ആടുകളെ കൊല്ലരുത്; ജോണീസ് രോഗത്തിന് ചികിത്സയുണ്ട്.

ഡോ. പി.വി.മോഹനൻ

കേരളത്തിൽ ആടുകളെ ബാധിച്ച ജോണീസ് രോഗത്തെക്കുറിച്ചുള്ള ചർച്ചകൾ നടക്കുകയാണല്ലോ. തിരുവനന്തപുരം പാറശ്ശാലയിലെ ആടുഫാം ഇപ്പോൾ മികവിന്റെ കേന്ദ്രമായി മാറിയിരിക്കുകയാണ്. എന്നാൽ അവിടെയുള്ള എട്ട് ആടുകളിൽ ജോണീസ് രോഗം  (പാരാ ട്യൂബർക്കുലോസിസ്) ഉണ്ടെന്ന് എലിസ ടെസ്റ്റ് നടത്തി കണ്ടെത്തിയിട്ടുണ്ട്. ഈ ആടുകളെ കൊല്ലണ മെന്നാണ് മൃഗസംരക്ഷണ വകുപ്പിന്റെ നിർദ്ദേശം. ഇതിന് മുമ്പും ഇവിടെ ഇതേ കാരണത്താൽ ആടുകളെ കൊന്നിട്ടുണ്ട്. കൂടാതെ പാലക്കാട്ടെ ആടുഫാമുകളിലും ഈ രോഗം കണ്ടെത്തിയെന്നും കൊല്ലണമെന്നുമാണ് നിർദ്ദേശിച്ചത്. സമാന രീതിയിൽ കണ്ണൂർ കൊമേരി ആടു ഫാമിൽ ജോണീസ് രോഗം ബാധിച്ച ഇരുപതിലധികം ആടുകളെ കഴിഞ്ഞ വർഷം കൊന്നൊടുക്കിയിരുന്നു. വിഷം കുത്തിവെച്ച് കൊന്ന് ആഴത്തിൽ കുഴിച്ചുമൂടുകയായിരുന്നു. ഈ വർഷവും ഫാമിൽ രോഗം ഉണ്ടെന്ന് കണ്ടെത്തുകയും 35 -ൽകൂടുതൽ ആടുകളെ കൊല്ലാൻ ഉത്തരവിടുകയും ചെയ്തു കഴിഞ്ഞു. രോഗം കണ്ടെത്തി ഉറപ്പാക്കുന്നതിന് PCR ടെസ്റ്റ് ചെയ്യണം. എന്നാൽ എലിസാ ടെസ്റ്റ് നടത്തിയാണ് ഡിസീസ് ഇൻവസ്റ്റിഗേഷൻ ഓഫീസർമാർ ആടുകളെ കൊല്ലാൻ നിർദ്ദേശം നൽകിയതും നേരത്തെ കൊന്നതും. ചികിത്സക്കും പ്രതിരോധത്തിനും വാക്സിൻ ലഭ്യമായ കാലത്താണ് ഈ “വധം” നടന്നതെന്നത് ഏറെ ദു:ഖകരമാണ്. കൊല്ലുന്നതിനു മുമ്പ് വിദഗ്ദ അഭിപ്രായം തേടിയിരുന്നില്ല.

എന്താണ് ജോണീസ് രോഗം ?

ആട്, ചെമ്മരിയാട്, പശു, എരുമ, തുടങ്ങിയ മൃഗങ്ങളെ ബാധിക്കുന്ന രോഗമാണ് ജോണീസ് രോഗം അഥവാ പാരാ ട്യൂബർകുലോസിസ്. മൈക്കോബാക്ടീരിയം പാരാ ട്യൂബർകുലോസിസ് എന്ന ബാക്ടീരിയയാണ് രോഗകാരി. തീറ്റ ,വെള്ളം, മേച്ചിൽപ്പുറം,പാൽ, ബീജം, എന്നിവയിലൂടെ രോഗം പകരാം. ഗർഭസ്ഥ ശിശുവിലേക്ക് രോഗം പകരുമെന്ന് തെളിഞ്ഞിട്ടുണ്ട്. ഈ ബാക്ടീരിയയെ നശിപ്പിക്കുക അത്ര എളുപ്പമല്ല. യു.വി. റേഡിയേഷൻ, പാസ്ചറൈസേഷൻ, ബ്ലീച്ചിങ്ങ് പൗഡർ, എന്നിവയെ അണു അതിജീവിക്കും. എത്ര കൊന്നാലും ആ സ്ഥലത്ത് വളർത്തുന്ന വയ്ക്ക് വീണ്ടും രോഗം പിടിപെടും. കുറഞ്ഞ ജനന തൂക്കം, മുരടിച്ച

വളർച്ച ,കുറഞ്ഞ പാലുല്പാദനം, ശരീരശോഷിപ്പ്, കുറഞ്ഞ തീറ്റ പരിവർത്തന ശേഷിയും രോഗപ്രതിരോധവുമൊക്കെയാണ് ലക്ഷണങ്ങൾ. മരണനിരക്ക് കുറവാണെങ്കിലും വളർത്തുന്നതിന് ചെലവു കൂടും.

വാക്സിൻ ഫലപ്രദം

2014 വരെ ഈ രോഗം വന്നവയെ നശിപ്പിക്കുകയായിരുന്നു പതിവ്. എന്നാൽ കൊന്നതു കൊണ്ടൊന്നും ഈ രോഗത്തെ നിയന്ത്രിക്കാൻ കഴിയില്ലെന്ന തിരിച്ചറിവാണ് വാക്സിൽ കണ്ടെത്താൻ പ്രേരിപ്പിച്ചത്. 2008 ൽ CIRG ( കേന്ദ്ര ആട് ഗവേഷണ കേന്ദ്രം, മഥുര ) വാക്സിൻ ഉൽപാദിപ്പിക്കാനുള്ള ഗവേഷണം ആരംഭിച്ചു. ഡോ. ഷൂർവിർ സിംഗ് ആണ് അതിന് നേതൃത്വം നൽകിയത്. 2009 ൽ ട്രയൽ നടത്തി. CIRG ഫാമിൽ രോഗം പിടിപ്പെട്ടപ്പോൾ ഈ വാക്സിൻ ഉപയോഗിച്ച് മൃഗങ്ങളെ രക്ഷപ്പെടുത്തിയത് വാർത്തയായി. 2013 ൽ ഇഡ്യൻ വെറ്ററിനറി ഇൻസ്റ്റിറ്റൂട്ടിന്റെ അംഗീകാരവും 2014 ൽ ഡ്രഗ് കൺട്രോളരുടെ അനുമതിയും ഈ വാക്സിന് ലഭിച്ചു. വാക്സിന്റെ കണ്ടുപിടുത്തത്തിന് രാഷ്ട്രപതിയുടെ നാഷണൽ ഇന്നോവേഷൻ അവാർഡ് ലഭിക്കുകയുണ്ടായി.വടക്കെ ഇന്ത്യയിലെ മിക്ക ഫാമുകളിലും ഈ വാക്സിൻ ഇപ്പോൾ ഉപയോഗിച്ചു വരുന്നു. രോഗം വരാതിരിക്കാനും വന്നതിനെ ചികിത്സിക്കാനും ഈ വാക്സിൻ ഉപയോഗിക്കാം. മൂന്നു മാസം പ്രായമായ എല്ലാ മൃഗങ്ങൾക്കും ഒറ്റത്തവണ വാക്സിൻ എടുക്കാം. ജീവിതകാലം മുഴുവൻ പ്രതിരോധ ശേഷി ലഭിക്കും. ആടുകളിൽ ഒരുമില്ലി തൊലിക്കടിയിൽ കുത്തിവെച്ചാൽ മതിയാകും. വലിയ മൃഗങ്ങൾക്ക് മൂന്ന് വർഷത്തിനു ശേഷം വീണ്ടും എടുക്കണം. പുതുതായി വാങ്ങിയ ആടുകളിലാണ് കോമ്മേരി ഫാമിൽ രോഗം കണ്ടെത്തിയത്. ജോണീസ് രോഗം കേരളത്തിൽ പല ഫാമുകളിലും ഉണ്ടാകാനിടയുണ്ട് , അത് കൊണ്ടു തന്നെ എല്ലാ ആടുകളിലും പരിശോധന നടത്തി വാക്സിൻ എടുക്കുന്നതാണ് നല്ലത്. ഒറ്റത്തവണ എടുത്താൽ മതി എന്നതുകൊണ്ടു തന്നെ ഇത് എളുപ്പമാണു താനും. സംസ്ഥാന സർക്കാർ ഇതിനു വേണ്ടി ഒരു പ്ലാൻ തയ്യാറാക്കണം. വാക്സിൻ ഉല്പാദകരുമായി ഒരു സംയുക്ത പദ്ധതി നടത്താനും കഴിയും.

ആടുകളെ കൊല്ലുന്നത് എന്തിന് ?

ഇത് സംബന്ധിച്ച് തീരുമാനിക്കാൻ ചേർന്ന മൃഗസംരക്ഷണ വകുപ്പ് സെ
ക്രട്ടറി വിളിച്ചു ചേർത്ത യോഗത്തിൽ ആടുകളെ കൊല്ലാനാണ് തീരുമാനമെടുത്തത് എന്നറിയുന്നു. വെറ്ററിനറി യൂണിവേർസിറ്റിയിലോ, കെ.എൽ.ഡി. ബോർഡിലോ ഉള്ള ഫാമുകളിൽ പരിശോധിക്കാതെ സർക്കാർ ഫാമുകളിൽ മാത്രം ടെസ്റ്റ് നടത്തി കൊല്ലാൻ പറയുന്നത് ശരിയല്ലെന്നാണ് ഫാമിൽ ജോലി ചെയ്യുന്ന ഡോക്ടർമാരുടെ അഭിപ്രായം. അത് മീറ്റിങ്ങിൽ പറഞ്ഞെങ്കിലും ഉയർന്ന ഉദ്യോഗസ്ഥർ അത് മുഖവിലക്കെടുത്തില്ല. എലിസ ടെസ്റ്റ് നടത്തി റിസൽട്ട് പോസറ്റീവ് ആയതിനെ കൊല്ലരുതെന്നും പി.സി.ആർ ടെസ്റ്റോ, കാഷുത്തിൽ ബാക്ടീരിയയുടെ സാമിപ്യമോ പരിശോധിക്കണമെന്ന അഭിപ്രായവും അവർ ചെവി കൊണ്ടില്ല. രോഗത്തിന് ചികിത്സിക്കാനും പ്രതിരോധിക്കാനും മരുന്ന് ലഭ്യമായിട്ടും അത് പരീക്ഷിക്കാതെ കൊല്ലണമെന്ന തീരുമാനം എടുത്തത് എന്തിനാണെന്നാണ് ഡോക്ടർമാരും

ചോദിക്കുന്നത്. കേരളത്തിൽ മിക്ക ഫാമുകളിലും ഈ രോഗമുണ്ടാകും. അതു പരിശോധന നടത്തി കണ്ടെത്തി ചികിത്സ നടത്തേണ്ടതിനു പകരം കൊല്ലാനാണെങ്കിൽ എന്തിനാണൊരു യൂണിവേഴ്സിറ്റിയും വകുപ്പുമെന്നാണ് കർഷകർ ചോദിക്കുന്നത്. വാക്സിൻ കണ്ടു പിടിച്ച ശാസ്ത്രജ്ഞൻ തന്നെ വകുപ്പ് സെക്രട്ടറിയെ നേരിട്ട് വിളിച്ചെങ്കിലും അവർ ഗൗനിച്ചില്ലെന്നാണ് അറിയുന്നത്. കേരളത്തിൽ വാക്സിൻ സൗജന്യമായി നൽകാനും, പരീക്ഷിക്കാനും വിജയിച്ചാൽ കേരളത്തിൽ തന്നെ വാക്സിൻ ഉൽപാദിപ്പിക്കാനും സഹായിക്കാമെന്ന് അദ്ദേഹം പറഞ്ഞിട്ടും പരിഗണിച്ചില്ല. ഒരു മൃഗത്തെ കൊല്ലുന്നതിനു ഇവിടെ ജന്തു ദ്രോഹ നിവാരണ നിയമമുണ്ട്. (PCA ) അതുപ്രകാരം ദയാവധം ചെയ്യണമെങ്കിൽ ആ മൃഗത്തിന് സഹിക്കാൻ പറ്റാത്ത വേദനയോ ജീവിക്കാൻ പറ്റാത്ത വിധത്തിലുള്ള പരുക്കുകളോ ഉണ്ടായിരിക്കണം. രോഗം ഉണ്ടെന്ന് പറയുന്ന ആടുകൾ നല്ല ആരോഗ്യത്തോടെയാണുള്ളത്. എലിസ ടെസ്റ്റിൽ തെറ്റായ റിസൽട്ട് വരാറുണ്ടെന്ന് ഡോക്ടർമാർ തന്നെ പറയുന്നു. ഓരോ ജീവിക്കും ഈ ഭൂമിയിൽ ജീവിക്കാനുള്ള അവകാശമുണ്ട്. രോഗമുള്ളതിനെ ചികിത്സിച്ചു മാറ്റാനുള്ള സംവിധാനങ്ങൾ ഉള്ളപ്പോൾ കൊല്ലുന്നത് PCA ആക്ടിന് വിരുദ്ധമാണ്.ഈ കാര്യത്തിൽ രാജ്യത്തെ വിദഗ്ദരുമായി ചർച്ച ചെയ്ത് ഈ രോഗത്തിനെ പ്രതിരോധിക്കാനുതകുന്ന പദ്ധതി ആസൂത്രണം ചെയ്യേണ്ടതുണ്ട്.

(സംസ്ഥാന മൃഗ സംരക്ഷണ വകുപ്പ് റിട്ട. അസി.ഡയരക്ടറാണ് ലേഖകൻ ) 

Leave a Reply

Your email address will not be published. Required fields are marked *