ഇനിയെന്ന് കാണും ഇതു പോലൊരമ്മയെ

പ്രൊഫ.വി.ഗോപിനാഥൻ

നമസ്ക്കാരം സാർ… ഇവിടെ എല്ലാവർക്കും സുഖം. അവിടെ സാറിനും കുടുംബത്തിനും സുഖമാണെന്ന് കരുതുന്നു… കോവിഡ് ലോക്ക് ഡൗൺ കാലത്ത് 2020 ഏപ്രിൽ 12 ന് ടീച്ചർ , അല്ല നമ്മുടെയെല്ലാം അമ്മ… എനിക്കയച്ച വാട്ട് സാപ്പ് സന്ദേശമാണിത്. അവർ എന്തിനാണ് എന്നെ സാർ എന്ന് സംബോധന ചെയ്തത്. ഞാൻ അവരുടെ മകനല്ലെ… ഗോപിയല്ലേ ? എന്റെ അമ്മയും 1934 ലാണ് ജനിച്ചത്. ഏതാണ്ട് ഇതേ പോലുള്ള ഒരു അന്ത്യമാണ് ഒക്ടോബറിൽ എന്റെ അമ്മയ്ക്കും സംഭവിച്ചത്. സ്വകാര്യ ആശുപത്രിയിൽ നിന്ന് സർക്കാർ സംവിധാനത്തിലേക്ക് മാറ്റി. മൂന്ന് ദിവസം വെന്റിലേറ്ററിൽ കലൂർ പി.വി.എസ് ആശുപത്രിയിൽ. എന്തായിരുന്നിരിക്കണം അവരുടെ മാനസികാവസ്ഥ. ഓർക്കുമ്പോൾ കിടിലം കൊള്ളുന്നു. ഒടുവിൽ കോവിഡ് പ്രോട്ടോകോൾ പ്രകാരം കലൂർ ശാന്തി കവാടത്തിൽ സംസ്ക്കാരം നടത്തിയത് സന്നദ്ധ പ്രവർത്തകർ. നൂറ് കോടി പ്രണാമം… ചെറുപ്പത്തിൽ തന്നെ സാഹിത്യ രംഗത്തേക്ക് ആകൃഷ്ടയായ സഹോദരി ശോഭന കാഞ്ഞങ്ങാടിന് പ്രതിസന്ധിഘട്ടത്തിൽ അത്താണിയായത് സുഗതകുമാരി ടീച്ചറാണ്.

അങ്ങിനെയാണ് ടീച്ചർ എനിക്ക് അമ്മയാകുന്നത്. ശോഭനയ്ക്ക് അഭയം നൽകി ദൈവത്തെ പോലെ ജീവിതത്തിന്റെ മുഖ്യധാരയിലേക്ക് കൈപിടിച്ചുയർത്തിയ ഈ അമ്മ എനിക്കെന്നും അമ്മയായിരുന്നു. സുഗതകുമാരി അമ്മയുടെ മെസേജിന് മറുപടി ആയി പ്രകൃതിയെ മറന്ന് ഒന്നും ചെയ്യരുതെന്ന പാഠം ഓർച്ചിപ്പിക്കുകയാണ് കൊറോണക്കാലം എന്ന് ഞാൻ പറഞ്ഞപ്പോൾ ഒരു പുഞ്ചിരിയിലും ഒരു
തൊഴുകയ്യിലുമൊതുക്കി അവർ. ടീച്ചറുടെ ആരോഗ്യം നന്നായിരിക്കുന്നല്ലോ ജഗദീശരന് നന്ദി എന്നും ഞാൻ കുറിച്ചു. സുഗതകുമാരി ടീച്ചർ എല്ലാവർക്കും അത്താണിയാണ്. പ്രകൃതിയെ നിഷ്കരുണം കീറി മുറിക്കുമ്പോൾ അവർക്കുണ്ടാകുന്ന വേദന കവിതകളിലൂടെയും ലേഖനങ്ങളിലൂടെയും 

നമ്മെ നൊമ്പരപ്പെടുത്തുന്നു. അവരു ടെ മുഖത്തെ ദൈന്യത അതാണ് വിളിച്ചോതുന്നത്. സഹോദരിയിലൂടെയാണ് ഞാൻ അവരുമായി അടുത്തത്. കാസർകോട്ടെ പരിപാടിയിലേക്ക് അവരെ ക്ഷണിച്ച് വരുത്താൻ എനിക്ക് ഭാഗ്യമുണ്ടായി. മൂന്ന് തവണ അഭയ കേന്ദ്രത്തിലും അത്താണിയിൽ വെച്ചും അവരെ കാണാൻ ഭാഗ്യം ഉണ്ടായി. കേരളപ്പിറവി സുവർണ ജൂബിലി ആഘോഷങ്ങളുടെ ഭാഗമായി 2006 ഡിസംബർ 3 ന് ടീച്ചർ കാസർകോട് വന്നിരുന്നു. ജില്ലാ പഞ്ചായത്തിന്റെ ആഭിമുഖ്യത്തിൽ പെർള നളന്ദ കോളെജിൽ സംഘടിപ്പിച്ച എൻഡോ സൾഫാനും ആരോഗ്യപ്രശ്നങ്ങളും എന്ന ഏകദിന സെമിനാർ അവർ ഉദ്ഘാടനം ചെയ്തു. ജില്ലാ പഞ്ചായത്ത്‌ സ്റ്റാൻഡിങ്ങ് കമ്മിറ്റി ചെയർമാൻ വി.നാരായണൻ മാസ്റ്റർ , എന്റെ സഹപ്രവർത്തകനും

 

സാഹിത്യകാര നുമായ പ്രൊഫ.എം.എ.റഹ്മാൻ എന്നിവരും പരിപാടിയിൽ സംബന്ധിച്ചു. പിന്നീട് കാസർകോട് പീപ്പി ൾസ് ഫോറം സംഘടിപ്പിച്ച തണൽ മരം സംരക്ഷണ പരിപാടിയിൽ അവർ തേന്മാവ് നട്ടു . ബിഗ് ബസാറിന് എതിർ വശത്ത് റോഡരികിലാണ് തേൻമാവ് നട്ടത്. മാവ് വളർന്നു , പൂത്ത് , കായ്ച്ച് ടീച്ചറുടെ ഓർമ നിലനിർത്തി ഇന്നും തലയെടുപ്പോടെ നിൽക്കുന്നു. ഇതിന് നേതൃത്വം നൽകിയത് പീപ്പിൾസ് ‌ഫോറം പ്രസിഡണ്ട് പരേതനായ കെ.എസ്.ഇ.ബി. മുൻ ചീഫ് എഞ്ചിനീയർ ഇ രാഘവൻ നായരായിരുന്നു. പ്രകൃതി സ്നേഹികളായ ഓട്ടോ ഡ്രൈവർമാരാണ് മരം നനച്ച് വളർത്തിയത്. പിന്നീട് ടീച്ചർ കാസർകോട് വന്നത് കാഞ്ഞങ്ങാട് നെഹ്റു കോളെജ് സാഹിത്യ വേദിയുടെ പരിപാടിക്ക് വേണ്ടിയാണ്. ആ അവസരത്തിൽ പരിസ്ഥിതിപ്രവർത്തകനും തിരുവനന്തപുരം യൂണിവേഴ്സിറ്റി കോളേജ്

ജന്തുശാസ്ത്ര വിഭാഗം മേധാവിയുമായിരുന്ന പ്രൊഫ. ഇ.കുഞ്ഞികൃഷ്ണന്റെയും അദ്ദേഹത്തിന്റെ ജ്യേഷ്ഠൻ പരേതനായ ഇ. രാഘവൻ നായരുടെയും ബാര ഗ്രാമത്തിലെ മുതിര വളപ്പിലെ വീട്ടിലായിരുന്നു ഉച്ച ഭക്ഷണം. ഡോ.അംബികാസുതനും , ഞാനും, എൻഡോസൾഫാൻ മുന്നണിപ്പോരാളിയുമായ ലീലാകുമാരി അമ്മയും അവരുടെ കൂടെ ഉണ്ടായിരുന്നു. കാഞ്ഞങ്ങാട് മഹാകവി പി. സ്മാരക മന്ദിര പരിസരത്തും സുഗതകുമാരി ടീച്ചറുടെ ഓർമകൾ തങ്ങി നിൽക്കുന്നു. 2010 നവംബർ 30 ന് ടീച്ചർ പി. സ്മാരകം സന്ദർശിച്ചിരുന്നു. സ്മാരക പരിസരത്ത് അവർ നട്ട നെല്ലിമര തൈ ഇന്ന് വളർന്ന് വലുതായിരിക്കുന്നു. അവിടത്തെ സന്ദർശക ഡയറിയിൽ അവർ 

മഹാകവി കുഞ്ഞിരാമൻ നായരെകുറിച്ച് എഴുതി കയ്യൊപ്പ് ചാർത്തി. സ്വാതന്ത്ര്യ സമര സേനാനി ഗാന്ധിയൻ കമ്യൂണിസ്റ്റ് പരേതനായ കെ.മാധവൻ പി.സ്മാരക സമിതി പ്രസിഡണ്ടും ഞാൻ ജനറൽ സെക്ര
ട്ടറിയുമായിരുന്നു ആ സമയത്ത് . പി.യുടെ പ്രകൃതി സ്നേഹത്തെ കുറിച്ച് വാനോളം പുകഴ്ത്തി ആ അമ്മ . കേരള ശ്രീകോവിലിന്റെ ഗോപുരം കാത്ത കവിയാണ് പി.കുഞ്ഞിരാമൻ നായർ എന്ന് പറഞ്ഞു. അദ്ദേഹത്തിന്റെ നാമധേയത്തിലുള്ള ഈ മഹാ സ്ഥാപനത്തിന് അനുഗ്രഹം നേരുകയും ചെയ്തു മലയാളത്തിന്റെ ഈ പ്രീയപ്പെട്ട അമ്മ. എന്റെ പ്രിയപ്പെട്ട സുഗതകുമാരി അമ്മ നമ്മെ വിട്ടു പോയല്ലോ…. ഇനി എന്ന് ലഭിക്കും ഇത് പോലൊരു അമ്മയെ നമുക്ക്.

Leave a Reply

Your email address will not be published. Required fields are marked *