ഓണാഘോഷത്തിൽ സൂപ്പർഹിറ്റ് ഗാനങ്ങളുമായി എം.ജി. ശ്രീകുമാർ

കോഴിക്കോട് ബീച്ചിൽ സൂപ്പർ ഹിറ്റ് ഗാനങ്ങൾ പാടി ആസ്വാദകരെ കൈയിലെടുത്ത് എം.ജി. ശ്രീകുമാറും സംഘവും. വിനോദ സഞ്ചാര വകുപ്പും ജില്ലാ ഭരണകൂടവും ഡി.ടി.പി.സിയും സംയുക്തമായി സംഘടിപ്പിക്കുന്ന ഓണാഘോഷ പരിപാടി പൊന്നോണം 2023 ന്റെ സമാപനദിനത്തിലാണ് എം.ജി. ശ്രീകുമാറും സംഘവും കാണികൾക്ക് സംഗീത വിരുന്നൊരുക്കിയത്.

സ്വാമി നാഥാ പരിപാലയാ… എന്ന ഗാനത്തോടെ തുടങ്ങിയ സംഗീത നിശ ഹർഷാരവത്തോടെയാണ് ആസ്വാദകർ സ്വീകരിച്ചത്. മലയാളം, തമിഴ്, ഹിന്ദി, മാപ്പിള പാട്ടുകൾ ഉൾപ്പെടെ വൈവിധ്യമാർന്ന ഗാനങ്ങൾ കോർത്തിണക്കിയ സംഗീത പരിപാടി സംഗീതാസ്വാദകർക്ക് ഹരമായി.
എം.ജി. ശ്രീകുമാറിനൊപ്പം സംസ്ഥാന അവാർഡ് ജേതാവും പിന്നണി ഗായികയുമായ മൃദുല വാര്യർ, റഹ്മാൻ, കൊച്ചു ഗായിക മിയ എന്നിവരും ബീച്ചിലെ ഫ്രീഡം സ്ക്വയറിൽ പാട്ടിന്റെ പാലാഴി തീർത്തു.

ചിന്നമ്മാ അടി കുഞ്ഞിപ്പെണ്ണമ്മാ… ഒന്നാം കിളി രണ്ടാം കിളി… മന്ദാര ചെപ്പുണ്ടോ… നമ്മളു കൊയ്യും വയലെല്ലാം നമ്മുടേതാകും പൈങ്കിളിയെ… പാലാപ്പള്ളി തിരുപള്ളി…. തുടങ്ങിയ പാട്ടുകൾ ആസ്വാദകരും ഏറ്റുപാടി. സംഗീത പരിപാടിക്ക് ബീച്ചിൽ നിറഞ്ഞ സദസ്സായിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *