സർക്കാർ തൊഴിൽ കേന്ദ്രങ്ങൾ വേണം; ഇടനിലക്കാരുടെ ചൂഷണം തടയാം

ജയശ്രീ രാജീവ്

പിക്കാസും തൂമ്പയും കുട്ടയുമായി തൊഴിലന്വേഷിച്ച് റോഡരികിൽ നിൽക്കുന്ന ആൺ-പെൺ കൂട്ടങ്ങൾ. സ്വയം അന്നന്നത്തെ അന്നം തേടാൻ സന്നദ്ധരായി നിൽക്കുകയാണിവർ – ഞാൻ കണ്ണൂരിൽ നിന്ന് കാസർകോട്ടേക്കുള്ള യാത്രക്കിടയിൽ നഗരങ്ങളിൽ എപ്പോഴും കാണുന്ന കാഴ്ചയാണിത്. കാറുകളിലും മറ്റും വരുന്ന മലയാളികൾ ഇവരെ കൃഷിപ്പണി, കെട്ടിടം പണി, മരാമത്ത് പണി, ഖലാസിപ്പണി, അറ്റകുറ്റപ്പണി എന്നിങ്ങനെ പല കാര്യങ്ങൾക്കായി വില പേശി മേടിക്കുന്നതും കാണാം. ഇതിനിടയിൽ ഏജൻ്റുമാരുമുണ്ട്. മറ്റ് സംസ്ഥാനങ്ങളിൽ നിന്നെത്തുന്നവർ എന്തു പണിയും ചെയ്യാൻ തയ്യാറാണ് പക്ഷെ നമ്മുടെ ആളുകളോ?

ഒരു കാലത്ത് ആഢ്യത്തത്തോടെ കൃഷി ഉപജീവനമാക്കിയിരുന്ന കർഷകർ നിറഞ്ഞ പ്രദേശമാണ് നമ്മുടെ നാട്. കൃഷി നിർത്തി നിലം നികത്തുന്നവർക്കും കെട്ടിടം പണിയുന്നവർക്കും ഒക്കെ പറയാനുള്ളത് ഒരേ കാരണമാണ്. “പണിക്ക് ആളെ കിട്ട്ന്നില്ല. കിട്ടിയാൽ തന്നെ അവര് പറയ്ന്ന കൂലിയാണ്. മുതലാവുന്നില്ല.” വീട്ടുമുറ്റത്തെ പച്ചക്കറി തോട്ടങ്ങൾക്കപ്പുറം ഇനി ഇവിടെ കൃഷിഭൂമികൾ നിലനിൽക്കണമെങ്കിൽ ഈ പ്രശ്നം പരിഹരിക്കപ്പെട്ടേ മതിയാകു.  വലിയ ഉദ്യോഗം നോക്കുന്നവരുടെ എക്കാലത്തെയും സമസ്യയാണ് വീട്ടുജോലിക്ക് ആളെ കിട്ടായ്കയും പ്രായമായ രക്ഷിതാക്കളെയും കൊച്ചുകുട്ടികളെയും നോക്കാൻ ആളില്ലായ്കയും. ദിവസക്കൂലി 500 രൂപയും 50 രൂപ യാത്രാബത്തയും കൊടുത്താൽ കഷ്ടിച്ച് ഒന്നോ രണ്ടോ മണിക്കൂർ കൊണ്ട് ഒരു ദിവസത്തെ മുഴുവൻ പാചകവും ചെയ്ത് തരാൻ ആളെ കിട്ടും. ഉടനെ തന്നെ അവർ അടുത്ത പണി സ്ഥലത്ത് പറന്നെത്തി അവിടെ ജോലി തുടരും. അവരുടെ ഒരു ദിവസത്തെ വരുമാനം ശരാശരി1500 രൂപ.

അടിച്ചു തുടച്ച് വീട് വൃത്തിയാക്കാൻ വരുന്ന ചേച്ചിക്ക് വീടിന്റെ വ്യാപ്തിയനുസരിച്ച് ദിവസം 500 മുതൽ 700 രൂപ വരെ കൂലിയും ഭക്ഷണവും. ഒരു ദിവസം ചുരുങ്ങിയത് രണ്ടോ മൂന്നോ വീടുകളിൽ പോകാം. പ്രതിദിന വരുമാനം ചുരുങ്ങിയത് 1500. പ്രായമായവരെ നോക്കാൻ സ്വകാര്യ സ്ഥാപനം വഴിയും അല്ലാതെയും നിൽക്കുന്നവരുടെ ശമ്പളം പറയാനുമില്ല. വലിയ പത്രാസിൽ നടക്കുന്ന ഉദ്യോഗസ്ഥർ തമ്മിൽ അന്യോന്യം ഫോണിൽ പറയുന്നത് കേട്ടാൽ ചിരിവരും. “എടീ നിന്റെ വീട്ടില് വര്ന്ന ചേച്ചിയെ എനിക്കൂടെ ഒന്ന് കിട്ടോ ? ഞാൻ മടുത്തു. എത്ര പൈസ വേണേലും കൊട്ക്കായിര്ന്ന്.” ഇത്തരം ജോലികൾക്കുള്ള ശക്തമായ, നിരന്തരമായ, സ്ഥായിയായ അത്യാവശ്യമല്ലേ ഇതൊക്കെ സൂചിപ്പിക്കുന്നത് ? ഈ ജോലികൾ സർക്കാരിന് ഉദ്യോഗപ്പട്ടികയിൽ ഉൾപ്പെടുത്താൻ ഇനിയും എത്രപേർ ഇവിടെ ആത്മഹത്യ ചെയ്യണം?

കൃഷി വിജ്ഞാന കേന്ദ്രങ്ങൾ യുവതീയുവാക്കൾക്ക് സൗജന്യമായി യന്ത്രവൽകൃത തെങ്ങുകയറ്റം പഠിപ്പിക്കുന്നു. ഒപ്പം യന്ത്രവും സൗജന്യമായി നൽകുന്നു. നെൽകൃഷിയിലെ യന്ത്രവൽക്കരണത്തിൽ സൗജന്യ പരിശീലനം നൽകുന്നു. പാഴായിപ്പോകുന്ന വാഴത്തടയിൽ നിന്നും വലിയ ആദായം ഉണ്ടാക്കാവുന്ന വാഴനാര് ഉൽപാദനം പഠിപ്പിക്കുന്നു. എന്തിന് വേണ്ടിയാണ് ഈ വേഷം കെട്ടൊക്കെ? പരിശീലന പരിപാടിയോടുകൂടി നാടകം അവസാനിച്ചു. ഫലം നാസ്തി. ആരെയും പഴി പറഞ്ഞിട്ട് കാര്യമില്ല. ഈവക തൊഴിൽ സാദ്ധ്യതകൾ കണ്ടറിഞ്ഞ് സർക്കാരിന്റെ മേൽനോട്ടത്തിൽ കൂടുൽ വിപണന ശൃംഖലകൾ ഉണ്ടാക്കിയാൽ മാത്രമേ ഈ പരിശീലനം നേടിയ യുവാക്കൾക്ക് അത് ഗുണം ചെയ്യു. ഇത് തൊഴിൽ മേഖലയിലെ ഒരു ഉദാഹരണം മാത്രം.

മക്കൾ അമേരിക്കയിലും ലണ്ടനിലും പ്രായമായ അച്ഛനും അമ്മയും മാത്രം നാട്ടിൽ. കുടുംബത്തിൻ്റെ എക്കറുകണക്കിന് കൃഷി സ്ഥലം വെറുതെ കിടക്കുന്നു.ഇത് കേരളത്തിലെ സാധാരണ കാഴ്ചയായി മാറിക്കഴിഞ്ഞു. സർക്കാർ തലത്തിൽ തൊഴിൽ സേന ഉണ്ടാക്കി തരിശുനിലങ്ങൾ കൃഷി ചെയ്യാനുള്ള പ്രവർത്തനം വേണം. ഇത്തരം പ്രവർത്തനമുണ്ടായാൽ ഈ രംഗത്തേക്ക് കൂടുതൽ ആളുകൾ എത്തും എന്ന കാര്യത്തിൽ സംശയമില്ല. വീട്ടുജോലിയും ഹോം നഴ്സിംഗ് തൊഴിലും കൃഷിപ്പണിയും ചെയ്യുന്നവരെ ഉൾപ്പെടുത്തി തൊഴിൽ കേന്ദ്രങ്ങൾ ഉണ്ടാക്കിക്കൂടെ? ഇത്തരമൊരു സർക്കാർ സംവിധാനം വരുമ്പോൾ ഇതിൽ രജിസ്റ്റർ ചെയ്ത് തൊഴിലെടുക്കാനായി കൂടുതൽ ആളുകൾ മുന്നോട്ടു വരും. ഇടനിലക്കാരുടെ ചൂഷണവും ഒഴിവാക്കാം.

ആവശ്യത്തിലധികം വിദ്യാഭ്യാസം നേടിയവരാണ് നമ്മളെല്ലാവരും. അതുകൊണ്ട് തന്നെ ഇത്തരം ജോലികളൊന്നും സർക്കാർ ജോലിയിൽ ഉൾപ്പെടുത്താത്തിടത്തോളം കാലം ‘ചത്താലും വേണ്ടില്ല ഞാൻ പോവില്ല’ എന്ന് കരുതുന്നവരാണ് നമ്മൾ ഏറെയും. ദിവസക്കൂലിക്ക് ഏതാനും ദിവസത്തേക്ക് മാത്രം നടത്തുന്ന ‘തൊഴിലുറപ്പ് ‘ പോര. സ്ഥിരതയുള്ള സർക്കാർ ജോലികൾക്കേ ഇതിന് പരിഹാരം കാണാനാവു. ടാറിടാനും സെപ്റ്റിക് ടാങ്ക് വൃത്തിയാക്കാനും പൊരി വെയിലത്ത് റെയിൽവേ പണി ചെയ്യാനും കാരിരുമ്പു തോൽക്കുന്ന ശരീരബലമുള്ള ഷൺമുഖനെയും അറുമുഖനെയും മാത്രം നമ്മൾ കാണുന്നു. അതേ റെയിൽവേ സ്റ്റേഷനിൽ ഒരു സർക്കാർ തസ്തികയിലിരുന്ന് നമ്മുടെ ബിടെക്കു കാരൻ പ്യൂണിൻ്റെ ജോലി ചെയ്യുന്നു. അവന് പ്രതീക്ഷയാണ് – പരീക്ഷകൾ എഴുതിയെടുത്ത് ഒരു നാൾ അവന്റെ യോഗ്യതയ്‌ക്കൊത്ത സ്ഥാനത്ത് എത്തിപ്പെടാനാവുമെന്ന്. ഈ മനസ്ഥിതി തെറ്റല്ല. സമൂഹം നമ്മളെ പഠിപ്പിക്കുന്ന രീതിയാണത്. അതിനൊത്ത് സാഹചര്യങ്ങളും അവസരങ്ങളും സൃഷ്ടിക്കുകയേ വഴിയുള്ളു.

ചിത്രങ്ങള്‍ : എസ്.ജയകുമാര്‍

4 thoughts on “സർക്കാർ തൊഴിൽ കേന്ദ്രങ്ങൾ വേണം; ഇടനിലക്കാരുടെ ചൂഷണം തടയാം

  1. Hi,

    Greetings and surprised to see a renowned musician writing on social causes.

    The writer’s appeal has a strong relavence in presentday Kerala. We need to find a mechanism at govt. Level to tackle militant trade unionism prevalent in political Kerala. Multiskilling is too significant in such sectors of govt. if created.

  2. Jayashree… Wow
    Excellent style of writing on the very pertinent social scenario of Kerala… Keep writing.. All the Best.
    Prof.(Dr.) K.Prathapan
    Vice Chancellor
    DY Patil Agriculture and Technical University, Kholapur

    1. Thank you…. ☺️🙏🙏
      This means a lot sir. You may not know how much we your students adore your down to earth ways☺️
      Jayashree Rajeev

Leave a Reply

Your email address will not be published. Required fields are marked *