പഞ്ചായത്ത് വികസനത്തിനുള്ള വിഭവ ഭൂപടത്തെ സ്നേഹിച്ച കെ.സി.

ശശിധരൻ മങ്കത്തിൽ

സ്നേഹത്തോടെ എല്ലാവരും കെ.സി. എന്നു വിളിക്കുന്ന കെ.സി.രാമചന്ദ്രൻ വിടവാങ്ങി. തികഞ്ഞ ഗാന്ധിയനായ അദ്ദേഹം കോൺഗ്രസ്സ് നേതാവും ഐ.എൻ.ടി.യു.സി സംസ്ഥാന സീനിയർ വൈസ് പ്രസിഡണ്ടും ദേശീയ പ്രവര്‍ത്തക സമിതി അംഗവുമായിരുന്നു. ഞാൻ അദ്ദേഹത്തെ പരിചയപ്പെടുന്നത്  വർഷങ്ങള്‍ക്ക്‌ മുമ്പാണ്. ഞങ്ങൾ തിരുവനന്തപുരം സെൻ്റർ ഫോർ എർത്ത് സയൻസ് സ്റ്റഡീസിൽ പ്രോജക്ട് ശാസ്ത്രജ്ഞരായി പ്രവർത്തിക്കുന്ന സമയം. 1992 ൽ മറ്റു ചില പഞ്ചായത്തുകൾക്കൊപ്പം കോഴിക്കോട് ജില്ലയിലെ മാവൂർ മലപ്പുറത്തെ വാഴക്കാട് എന്നീ പഞ്ചായത്തുകളുടെ വിഭവഭൂപടം നിർമ്മിക്കാൻ നിർദ്ദേശം വന്നു. ഞാനും സുഹൃത്തുക്കളായ എം.ആർ.അജിത്കുമാർ (ഇപ്പോൾഎ.ഡി.ജി പി (ട്രാൻസ്പ്പോർട്ട്  കമ്മീഷണർ ),കെ.വി. നാസർ അഹമ്മദ് (മൈനിങ് ആൻ്റ് ജിയോളജി റിട്ട. സീനിയർ ജിയോളജിസ്റ്റ് ), എസ്.അശോകന്‍, എ.സി. ചിത്രലേഖ എന്നിവർ മാവൂർ

പഞ്ചായത്തിലെത്തിയപ്പോൾ സ്വീകരിക്കാൻ ‘കെ.സി ‘ അവിടെ ഉണ്ടായിരുന്നു. മാവൂർ കെ.സി.യുടെ സ്വന്തം പഞ്ചായത്താണ്. ഇവിടെ ചെറൂപ്പയിലാണ് വീട്. വാർഡ് മെമ്പർ, മാത്രമല്ല ഗ്വാളിയോർ റയോൺസിലെ മുൻ ജീവനക്കാരൻ… സ്വന്തം നാടിനോടുള്ള സ്നേഹം കൊണ്ടു തന്നെയാണ് വികസനത്തിൻ്റെ അടിസ്ഥാന ശാസ്ത്ര രേഖയായ വിഭവഭൂപടം പഞ്ചായത്തിൽ വേണമെന്ന് അദ്ദേഹം ആഗ്രഹിച്ചത്. അതുകൊണ്ടുള്ള ഗുണങ്ങൾ അദ്ദേഹം ഞങ്ങളിൽ നിന്ന് ചോദിച്ച് മനസ്സിലാക്കി. വാർഡ് അംഗങ്ങൾക്ക് അതിൻ്റെ അതിർത്തി പോലും നന്നായി അറിയാത്ത സ്ഥിതിയാണ്. അതിനാൽ ഈ ഭൂപടം വികസന പ്രവർത്തനങ്ങൾക്ക് അത്യാവശ്യമാണെന്ന്  ഇതിൻ്റെ പ്രത്യേകതകൾ മനസ്സിലാക്കി അദ്ദേഹം പറഞ്ഞു. ഗാന്ധിജിയുടെ ഗ്രാമവികസനം എന്ന തത്വം ഇതിലുണ്ടെന്നും അദ്ദേഹം പറഞ്ഞു. ശാസ്ത്ര കാര്യങ്ങൾ കേൾക്കാൻ അദ്ദേഹത്തിന് വളരെ ഇഷ്ടമായിരുന്നു. കാര്യങ്ങൾ പെട്ടെന്ന്മനസ്സിലാക്കിയെടുക്കുകയും ചെയ്യും. ഭൂപടവുമായി ബന്ധപ്പെട്ട് തിരുവനന്തപുരം സെസ്സിലും അദ്ദേഹം വന്നിരുന്നു. പഞ്ചായത്തിൻ്റെ ഭൂപ്രകൃതി, മണ്ണ്, ജലലഭ്യത,വിഭവങ്ങൾ തുടങ്ങി ആസ്തി വിവരങ്ങൾ വരെ കാണിക്കുന്ന

ഭൂപടം ഉണ്ടാക്കാൻ ഒന്നര മാസത്തോളം ഞങ്ങൾ അവിടെ ശാസ്ത്രീയ സർവ്വെ നടത്തി. ഗ്വാളിയോർ റയോൺസിലെ ക്വാർട്ടേഴ്സും മറ്റൊരു സ്ഥലത്ത് ഒരു വീടും കെ.സി. ഞങ്ങൾക്ക് ഏർപ്പാടാക്കി തന്നു. ഞങ്ങൾ ശാസ്ത്രീയ ഭൂപടം തയ്യാറാക്കുമ്പോൾ വാർഡിലെ വളണ്ടിയർമാർ സർവ്വെ നടത്തി കെഡസ്ട്രൽ മാപ്പിൽ (വില്ലേജ് ലിത്ത് മാപ്പ് ) വിഭവങ്ങൾ രേഖപ്പെടുത്തും. ഇതിനായി വാർഡു തലത്തിൽ വളണ്ടിയർമാരെ അദ്ദേഹം വളരെ എളുപ്പത്തിൽ സംഘടിപ്പിച്ചു. എല്ലാവരും വൈകുന്നേരം ഒത്തുകൂടി തയ്യാറാക്കിയ ഭൂപടം പരിശോധിക്കും. ഇതിൽ കെ.സി. മുന്നിലുണ്ടാകും. വികസന ചർച്ചയിൽ അദ്ദേഹം വേണ്ട നിർദേശം നൽകും. പഞ്ചായത്ത് പ്രസിഡണ്ടും വാർഡ് അംഗങ്ങളും ചർച്ചയ്ക്ക് എത്തുമായിരുന്നു. ചില ഞായറാഴ്ചകളിലും കെ.സി.രാവിലെ വരും. ചായ കുടിച്ചോ എന്ന ചോദ്യവുമായി വരുന്ന അദ്ദേഹത്തിന് ഞങ്ങളുടെ താമസം ഭക്ഷണ കാര്യം എന്നിവയിൽ പ്രത്യേക ശ്രദ്ധ ഉണ്ടായിരുന്നു. ഒന്നര മാസത്തോളം അദ്ദേഹം ഞങ്ങളിൽ ഒരാളായി. തൂവെള്ള ഖദർ ഷർട്ടും നിറഞ്ഞ പുഞ്ചിരിയുമായി വന്ന് പുറത്തു തട്ടി കുശലം പറയുന്ന കെ.സി.ഞാൻ കണ്ട സ്നേഹം ചൊരിയുന്ന അപൂർവ്വ വ്യക്തിത്വങ്ങളിൽ ഒരാളാണ്. അദ്ദേഹത്തോട് സംസാരിക്കുമ്പോൾ പ്രത്യേക ഊർജ്ജം നമുക്കു കിട്ടും. നല്ല പ്രാസംഗികൻ കൂടിയാണ് അദ്ദേഹം. വിഭവഭൂപം തയ്യാറാക്കിയ ശേഷം അത് നാട്ടുകാർക്ക് പരിചയപ്പെടുത്താനായി സെമിനാർ

നടത്തിയിരുന്നു. അതിന് ചുക്കാൻ പിടിച്ചതും കെ.സി. തന്നെ .സെമിനാറിൽ സെസ്സിലെ സീനിയർ ശാസ്ത്രജ്ഞരായ ഡോ.കെ.കെ.രാമചന്ദ്രൻ, ഡോ.ജി.കെ.സുചിന്ദൻ, ഡോ.എം.ഷംശുദ്ധീൻ എന്നിവരെല്ലാം പങ്കെടുത്തിരുന്നു. വിഭവഭൂപടം പൂർത്തിയായപ്പോൾ അദ്ദേഹത്തിന് എന്തെന്നില്ലാത്ത സന്തോഷമായിരുന്നു. ഒരു മാസത്തിലേറെ കഷ്ടപ്പെട്ടതിന് ഫലമുണ്ടായി എന്നു പറഞ്ഞ് അദ്ദേഹം എല്ലാവരേയും അഭിനന്ദിച്ചു. മാവൂർ പഞ്ചായത്ത് ചെയ്ത ശേഷം അന്ന് എം.എൽ.എയായിരുന്ന ഇ.ടി മുഹമ്മദ് ബഷീറിൻ്റെ പഞ്ചായത്തായ വാഴക്കാടാണ് സർവ്വെ നടത്തി വിഭവഭൂപടമുണ്ടാക്കിയത്. വാഴക്കാട് താമസ സൗകര്യം കുറവായതിനാൽ മാവൂരിൽ താമസിച്ചാണ് സർവ്വെ നടത്തിയത്. അന്ന് പാലമില്ല. ചാലിയാർ കടക്കാൻ തോണിയായിരുന്നു ആശ്രയം. ഈ സർവ്വെ നടത്താനും കെ.സി.ഏറെ സഹായിച്ചു. കണ്ണൂർ കല്ല്യാശ്ശേരി പഞ്ചായത്തിലാണ് പയലറ്റ് പ്രോജക്ട് എന്ന പേരിൽ ഞങ്ങളുടെ ടീം വിഭവ ഭൂപടം നിർമ്മിച്ചത്. അവിടെ കേരള ശാസ്ത്രസാഹിത്യ പരിഷത്തിൻ്റെ ജില്ലാ സെക്രട്ടറിയായിരുന്ന ടി.ഗംഗാധരനാണ് ഞങ്ങൾക്ക് സഹായം ചെയ്തു തന്നത്. അദ്ദേഹത്തെ പോലെ ശാസ്ത്ര കാര്യങ്ങൾ മനസ്സിലാക്കിയാണ് കെ.സി.യും ഞങ്ങൾക്കൊപ്പം ചേർന്നത്. രാഷ്ട്രീയത്തിലും വികസനത്തിലും നാടിനൊപ്പം നിന്ന കെ.സിക്ക് പ്രണാമം.

Leave a Reply

Your email address will not be published. Required fields are marked *