ബാബു പോൾ ഇല്ലാത്ത ഒരു വർഷം

ഡോ.ഡി. ബാബുപോളിനെ സുഹൃത്തുംഇൻസ്റ്റിറ്റ്യൂഷൻ ഓഫ്എൻജിനിയേഴ്സ് (ഇന്ത്യ),കേരള സ്റ്റേറ്റ് സെൻറർ  മുൻ സെക്രട്ടറിയുമായ കെ.എസ്.ഉദയകുമാർ അനുസ്മരിക്കുന്നു.
മുൻ അഡീഷണൽ ചീഫ് സെക്രട്ടറിയും എഴുത്തുകാരനും എൻജിനീയറുമായിരുന്ന ഡോ. ഡി. ബാബു പോൾ നമ്മെ വിട്ടു പിരിഞ്ഞിട്ട്  ഒരു വർഷം തികയുന്നു.2019 ഏപ്രിൽ 13നായിരുന്നു അദ്ദേഹത്തിന്റെ വിയോഗം.ബാബു പോൾ എനിക്ക് ആരുമല്ലായിരുന്നു , എന്നാൽ കോളേജ് പഠന കാലത്ത് അദ്ദേഹത്തിന്റെ ചില പ്രസംഗങ്ങൾ കേൾക്കാനും തുടർന്ന് നേരിട്ടു സംസാരിക്കാനും ആനുകാലിക വിഷയങ്ങൾ ചർച്ച ചെയ്യാനും അവസരമുണ്ടായി. സംഭാഷണം ദീർഘമായി നീണ്ടു പോയപ്പോൾ വിവിധ വിഷയങ്ങളിൽ അദ്ദേഹത്തിന്റെ അഗാധമായ പാണ്ഡിത്യം എന്നെ അത്ഭുതപ്പെടുത്തി. തടിച്ച ശരീരവും അതിനൊത്ത തലയെടുപ്പും അലക്ഷ്യമായി പിരിച്ചുവെച്ച മീശയും…. ഒറ്റനോട്ടത്തിൽ ഒരു ഗൗരവക്കാരനാണെന്ന് തോന്നുമെങ്കിലും കൂടുതൽ അടുത്തപ്പോഴാണ് ആ മനസ്സിന്റെ നന്മയും വാത്സല്യവും നർമ്മവും എനിക്ക് ബോധ്യമായത്. അര മണിക്കൂറിൽ തീർക്കാമെന്ന് പറഞ്ഞ് തുടങ്ങുന്ന പല ചർച്ചകളും ദീർഘമായി നീണ്ടു പോയിട്ടുണ്ട്. ആഴത്തിലുള്ള അദ്ദേഹത്തിന്റെ വായനയും എന്തിനെക്കുറിച്ചും സ്വതസിദ്ധമായ വിലയിരുത്തലും നിലവിലെ ഒറ്റപ്പെടലുകളും എല്ലാം ചർച്ചയുടെ ഭാഗമായിരുന്നു.ഉറ്റവരിൽ നിന്നും അപ്രതീക്ഷിതമായി കേൾക്കേണ്ടി വന്ന ചില അഭിപ്രായങ്ങൾ തന്റെ ജീവിതം തന്നെ മാറ്റി മറിച്ചതായി ഒരിക്കൽ ഡോ. ബാബു പോൾ പറഞ്ഞിരുന്നു. കർഷകനിൽ നിന്നും കളക്ടറായി മാറിയ കഥ ഇതിനുദാഹരണമാണ്. ഒരിക്കൽ ഒന്നിച്ചിരുന്നപ്പോൾ ഇക്കാര്യങ്ങൾ അദ്ദേഹം ചർച്ച ചെയ്തിരുന്നു.

ഉദയകുമാര്‍ ബാബുപോളിനൊപ്പം

 “എന്റെ മുത്തച്ഛൻ പെരുമ്പാവൂരിലെ ഒരു മികച്ച കർഷകനായിരുന്നു. അദ്ദേഹത്തിന് എന്റെ അച്ഛൻ ഉൾപ്പെടെ അഞ്ചു മക്കൾ. അതിൽ മൂന്നു പേരും കാർഷിക വൃത്തി തെരഞ്ഞെടുത്തപ്പോൾ എന്റെ അച്ഛനും മറ്റൊരാളും തെരഞ്ഞെടുത്തതാകട്ടെ പഠനത്തിന്റെ വഴിയും. മുത്തച്ഛൻ തന്റെ പുരയിടം പകുത്ത് നൽകിയപ്പോൾ എടുത്ത തീരുമാനം അച്ഛനെ വല്ലാതെ വേദനിപ്പിച്ചു . ‘കൃഷി ഭൂമി കൃഷിക്കാരന് ‘ എന്ന മുത്തച്ഛന്റെ അചഞ്ചലമായ തീരുമാനത്തിൽ അധ്യാപകനും  വൈദികനുമായ അച്ഛന് കിട്ടിയത് കുറച്ചു ഭൂമി മാത്രം. വലുതാകുമ്പോൾ കുറേയധികം കൃഷി ഭൂമി വാങ്ങി അച്ഛന്റെ ആഗ്രഹം സഫലമാക്കണമെന്ന മോഹം കുഞ്ഞ് ബാബു പോളിന്റെ മനസ്സിൽ കടന്നുകൂടിയത് തികച്ചും സ്വാഭാവികം. എന്നാൽ പിൻ കാലത്ത് അച്ഛന്റെ തീരുമാനം മറ്റൊന്നായിരുന്നു എന്നത്  എന്നെ അത്ഭുതപ്പെടുത്തി. നിന്റെ സമ്പാദ്യം കൊണ്ട് നീ മണ്ണുവാങ്ങിയാൽ അത് ഒരു കാലത്ത് നഷ്ടമാകുമെന്നും, എന്നാൽ പുസ്തകങ്ങൾ വാങ്ങി കൂട്ടിയാൽ അത് വായിച്ച് നിന്റെ കുട്ടികൾ രക്ഷപ്പെടുമെന്നും അച്ഛൻ പറഞ്ഞു വെച്ചത് ഇന്ന് എന്നെ നിരാശപ്പെടുത്തുന്നില്ല” -അദ്ദേഹം പറഞ്ഞു.      തുടക്കത്തിൽ കൃഷിയിൽ നിന്നും തികച്ചും അകലം പാലിച്ചിരുന്ന അദ്ദേഹം സർവ്വീസിൽ നിന്നും വിരമിക്കാറായപ്പോൾ തികഞ്ഞ ഒരു കർഷകനായിമാറിയത് ഒരു കമ്മ്യൂണിസ്റ്റ് കാരൻ തന്റെ അവസാന കാലങ്ങളിൽ ഈശ്വരവിശ്വാസിയായി മാറുന്നതുപോലെയാണ് എനിക്ക് തോന്നിയത്.”1958-ൽ എൻജിനീയറിംഗ് പഠനത്തിന് വേണ്ടി തിരുവനന്തപുരത്തേക്ക് കുടിയേറുന്നതുവരെ തളരാത്ത മനസ്സുമായി ഞാനും തികഞ്ഞ ഒരു കർഷകനായി അച്ഛനോടൊപ്പം ഉണ്ടായിരുന്നു. “ഈ ചുറുചുറുക്ക് പഠനത്തിലുമുണ്ടാകണം” – തിരുവനന്തപുരത്തേക്ക് യാത്രയാകുമ്പോൾ അച്ഛൻ പറഞ്ഞ വാക്കുകൾ ഇന്നും ഓർക്കുന്നു.1962 ൽ എൻജിനീയറിങ്ങിൽ ഉന്നത വിജയവും,1964 ൽ ഐ.എ.എസ്സിൽ ഏഴാമനായും വിജയിച്ചപ്പോൾ അച്ഛന്റെ ആഗ്രഹം സാക്ഷാത്കരിച്ചതിന്റെ സംതൃപ്തിയായിരുന്നു എനിക്ക്. അച്ഛന്റെ മരണശേഷം എന്റെ ജീവിതത്തിലേക്ക് കടന്നുവന്ന ഭാര്യയായിരുന്നു പിന്നെയെല്ലാം. ഈ നൂറ്റാണ്ടിൽ ഞാൻ എഴുതിയതെല്ലാം വായിച്ചും,വിമർശിച്ചും ഒരു നിഴൽ പോലെ അവൾ എന്നെ പിൻതുടർന്നു. ആ ‘സഹജിവനത്തിന് ‘ പെട്ടെന്ന് വിഘാതം സംഭവിച്ചപ്പോൾ ഒരു ഞെട്ടലോടെ ഞാൻ തരിച്ചുനിന്നുപോയി.ആദ്യം ദൈവത്തോടുപോലും പരിഭവം പറഞ്ഞ അവൾ വൈകാതെ എനിക്ക് ധൈര്യം തന്നു.തുടർന്നുള്ള ആശുപത്രിജീവിതത്തിനിടയിലും സമാധാനത്തോടെ വീണ്ടും എന്റെ കാര്യങ്ങൾ നോക്കി. അവസാന നാളുകളിൽ അവൾ സന്തോഷത്തോടെ ചിരിച്ചത് എന്നെ വേദനിപ്പിച്ചു.പിന്നെ പതിയെ സമാധാനത്തോടെ മരണത്തിന് കീഴടങ്ങി “- ബാബു പോൾ പറഞ്ഞു.

 ഭാര്യയുടെ അകാല മരണവും തുടർന്നുണ്ടായ ഏകാന്തതയും അദ്ദേഹത്തിന്റെ മനസ്സിനെ വല്ലാതെ തളർത്തിയെങ്കിലും തിരുവനന്തപുരം കവടിയാറിലെ മമ്മീസ് കോളനിയിലെ വീട്ടിൽ വായനയിലും എഴുത്തിലും ചർച്ചയിലും പ്രഭാഷണങ്ങളിലും അദ്ദേഹം സജീവമായി. ഭരണകർത്താക്കളെ വിലയിരുത്തുന്നതിൽ അദ്ദേഹത്തിന്റെ അനിതരസാധാരണമായ കഴിവ് എന്നെ അത്ഭുതപ്പെടുത്തിയിട്ടുണ്ട്. സംഭാഷണങ്ങളിൽ ഇ.എം.എസ് , എം.എൻ ഗോവിന്ദൻ നായർ, ഗൗരി അമ്മ എന്നിവരിൽ തുടങ്ങി  പിണറായി വിജയനിൽ വരെ എത്തി നിൽക്കുന്നു ആ പട്ടിക . ഉപജാപക വൃന്ദങ്ങളെ മാറ്റിനിർത്തിയിരുന്നെങ്കിൽ കേരളം കണ്ട ഏറ്റവും നല്ല മുഖ്യ മന്ത്രി ഉമ്മൻ ചാണ്ടി ആയിരുന്നേനെ എന്നും, എന്നാൽ അദ്ദേഹത്തിന് അതിനു സാധിച്ചിരുന്നില്ല എന്നും ഒരിക്കൽ ഡോ. ബാബു പോൾ പറഞ്ഞു വെച്ചു.     2019 ൽ വരാനിരുന്ന തിരഞ്ഞെടുപ്പിൽ കേന്ദ്രത്തിലെ ഭരണത്തുടർച്ചയെ കുറിച്ച് അദ്ദേഹത്തിന്റെ വിലയിരുത്തൽ ഏറെക്കുറെ ശരിയായിരുന്നു എന്നുള്ളത്, തിരഞ്ഞെടുപ്പ് കഴിഞ്ഞപ്പോൾ ബോധ്യമായി.’യാത്രയ്ക്കിടയില്‍’ എന്ന ജീവചരിത്രമടക്കം പല പുസ്തകങ്ങളും അദ്യേഹം എഴുതിയിട്ടുണ്ട്. 

ചിന്തകളുള്ള നർമ്മം കൊണ്ട് നമ്മെ ചിരിപ്പിക്കുന്ന ബാബുപോളിന്റെ വീട്ടിൽ  ഇരുപത് വർഷം മുമ്പ് ആദ്യമായി പോയത് ഞാൻ ഇന്നും ഓർക്കുന്നു. ഫോൺ ചെയ്ത് പറഞ്ഞാൽ കൃത്യസമയത്ത് തന്നെ വീട്ടിൽ എത്തണമെന്നത് അദ്ദേഹത്തിന് നിർബന്ധമാണ് എന്ന് കേട്ടറിഞ്ഞ ഞാൻ രാവിലെ കൃത്യം പത്തിന് തന്നെ വീടിന്റെ മുന്നിലെത്തി. വലിയ ഇരുമ്പ് ഗെയിറ്റ് തള്ളിത്തുറക്കാൻ ശ്രമിച്ച് , അത് വലിയ ശബ്ദത്തോടെ താനേ തുറന്നപ്പോൾ ഞാൻ ഞെട്ടിപ്പോയി. സ്വിച്ചുള്ള ഓട്ടോമാറ്റിക്ക് ഗെയിറ്റായിരുന്നു അതെന്ന് അകത്ത് കയറിയപ്പോൾ എനിക്ക് മനസിലായി. വാതിൽക്കൽ ബാബു പോൾ സാർ നിൽക്കുന്നുണ്ട്. ബെല്ലിന് താഴെ ഒരു ബോർഡും വെച്ചിട്ടുണ്ട്. അതിൽ ഇങ്ങനെ എഴുതിയിക്കുന്നു. “മണിയടിച്ച് സുഖിപ്പിക്കരുത്, മണിയടിച്ച് ശല്ല്യപ്പെടുത്തരുത്.ഈ വീട്ടിൽ ഞാനും ദൈവവും മാത്രമേയുള്ളു. ആവശ്യക്കാർ ആഗമനോദ്ദേശം ഇവിടെ എഴുതി വെച്ച് പോകുക.”      ഇൻസ്റ്റിറ്റ്യൂഷൻ ഓഫ് എൻജിനിഴേസ് (ഇന്ത്യ) നടത്തിയ പല പരിപാടികളിലും സെക്രട്ടറി എന്ന നിലയിൽ ഞാൻ ക്ഷണിക്കുമ്പോൾ അതിലെ ഒരു ഫെല്ലോ മെമ്പർ എന്ന അധികാരത്തിൽ ആയിരുന്നില്ല അദ്ദേഹം പങ്കെടുത്തിരുന്നത് , എന്നോടുള്ള സ്നേഹവും എനിക്ക് അദ്ദേഹത്തോടുള്ള ബഹുമാനവും ഇതിനു കാരണമായി. ഒരിക്കൽ എന്റെ സുഹൃത്തും ഇപ്പോൾ സയൻസ് ആൻഡ് ടെക്നോളജി എക്സിക്യൂട്ടീവ് വൈസ് പ്രസിഡന്റുമായ ഡോ. സുധീറിന്റെ അനുമോദന ചടങ്ങിൽ മുഖ്യാതിഥിയായി അദ്ദേഹം പങ്കെടുത്തിരുന്നു. എല്ലാവരും ഇംഗ്ലീഷിൽ പ്രസംഗിച്ച ആ ചടങ്ങിൽ “ഇവിടെ ഇരിക്കുന്നവരിൽ ഭൂരിഭാഗവും മലയാളികളും മലയാളം അറിയാവുന്നവരും ആയതിനാൽ ഞാൻ മലയാളത്തിൽ ആയിരിക്കും പ്രസംഗിക്കുക..” എന്ന അദ്ദേഹത്തിന്റെ ആമുഖം ഹർഷാരവത്തോടെയാണ് അന്ന് സദസ്സ് സ്വീകരിച്ചത്.

പലപ്പോഴും ഒരു ഫോൺ വിളിയിലൂടെ മാത്രം എന്റെ ക്ഷണം സ്വീകരിച്ച് എത്രയോ ചെറുതും വലുതുമായ പരിപാടികളിൽ എഴുത്തുകാരനും, ചിന്തകനുമായ ആ വലിയ മനുഷ്യൻ പങ്കെടുത്തിരുന്നു. ഏറ്റവും ഒടുവിൽ ഈ ലോകത്തോട് യാത്ര പറയുന്നതിന് രണ്ട് മാസം മുൻപ്  സുരേഷ് മുതുകുളം എഴുതി ഭാഷാ ഇൻസ്റ്റിറ്റ്യൂട്ട് പ്രസിദ്ധീകരിച്ച ‘കേരളത്തിന്റെ ഗോകുലം’ എന്ന പുസ്തകപ്രകാശന ചടങ്ങിന് ക്ഷണിച്ചപ്പോൾ എനിക്ക് തീരെ സുഖമില്ലെന്നും നടക്കാൻ ബുദ്ധിമുട്ടാണെന്നും അറിയിച്ചു . എങ്കിലും, വരാൻ ശ്രമിക്കാം എന്ന് പറഞ്ഞു നിർത്തിയപ്പോൾ എനിക്കാശ്വാസമായി. പതിവ് പോലെ അന്നും അദ്ദേഹം കൃത്യമായി ചടങ്ങിന് എത്തുകയും, ദീർഘമായി പ്രസംഗിക്കുകയും ,പുറത്തിറങ്ങുന്ന പുസ്തകത്തിന്റെ അടുത്ത ലക്കത്തിൽ വരുത്തേണ്ട മാറ്റങ്ങളെക്കുറിച്ച് ഗ്രന്ഥകർത്താവിന് വേണ്ട നിർദ്ദേശങ്ങൾ നൽകുകയും ചെയ്തു . മടങ്ങുമ്പോൾ, വി.ജെ.റ്റി ഹാളിന്റെ ഉയരം കുറഞ്ഞ പടികൾ ഇറങ്ങാൻ പോലും ബുദ്ധിമുട്ടിയ അദ്ദേഹം എന്റെ തോളിൽ കൈ വെച്ച് വാഹനത്തിലേക്ക് കയറി. കൈ വീശി യാത്ര പറയുമ്പോൾ ഞാൻ ഗുരുതുല്യനായി കണ്ടിരുന്ന ബാബു പോൾ സാറുമായുള്ള  അവസാന കൂടിക്കാഴ്ചയായിരുന്നു അതെന്ന് കരുതിയിരുന്നില്ല.

Leave a Reply

Your email address will not be published. Required fields are marked *