ശ്രീഗുരുവായൂരപ്പൻ ക്ഷേത്രകലാ പുരസ്കാരം പെരിങ്ങോട് ചന്ദ്രന് സമ്മാനിച്ചു
2025 വർഷത്തെ ഗുരുവായൂർ ദേവസ്വം ശ്രീഗുരുവായൂരപ്പൻ ക്ഷേത്രകലാപുരസ്കാരം പഞ്ചവാദ്യം കലാകാരൻ പെരിങ്ങോട് ചന്ദ്രന് സമ്മാനിച്ചു.മേൽപ്പത്തൂർ ഓഡിറ്റോറിയത്തിൽ നടന്ന ചടങ്ങിൽ ഗുരുവായൂർ ദേവസ്വം ചെയർമാൻ ഡോ.വി.കെ.വിജയനാണ് പുരസ്കാരം സമർപ്പിച്ചത്.
55555 രൂപയും ഗുരുവായൂരപ്പൻ്റെ രൂപം മുദ്രണം ചെയ്ത പത്തു ഗ്രാം സ്വർണ പതക്കവും പ്രശസ്തിപത്രവും ഫലകവും അടങ്ങിയതാണ് പുരസ്ക്കാരം. സമ്മേളനം കേരള സംഗീത നാടക ചെയർമാൻ മട്ടന്നൂർ ശങ്കരൻ കുട്ടി ഉദ്ഘാടനം ചെയ്തു. ചടങ്ങിൽ ദേവസ്വം അഡ്മിനിസ്ട്രറ്റർ ഒ.ബി.അരുൺകുമാർ പ്രശസ്തിപത്രം വായിച്ചു. ദേവസ്വം ചെയർമാൻ ഡോ.വി.കെ.വിജയൻ അധ്യക്ഷനായിരുന്നു.
എൻ.കെ.അക്ബർ എം.എൽ.എ ഗുരുവായൂർ നഗരസഭ ചെയർമാൻ എം.കൃഷ്ണദാസ്, ദേവസ്വം ഭരണസമിതി അംഗം കെ.പി.വിശ്വനാഥൻ എന്നിവർ സന്നിഹിതനായി. ദേവസ്വം ഭരണസമിതി അംഗം സി.മനോജ് സ്വാഗതവും പ്രസിദ്ധീകരണ വിഭാഗം അസി.മാനേജർ കെ.ജി.സുരേഷ് കുമാർ നന്ദിയും പറഞ്ഞു. സമ്മേളനത്തിന് ശേഷം പെരിങ്ങോട് ചന്ദ്രനും സംഘവും പഞ്ചവാദ്യം അവതരിപ്പിച്ചു.




















