സ്നേഹനൊമ്പരങ്ങളുടെ കടൽക്കാറ്റ്

ടി.എൻ. പ്രതാപന്റെ ആത്മസ്പർശിയായ ക്വാറന്റൈൻ കുറിപ്പുകളിലൂടെ…

സതീഷ് ബാബു പയ്യന്നൂർ

ടൽ പോലെ വിശാലമായ മനസ്സുള്ള ഒരാൾക്കു മാത്രം എഴുതാനാവുന്ന ഇരുപത്തിമൂന്ന് കുറിപ്പുകളുടെ പുസ്തകമാണ് ‘ ഓർമ്മകളുടെ സ്നേഹതീരം’. ടി. എൻ. പ്രതാപൻ എന്ന ഗ്രന്ഥകർത്താവ്, ഇവിടെ പക്ഷേ ജനഹൃദയമറിയുന്ന രാഷ്ട്രീയ നേതാവ് എന്ന നിലയിൽക്കവിഞ്ഞ്, മനോഹരമായ ഭാഷയറിയാവുന്ന എഴുത്തുകാരൻ കൂടിയായി മാറുന്നതായാണ് എന്റെ വായനാനുഭവം. ‘പ്രതാപൻ തളിക്കുളം’ എന്ന പേരിൽ വർഷങ്ങൾക്കു മുമ്പ്, കഥകളും ലേഖനങ്ങളും ചലച്ചിത്രഗാനപരിപാടികളും അവതരിപ്പിച്ചിരുന്ന ഒരു ആകാശവാണി എഴുത്തുകാലം ഈ ജനനേതാവിനുണ്ടായിരുന്നുവല്ലോ.


ലോക്ക്‌ ഡൗണിന്റെ തുടക്കത്തിൽ ദില്ലിയിലെ പാർലമെന്ററി ജീവിതത്തിനിടയിൽ നിന്ന് പെട്ടെന്ന് നാട്ടിലെത്തിയപ്പോൾ അനുഷ്ഠിക്കേണ്ടിവന്ന പതിനാലുദിന ക്വാറന്റൈൻ കാലമാണ് ടി.എൻ. പ്രതാപനെ ഈ കുറിപ്പുകളിലേക്ക് നയിച്ചത്. തികച്ചും സ്നേഹാർദ്രമായി , ആദ്യമായി ഭൂമിയിലേക്കു പിറന്നുവീണ ശൈശവ നിഷ്ക്കളങ്കതയോടെ, പ്രതാപൻ തന്റെ മുറിയേയും വീടിനേയും മുററത്തെ പച്ചക്കറിത്തോട്ടത്തേയും അരുമയായ വെച്ചൂർപശു മുത്തുവിനേയും അതിന്റെ കിടാവായ കണ്ണനേയുമൊക്കെ നോക്കിക്കാണുകയാണ്… ! അതുവഴി ഓർമ്മകളുടെ നറുവെയിൽ നനഞ്ഞു നടക്കുന്നു … ഭാര്യ രമ, മക്കളായ

ആഷിക്കും ആൻസിയും, മൂന്നാമത്തെ കുഞ്ഞായി കരുതി അഭിമാനിക്കുന്ന തളിക്കുളത്തെ സ്നേഹതീരം, പട്ടിണിയിൽ കുതിർന്ന സ്കൂൾ ജീവിത കാലം, പ്രിയപ്പെട്ട അദ്ധ്യാപകർ, നോമ്പുകാലം, മുലപ്പാൽ തന്നു വളർത്തിയ അയലത്തെ റാവിയുമ്മ, കളിക്കൂട്ടുകാരായ ജബ്ബാർ, സക്കീന, സഹോദര തുല്യനായ സുൾഫിക്കർ … ഇങ്ങനെ പലരിലൂടെയും ഈ നനുത്ത ഓർമ്മകൾ കുളിർതെന്നലായി തലോടിക്കടന്നു പോകുന്നു. നാരായണൻ എന്ന മത്സ്യത്തൊഴിലാളിയുടെയും കാളിക്കുട്ടി എന്ന സാധു സ്ത്രീയുടേയും പതിനൊന്നു മക്കളിലൊരാളായി തീർത്തും ദാരിദ്ര്യപൂർണമായ കൊച്ചുകുടിലിലേക്കു പിറന്നുവീണ പ്രതാപൻ , ആ ബാല്യവും കൗമാരവുമൊക്കെ ഓർത്തുകൊണ്ടാണ് ഈ സ്നേഹക്കുറിപ്പുകൾ തുടങ്ങുന്നത് . തന്നെ ഈ ലോകം കാട്ടിയ കുറുമ്പ എന്ന വയറ്റാട്ടിയെ ഓർക്കുമ്പോൾ ആ മനസ്സ് തീർത്തും സ്നേഹാദരം കൊണ്ട് നിറയുന്നു.

കോവിഡ് പ്രതിരോധ പ്രവർത്തനങ്ങൾക്കിടയിൽ മുഴുകുന്ന ഡോക്ടർ ആൻസി എന്ന തന്റെ മകളിലേക്കും ലോകത്തെ മുഴുവൻ ആരോഗ്യ പ്രവർത്തകരിലേക്കും ആ ആദരവുകൾ ചെന്നെത്തുന്നത് നാമറിയുന്നു. പത്താം ക്ലാസ്സു കഴിഞ്ഞ് കൂടുതൽ പഠിക്കാൻ വകയില്ലാതെ, ബോംബെയിലെ ഹോട്ടൽജോലിക്കായി പുറപ്പെടുന്നിടത്ത്, വഴിത്തിരിവു സൃഷ്ടിച്ച വി.എം. സുധീരനേയും ടി.ആർ. രാഘവൻ സാറിനേയും നകുലൻ ചേട്ടനേയുമൊക്കെ സ്നേഹപൂർവം ഓർത്തുകൊണ്ട്, ഹൈസ്കൂൾ – കോളേജ് പഠനകാലത്തെ തന്റെ രാഷ്ട്രീയത്തിന്റേയും വിപുലമായ വായനയുടേയും ഒപ്പം ഇത്തിരി പ്രണയത്തിന്റേയും ജാലകങ്ങൾ നമുക്കു മുന്നിൽ ടി.എൻ. പ്രതാപൻ ഒരു തൂമന്ദഹാസത്തോടെ തുറന്നിടുന്നു.

‘ഓർമ്മകളുടെ സ്നേഹതീരം’ നടൻ മമ്മൂട്ടി പ്രകാശനം ചെയ്തപ്പോൾ

സ്കൂൾ സമരാവധിയിൽ ആർത്തിയോടെ വായിച്ചു തീർത്ത ‘സോക്രട്ടീസിന്റെ വിചാരണയും മരണവും’ എന്ന പുസ്തകം തൊട്ട് നാട്ടിക കോളേജിൽ മലയാളം പഠിപ്പിച്ച കെ.യു. അരുണൻമാഷെന്ന ഇടതുപക്ഷസഹയാത്രികന്റെ സ്നേഹം വരെ ഓർമകളിൽ നിറയുന്നുണ്ട്.

സ്ക്കൂളിൽ അമേരിക്കൻ ഉപ്പുമാവു നൽകി വിശപ്പകറ്റിയ ഇച്ചാക്കിയമ്മായി, വിശപ്പിനുമുന്നിൽ ജീവിതത്തിലാദ്യമായും അവസാനമായും നടത്തിയ ഒരേയൊരു (കപ്പ) മോഷണം ക്ഷമിച്ച ഐസുക്കുട്ടിത്താത്ത , ആദ്യമായി വയലറ്റ് ഖദർത്തുണി വാങ്ങിത്തന്ന മിലിട്ടറിയിലെ ചന്ദ്രളിയൻ, കോളേജ്കാലത്ത് രാത്രിസിനിമകൾക്കും സ്നേഹസംവാദങ്ങൾക്കും കൂടെ നിന്ന പ്രിയമിത്രം എസ്.എഫ്. ഐ നേതാവ് പി.എസ്. ഇഖ്ബാൽ … ഇങ്ങനെ

എത്രമാത്രം മിഴിവാർന്ന ചിത്രങ്ങളാണെന്നോ ഈ ഓർമപ്പുസ്തകത്തിൽ… !സ്നേഹവും കരുണയും തത്വചിന്തയും ആദർശനിഷ്ടയും ആത്മവിശ്വാസവുമൊക്കെ നിറഞ്ഞ വരികളിലൂടെയാണ് ടി.എൻ. പ്രതാപൻ 23 അദ്ധ്യായങ്ങൾ നമ്മുടെ മുന്നിൽ തുറന്നു വെക്കുന്നത്. 14 ക്വാറന്റൈൻ ദിനക്കുറിപ്പുകളും 9 തുടർക്കുറിപ്പുകളും… ഓട്ടോ ഡ്രൈവറായ ബിജുവിന്റെ മകൾ മൂന്നരവയസ്സായ അഡോണയെ ഓർത്തെഴുതിയ ‘പ്രിയപ്പെട്ട അഡോണ’ മാത്രം മതി ഈ ചെറുപുസ്തകത്തിന്റെ മാസ്മരിക പ്രഭാവം തിരിച്ചറിയാൻ .


അവതാരികയിൽ പ്രൊഫ.എം.കെ. സാനു ഈ കുറിപ്പുകളെ ‘നന്മയുടെ ലളിതഗാനം ‘ എന്ന് വിശേഷിപ്പിച്ചത് തീർത്തും അർത്ഥവത്താണ് .സാനുമാഷിന്റെ വാചകങ്ങൾ ഞാൻ ഇവിടെ അടിക്കുറിപ്പായി എടുത്തു ചേർക്കട്ടെ – ‘ തുടക്കം മുതൽ ഒടുക്കം വരെ നന്മയുടെ മൂകസംഗീതം ഈ പ്രതിപാദനത്തിൽ അടിയൊഴുക്കായി വർത്തിക്കുന്നത് നിങ്ങൾക്ക് കേൾക്കാം…. അത് മധുരമാണ്. അത് ഹൃദയസ്പർശിയുമാണ്. സ്നേഹവും നന്മയും നിറഞ്ഞതാണ്. ചിലപ്പോഴതിൽ കണ്ണുനീരിന്റെ ഉപ്പ് കാണാം. മറ്റു ചിലപ്പോൾ സ്നേഹത്തിന്റെ സ്വർണ്ണത്തിളക്കവും …’

( ഓർമ്മകളുടെ സ്നേഹതീരം / ടി.എൻ. പ്രതാപൻ / ഗ്രീൻ ബുക്സ്, തൃശ്ശൂർ / പേജ് : 152 / വില 195  )

Leave a Reply

Your email address will not be published. Required fields are marked *