങ്ങൾ വിഷയമാക്കിയ സെഷൻ എന്നിവയുണ്ടാകും.12 വിഷയങ്ങളിലായി തിരഞ്ഞെടുക്കപ്പെട്ട ശാസ്ത്ര പ്രബന്ധ അവതരണങ്ങളും ബാലശാസ്ത്രജ്ഞരുടെ ബിരുദാനന്തര പ്രബന്ധാവതരണങ്ങളും സയൻസ് കോൺഗ്രസിന്റെ ഭാഗമായി നടക്കും. ബിരുദ വിദ്യാർഥികളുടെ ശാസ്ത്രജ്ഞരുമായുള്ള സംവാദ പരിപാടിയും ഉണ്ടാകും.

മികച്ച യുവശാസ്ത്രജ്ഞർക്കുള്ള അവാർഡ്, ശാസ്ത്രസാഹിത്യ പുരസ്‌ക്കാരങ്ങൾ എന്നിവയും സയൻസ്‌ കോൺഗ്രസ് വേദിയിൽ വിതരണം ചെയ്യും. സയൻസ് എക്‌സ്‌പോയിൽ ഇന്ത്യയിലെ വിവിധ ഗവേഷണ-സ്ഥാപനങ്ങൾ സ്റ്റാർട്ടപ്പുകൾ എന്നിവയുടെ സ്റ്റാളുകൾ ഉണ്ടാകും.

കേരള ശാസ്ത്രസാങ്കേതിക പരിസ്ഥിതി കൗൺസിൽ, കോഴിക്കോട് ജലവിഭവ വികസന വിനിയോഗ കേന്ദ്രം, കാസർകോട് ഗവ. കോളേജ് എന്നിവയുടെ സഹകരണത്തോടെയാണ് പരിപാടി സംഘടിപ്പിക്കുന്നത്. ശാസ്ത്ര-പ്രബന്ധങ്ങൾ സമർപ്പിക്കാനുള്ള അവസാന തീയ്യതി ഡിസംബർ 25 ആണ്.

കേരള ശാസ്ത്രസാങ്കേതിക പരിസ്ഥിതി കൗൺസിൽ എക്‌സിക്യൂട്ടിവ് വൈസ് പ്രസിഡന്റ് പ്രൊഫ.കെ.പി.സുധീറാണ്  ശാസ്ത്ര കോൺഗ്രസിന്റെ പ്രസിഡന്റ് ഡോ.സൗമ്യ സ്വാമിനാഥൻ ചെയർപേഴ്‌സണും ഡോ.എസ്.പ്രദീപ്കുമാർ ജനറൽ കൺവീനറും ഡോ. മനോജ് പി. സാമുവൽ സംഘാടക സമിതി കൺവീനറും ഡോ.വി.എസ്. അനിൽകുമാർ കോ -കൺവീനറുമായുളള സംഘാടകസമിതിയും വിവിധ സബ്കമ്മിറ്റികളും രൂപീകരിച്ചിട്ടുണ്ട്. രജിസ്‌ട്രേഷനും കൂടുതൽ വിവരങ്ങൾക്കും : www.ksc.kerala.gov.in

Leave a Reply

Your email address will not be published. Required fields are marked *