മത്സ്യസമ്പത്ത് വർദ്ധിപ്പിക്കാൻ കൃത്രിമ പാരുകൾ നിക്ഷേപിച്ചു 

പാരുകൾ കടലിന്റെ അടിത്തട്ടിൽ കൃത്രിമ ആവാസ വ്യവസ്ഥ സൃഷ്ടിച്ച് മത്സ്യ പ്രജനനത്തിന്‌ അനുകൂല സാഹചര്യം ഉണ്ടാക്കും

മത്സ്യസമ്പത്ത് വർദ്ധിപ്പിച്ച് കേരളത്തിലെ മത്സ്യത്തൊഴിലാളികളുടെ വരുമാനം ഇരട്ടിയാക്കുകയെന്ന ലക്ഷ്യത്തോടെ കടലിൽ കൃത്രിമ പാരുകൾ (ആർട്ടിഫിഷ്യൽ റീഫ് ) നിക്ഷേപിക്കുന്ന പദ്ധതി വിഴിഞ്ഞത്ത് തുടങ്ങി. തിരുവനന്തപുരം ജില്ലയിലെ 42 മത്സ്യ ഗ്രാമങ്ങളിലാണ് പദ്ധതി നടപ്പാക്കുന്നത്.

കേന്ദ്ര-സംസ്ഥാന സർക്കാരുകളുടെ സംയുക്ത പദ്ധതിയുടെ സംസ്ഥാനതല ഉദ്ഘാടനം കേന്ദ്ര ഫിഷറീസ് മന്ത്രി പർഷോത്തം രുപാല വീഡിയോ കോൺഫറൻസിലൂടെ നിർവഹിച്ചു. വിഴിഞ്ഞം ഹാർബറില്‍ നിന്നും തീരക്കടലിലേക്ക് പോയി കൃത്രിമപാരുകൾ നിക്ഷേപിക്കുന്ന പ്രവൃത്തി മന്ത്രി സജി ചെറിയാൻ ഫ്ലാഗ് ഓഫ് ചെയ്തു.

കൃത്രിമപാരുകൾ സ്ഥാപിക്കുന്നതിലൂടെ കേരളത്തിന്റെ സുസ്ഥിര മത്സ്യബന്ധന വികസനവും ഉപജീവന മാർഗവും പ്രോത്സാഹിപ്പിക്കുന്നതിനായി 13.02 കോടി വിനിയോഗിക്കുന്നത്. പദ്ധതിയുടെ 60 ശതമാനം തുകയായ 7.812 കോടി രൂപ കേന്ദ്രവിഹിതവും 40 ശതമാനം തുകയായ 5.208 കോടി രൂപ സംസ്ഥാനവിഹിതവുമാണ്.

സെൻട്രൽ മറൈൻ ഫിഷറീസ് റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ടിന്റെ സാങ്കേതിക സഹായത്തോടെ കേരള സംസ്ഥാന തീരദേശ വികസന കോർപ്പറേഷനാണ് പദ്ധതി നിർവഹണത്തിന്റെ ചുമതല. പദ്ധതിയുടെ ആദ്യഘട്ടത്തിൽ തിരുവനന്തപുരം ജില്ലയിലെ പൊഴിയൂർ മുതൽ വർക്കല വരെയുള്ള 42 മത്സ്യഗ്രാമങ്ങളിലായി 6300 കൃത്രിമ പാരുകളാണ് നിക്ഷേപിക്കുന്നത്.

പാരുകൾ കടലിന്റെ അടിത്തട്ടിൽ കൃത്രിമ ആവാസ വ്യവസ്ഥ സൃഷ്ടിച്ച് മത്സ്യപ്രജനനത്തിനും അവയുടെ സുസ്ഥിരമായ നിലനിൽപ്പിനും അനുകൂല സാഹചര്യം ഉണ്ടാക്കും. ശീലാവ്, അയല, കൊഴിയാള, പാര, കലവ, കൊഞ്ച്, ഈൽ, വിവിധിയിനം അലങ്കാര മത്സ്യങ്ങൾ എന്നിവയുടെ ആവാസവ്യവസ്ഥ രൂപപ്പെടുന്നതിലൂടെ മത്സ്യത്തൊഴിലാളികൾക്ക് ചാകര പ്രദേശമായി ഇവിടം മാറുമെന്നാണ് പ്രതീക്ഷിക്കുന്നത്

Leave a Reply

Your email address will not be published. Required fields are marked *