കോവിഡ് മഹാമാരി സംഭാവന ചെയ്ത വാക്കുകൾ

പ്രൊഫ.ജി.ഗോപാലകൃഷ്ണൻ

കോവിഡ് മഹാമാരി കാരണം ഒരു ഗുണമുണ്ടായി. മലയാളഭാഷക്ക് കുറേ വാക്കുകൾ സ്വന്തമായി. ക്വാറന്റൈൻ, സാനിറ്റൈസർ, ഹാൻ്റ് വാഷ് പ്രോട്ടോക്കോൾ, കണ്ടെയ്ൻമെൻ്റ്, മാസ്ക്ക്, കൊറോണ, വൈറസ് ……ഇനിയും കണ്ടേക്കാം വാക്കുകൾ.ഓരോന്നിനും സമാനപദം അന്വേഷിക്കുന്ന വൃഥാവ്യായാമം ആവശ്യമുണ്ടോ ? സ്വിച്ചിന് “വൈദ്യുതി ഗമനാഗമന നിയന്ത്രണ യന്ത്രം” എന്നും, തീവണ്ടിക്ക് ഗരിമ പോരാഞ്ഞ് ട്രെയിനിന് “അഗ്നി ശകട” മെന്നും പേരിടാൻ ശഠിച്ച ഭാഷാധുരന്ധരന്മാരിന്നെവിടെ ?

പെൻസിലും, സ്ലേറ്റും , സ്കൂളും, ക്ലാസ്സും സിനിമയുമൊക്കെ മലയാളമല്ലെന്നാർക്കെങ്കിലും തോന്നുമോ ? മോഡുലേഷനെ മോഡുലനമാക്കിയാൽ എന്താ തെറ്റ് ! ചീട്ടുകളിയിൽ ഹാർട്സ് ആഡുതനും ക്ലബ്സ് ക്ലാവറും, സ്പേഡ് ഇസ്പേഡും ഡയമണ്ട് ഡൈമനുമായപ്പോൾ ഒരസ്വാഭാവികതയും ആർക്കും തോന്നിയില്ല. ഹൈഡ്രജനും, ഓക്സിജനും മഗ്നീഷ്യവും പോലെയുള്ള രാസമൂലകങ്ങൾക്ക് മലയാളം കണ്ടുപിടിക്കാൻ ഒരു ഭാഷാ സ്നേഹിയും ഇപ്പോൾ മെനക്കെടാറില്ല. പെൻഡുലവും സ്പ്രിങ്ങും ഗ്ലാസ്സും മീറ്ററും കാറും സൈക്കിളും ബാങ്കും ലോണും നാം സ്വന്തമാക്കിക്കഴിഞ്ഞു. നമ്മുടെ വിദ്യാർത്ഥികൾ 

 എഞ്ചിനിയറിങ്ങും, മെഡിസിനും പഠിക്കുന്നു. ബോട്ടണിയും ഹിസ്റ്ററിയും സുവോളജിയും ജിയോളജിയും പഠിക്കുന്നു. ടീച്ചറെന്ന വിളിയുടെ മാധുര്യം, ഡ്രിൽ മാഷെന്ന പ്രയോഗം , ചോക്കും ബോർഡും ഹെഡ് മാസ്റ്ററും ബെല്ലടിക്കുന്ന പ്യൂണും അങ്ങനെ കുറേ വാക്കുകൾ മലയാളത്തിൽ ലയിച്ചു ചേർന്നവയാണല്ലോ. കോളേജുകളിൽ പ്രിൻസിപ്പൽമാരും പ്രൊഫസർമാരുമുണ്ട്. തോന്ന്യാസം കാണിച്ചാൽ സസ്പെന്റോ ഡിസ്മിസോ ചെയ്യും. എൻക്വയറിക്ക് കമ്മിഷനെ വയ്ക്കും അവർ റിപ്പോർട് സബ്മിറ്റു ചെയ്യും. മിക്കവാറും ഓഫീസുകളിൽ കാന്റീൻ കാണും . ഹോസ്റ്റലുകളിൽ മെസ്സുണ്ടാവും. ഒരു പ്രായം കഴിഞ്ഞാൽ ഉദ്യോഗസ്ഥർ റിട്ടയർ ചെയ്യും അപ്പോൾ പെൻഷൻ 

പ്രൊഫ.ജി.ഗോപാലകൃഷ്ണൻ ഭാഷയെക്കുറിച്ച് ക്ലാസെടുക്കുന്നു.

ലഭിക്കും. സമരപ്പന്തലിൽ ഇങ്ക്വിലാബിനും സിന്ദാബാദിനും പകരം എവിടെക്കിട്ടും അത്ര ആർജ്ജവമുള്ള പദങ്ങൾ ?പർദയും ഷർട്ടും ബനിയനും അന്യഭാഷാപദങ്ങളാണെന്നാരു പറയും? വയലിനും ക്ലാർനെറ്റിനും പകരം വെക്കാൻ മലയാള പദങ്ങൾ തേടി അലയണോ ? പുതിയ പുതിയ വാക്കുകൾ സ്വന്തം പദസമ്പത്തിന്റെ ഭാഗമാക്കുമ്പോഴേ ഭാഷ വളരു , സമ്പന്നമാകു , ഡൈനാമിക്കാവു. English is a dynamic language; Sanskrit is static. നമ്മുടെ ഭാഷ ഊർജസ്വലവും ചലനാത്മകവുമാകട്ടെ .

( തിരുവനന്തപുരം യൂണിവേഴ്സിറ്റി കോളേജ് മുൻ പ്രിൻസിപ്പലും നാടകകൃത്തും നടനും സിനിമാ സംവിധായകനുമാണ് ലേഖകൻ )

Leave a Reply

Your email address will not be published. Required fields are marked *